ഇന്ന് കൊട്ടിക്കലാശം; നാളെ നിശബ്ദ പ്രചരണം

kottikkalasham
ആഴ്ചകള്‍ നീണ്ടു നിന്ന പ്രചാരണത്തിന് ചൊവ്വാഴ്ച കൊടിയിറങ്ങും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന ഘട്ടത്തില്‍ നിന്ന് രാഷ്ട്രീയ സ്ഥിതിഗതികള്‍ ഏറെ മാറിമറിഞ്ഞപ്പോള്‍ മുന്നണികളുടെ കണക്കുകൂട്ടലുകളിലും കാര്യമായ മാറ്റംവന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, സോളാര്‍ കേസ്, ആര്‍സ്.പി യുടെ മുന്നണിമാറ്റം, വി. എസ്സിന്റെ മലക്കംമറിച്ചില്‍ തുടങ്ങി പ്രചാരണത്തെ സ്വാധീനിച്ച ഘടകങ്ങള്‍ ഏറെ. 
ഈ സംഭവവികാസങ്ങളുടെ ശരിതെറ്റുകള്‍ ജനംവിലയിരുത്തുന്ന തിരഞ്ഞെടുപ്പാകുമിത്. സോളാര്‍ കേസും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായിരുന്നു പ്രചാരണത്തിന്റെ തുടക്കസമയത്തെ പ്രധാന ആയുധം. എന്നാല്‍ ഇടക്കാല വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയതോടെ പശ്ചിമഘട്ടസംരക്ഷണ നടപടികളിലൂടെ ഉരുണ്ടുകൂടിയ ശനിദശ ഏതാണ്ട് ഒഴിഞ്ഞമട്ടാണ്. പശ്ചിമഘട്ടത്തില്‍ നിയന്ത്രണം വരുന്ന മേഖലകള്‍ ഉള്‍പ്പെടുത്തിയുള്ള ഭൂപടവും തയ്യാറായി.ഭൂമിയിടപാട്‌കേസിലെ സി.ബി.ഐ അന്വേഷണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈക്കോടതി വീണ്ടും പ്രതികൂട്ടിലാക്കിയത് ഭരണമുന്നണിക്ക് തിരിച്ചടിയായി. എന്നാല്‍ അപ്പീലിലൂടെ വിരുദ്ധ പരാമര്‍ശങ്ങള്‍ േസ്റ്റ ചെയ്യിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ആര്‍.എസ്.പിയുടെ മുന്നണിമാറ്റമാണ് ഏറെ വിവാദം സൃഷ്ടിച്ച രാഷ്ട്രീയ സംഭവം. സാധാരണ മാസങ്ങളെടുത്ത് നടക്കുന്ന ഇത്തരം ചേരിമാറ്റങ്ങള്‍ക്ക് ഒരുദിവസമേ വേണ്ടിവന്നൂള്ളൂവെന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതുമാത്രമായിരുന്നില്ല ആര്‍.എസ്.പിയുടെ പ്രശ്‌നം. മുന്നണിയിലെ സമീപനവും അവര്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഏറ്റവും ഒടുവില്‍ പിണറായി വിജയന്റെ പരനാറി പ്രയോഗം വരെ വന്നപ്പോള്‍ ആര്‍.എസ്. പിയുടെ മുന്നണി മാറ്റം സി.പി.എമ്മിന് ഏല്പിച്ച മുറിവ് എത്രവലുതാണെന്ന് വ്യക്തമാകും.

വി.എസ്. അച്യുതാനന്ദന്റെ നിലപാട് മാറ്റവും അത്ഭുതവും കൗതുകവും ഉള്‍ക്കൊള്ളുന്നതായിരുന്നു. കെ.സി. രാമചന്ദ്രന്‍ വ്യക്തിവൈരാഗ്യം കൊണ്ടാണ് ടി.പി. ചന്ദ്രശേഖരനെ കൊന്നതെന്ന പാര്‍ട്ടി ന്യായം ഇതുവരെ പുലര്‍ത്തിയ എല്ലാ നിലപാടും തിരുത്തി വി.എസ്. ആവര്‍ത്തിച്ചത് സി.പി.എമ്മിന് പകര്‍ന്ന ഊര്‍ജം ചെറുതല്ല. എന്നാല്‍ പൊതുസമൂഹത്തില്‍ വി. എസ്. അതിന് വലിയ വില നല്‍കേണ്ടി വന്നു. ചന്ദ്രശേഖരന്റെ ദേഹത്തേറ്റ 52- ാമത്തെ വെട്ടായിരുന്നു വി.എസ്സിന്റെ നിലപാടെന്ന കെ.കെ. രമയുടെ വാക്കുകള്‍ ഈ തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കളുടെ വലിയ പട കേരളത്തിലെത്തി. ഏറ്റവും ശ്രദ്ധേയം എ.കെ. ആന്റണിയുടെ കേരള പര്യടനം തന്നെ. ഇടതുമുന്നണിക്ക് നല്‍കുന്ന വോട്ടുകള്‍ ഫലത്തില്‍ ബി.ജെ.പിക്ക് നല്‍കുന്നതിന് തുല്യമാണെന്ന പോയിന്റാണ് ആന്റണിയുടെ തുറുപ്പ്ചീട്ട്. തിരഞ്ഞെടുപ്പിന് ശേഷം ഇടതിന് കോണ്‍ഗ്രസ്സിനെ അനുകൂലിക്കേണ്ടിവരുമെന്നും ആന്റണി വിശദീകരിക്കുന്നു. കോണ്‍ഗ്രസ് മൂന്നക്കംപോലും കടക്കാതെ വരുമ്പോള്‍ അദ്ദേഹം ഏത് കാലത്തിരുന്നുള്ള കണക്കുകൂട്ടലാണ് നടത്തുന്നതെന്ന് സി. പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇതിന് മറുപടിയായി ചോദിക്കുന്നു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍സിങ്, നരേന്ദ്രമോദി, എല്‍.കെ. അദ്വാനി എന്നിവര്‍ സംസ്ഥാനത്ത് എത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപകര്‍ന്നു.

വലിയ മുന്നേറ്റമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തില്‍ ബി.ജെ.പി. വരുന്നതിനോടുള്ള എതിര്‍പ്പ് കോണ്‍ഗ്രസ്സിനുള്ള വോട്ടായി മാറുമെന്നാണവരുടെ കണക്ക്. സംസ്ഥാന ഭരണത്തിനുള്ള സ്വീകാര്യതയും ഇടതുമുന്നണിക്കുണ്ടായ ശൈഥില്യവും ഇതിന് ബലം നല്‍കുന്നു. മറുവശത്ത് അഴിമതി, ആധാര്‍, ഗ്യാസ് സിലിണ്ടര്‍ പോലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സിനെതിരായ വോട്ടായി മാറുമെന്ന് ഇടതുമുന്നണിയും കണക്കാക്കുന്നു. തിരുവനന്തപുരവും കാസര്‍കോടുമാണ് ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍. ചെറുപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും മികച്ച പ്രചാരണവുമായി മുഖ്യധാരാ പാര്‍ട്ടികളോടൊപ്പം അണിനിരന്നുവെന്ന പ്രത്യേകതയും ഇപ്രാവശ്യത്തെ മത്സരത്തിനുണ്ട്. 


പ്രചാരണം വൈകിട്ട് ആറ് വരെ

തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് പ്രചാരണം ചൊവ്വാഴ്ച വൈകിട്ട് ആറുവരെയാണ്. വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ശബ്ദായമാന പ്രചാരണം പാടില്ലെന്നാണ് ചട്ടം. യോഗം സംഘടിപ്പിക്കുന്നതും പ്രസംഗിക്കുന്നതും അനുവദനീയമല്ല. വോട്ട് പിടിക്കാനായി പോസ്റ്ററുകളും പ്രചാരണ സംവിധാനങ്ങളും എടുത്തുകാട്ടരുത്. ഉച്ചഭാഷിണി ഉപയോഗവും പറ്റില്ല. കലാ പരിപാടികള്‍, സിനിമ, ടി.വി. എന്നിവ വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും പാടില്ല. ടി.വി., എഫ്.എം. റേഡിയോ വഴി പ്രചാരണം പാടില്ലാത്തതിനാല്‍ ചൊവ്വാഴ്ച വൈകിട്ട് ആറ് മുതല്‍ വ്യാഴാഴ്ച വൈകിട്ട് ആറ് വരെയുള്ള പരിപാടികള്‍ പുനഃക്രമീകരിക്കാനും നിര്‍ദേശം നല്‍കി. ചട്ടം ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ.സോഷ്യല്‍ മീഡിയയില്‍ പുതിയ പ്രചാരണം തുടങ്ങുന്നതിനും ഈ വിലക്ക് ബാധകമാകും. സോഷ്യല്‍ മീഡിയക്കായി പ്രത്യേക നിയമമില്ലെങ്കിലും ഇത് സംബന്ധിച്ച് പരാതിയുണ്ടായാല്‍ ഇലക്ട്രോണിക് മാധ്യമങ്ങളുടെ ചട്ടം ബാധകമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close