ഇരുപതാം ദിനം

20

ദുര്‍ഗാ മനോജ്

നുമാന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് രാമന്‍ ഹനുമാനെ ആലിംഗനം ചെയ്ത് തന്റെ സന്തോഷം പങ്കുവച്ചു. പിന്നെ എല്ലാവരും കൂടി അടുത്തതായ് എന്താണ് ചെയ്യുക എന്നുകൂടി അലോചിച്ചു. എങ്ങനെ നൂറുയോജന അകലെയുള്ള രാവണപുരിയില്‍ എത്തിച്ചേരും? അതായിരുന്നു അവരെ അലട്ടിയ ആദ്യപ്രശ്‌നം. ഒപ്പം ലങ്കയില്‍ രാവണന്‍ ഏത് വിധത്തിലുള്ള പ്രതിരോധമാകും നടത്തുക എന്നതിനെക്കുറിച്ച് ഒരു മുന്നറിവ് കിട്ടേണ്ടതും പ്രധാനമാണ്. അങ്ങനെ രാമന്‍ ചിന്തിച്ചിരിക്കെ സുഗ്രീവന്‍ പറഞ്ഞു, ”ചിറകെട്ടിയോ സമുദ്രം വറ്റിച്ചോ നമുക്ക് ലങ്കയിലെത്താം. അതേക്കുറിച്ച് ചിന്തിച്ച് വിഷമിക്കരുത്. ഹനുമാന്‍ ലങ്കയില്‍ ചുറ്റിസഞ്ചരിച്ചതിനാല്‍ അവരുടെ തയ്യാറെടുപ്പുകളെക്കുറിച്ച് നമുക്ക് ഒരു ധാരണ മുന്‍കൂട്ടി രൂപപ്പെടുത്തുവാനുമാകും. അതുകൊണ്ട് ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല. ഹനുമാന്‍ വളരെ വിശദമായിത്തന്നെ ലങ്കയുടെ വലിപ്പത്തെക്കുറിച്ചും അതിലെ കോട്ടകൊത്തളങ്ങളെക്കുറിച്ചും പിന്നെ അവരുടെ യുദ്ധസന്നാഹങ്ങളെക്കുറിച്ചും പറഞ്ഞുകൊടുത്തു. അതോടെ രാമന്‍, ഇനിയെന്തിനമാന്തം എന്നുപറഞ്ഞ്, ഇന്ന് ഉത്രം നാള്‍. നാളെ അത്തമാണ്. നാളെ മുതല്‍ നമുക്ക് യുദ്ധപ്പുറപ്പാട് ആരംഭിക്കാം എന്ന് തീരുമാനിച്ചു.

അങ്ങനെ വാനരരാജന്‍ സുഗ്രീവന്‍ അദ്ദേഹത്തിന്റെ പ്രതാപികളായ സേനാനായകരും ഒത്ത് കടല്‍ക്കരയിലേക്ക് സഞ്ചാരം തുടങ്ങി. ഹനുമാന്‍ രാമനെ വഹിച്ചു ലക്ഷ്മണനെ അംഗദനും. പിന്നെ നീലന്റെ നേതൃത്വത്തില്‍ വാനരരും തെക്ക് ദിക്ക് നോക്കി മധുവൂറുന്ന കനികള്‍ തിങ്ങിയ കാടുകള്‍ കടന്ന് കടല്‍ക്കരയില്‍ എത്തിച്ചേര്‍ന്നു.

ഈ സമയം ലങ്കയില്‍ രാവണന്‍ ചിന്തയിലാണ്ടു. ഒരു കുരങ്ങന്‍ ചില്ലറ നാശമല്ല ഉണ്ടാക്കിയിരിക്കുന്നത്. എത്രയുംവേഗം ഇനി ആ രാജപുത്രന്മാരെ നശിപ്പിച്ചേ മതിയാകൂ. ഏതായാലും അടുത്തപടി എന്ത് എന്ന് മന്ത്രിമാരോട് കൂടി ആലോചിച്ച ശേഷമാകാം. അങ്ങനെ രാവണന്‍ രാജസദസ്സ് വിളിച്ചു. എന്നിട്ട് അവരോട് പറഞ്ഞു ”നോക്കൂ നാം ചില തീരുമാനങ്ങള്‍ ഉടന്‍ എടുക്കേണ്ടതുണ്ട്. ആ കുരങ്ങന്‍ നമുക്ക് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ കണ്ടല്ലോ. എന്താണ് നാം ഇനി ചെയ്യേണ്ടത്? ഏവരും ഐക്യത്തോടെ ചിന്തിച്ച് ഒരു ഉപായം കണ്ടുപിടിക്കുക.”
നീണ്ട ചര്‍ച്ചകള്‍ നടന്നു. പിന്നെ ചില രാക്ഷസര്‍ എഴുന്നേറ്റ് തങ്ങളുടെ അഭിപ്രായം പറഞ്ഞുതുടങ്ങി. ”അങ്ങ് ഇന്ദ്രനെ വെന്നവനാണ്. കൈലാസനാഥന്റെ പ്രീതി പിടിച്ച് വാങ്ങിയവനാണ്. കുബേരനെ തോല്പിച്ച് പുഷ്പകം കൈക്കലാക്കിയവനാണ്. നമ്മുടെ സേനയും ഒട്ടും മോശമല്ല. അതുമാത്രമല്ല മഹാവീരനായ ഇന്ദ്രജിത്ത് മര്‍ക്കടന്മാരെ ക്ഷണനേരംകൊണ്ട് കാലപുരിക്കയക്കും. വിജയം നമുക്ക് സുനിശ്ചിതം. അങ്ങ് ധൈര്യമായിരിക്കൂ…. അങ്ങ് രാമനെ കൊല്ലും.”

പിന്നെ രാവണ സദസിലെ പ്രമുഖരായ പ്രഹസ്തനെന്ന സേനാപതിയും, മഹാബലവാനായ വജ്രദംഷ്ടനും, വജ്രബിന്ദുവും ഒക്കെ ഇതേ അഭിപ്രായം തന്നെ പങ്കുവച്ചു.

ഈ സമയം വിഭീഷണന്‍ മുന്നോട്ട് വന്ന് പറഞ്ഞു. ”പ്രഭോ അരുത്. ഇനിയും അങ്ങ് വൈകിയിട്ടില്ല. സീതയെ രാമനു നല്കുക. രാമബാണത്തിനു മുന്നില്‍ പിടിച്ച് നില്ക്കാന്‍ ലങ്കയ്ക്ക് ആകില്ല.” വിഭീഷണന്റെ അഭിപ്രായം കേട്ട രാവണന്‍ സഭ പിരിച്ചുവിട്ട് സ്വഗൃഹത്തിലേക്ക് പ്രവേശിച്ചു.
പിറ്റേന്ന് പുലര്‍ച്ചെ വിഭീഷണന്‍ വീണ്ടും രാവണനെ ചെന്ന് കണ്ടു. തലേദിവസം ഉപദേശിച്ച കാര്യങ്ങള്‍ തന്നെ വീണ്ടും പറഞ്ഞു. ഇത്തവണ ഹിതം ഉപദേശിച്ച വിഭീഷണനെ ഉടന്‍തന്നെ അവിടെനിന്ന് രാവണന്‍ പറഞ്ഞയച്ചു.

വീണ്ടും സഭ ചേര്‍ന്നു. വിഭീഷണനൊഴികെ ഏവരും രാവണപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് അന്തിമവിജയം രാവണനു തന്നെയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞു രാവണനെ പുകഴ്ത്തി. ഈ സമയം രാവണസഹോദരന്‍ കുംഭകര്‍ണ്ണനും ആറുമാസത്തെ ഉറക്കംവിട്ടുണര്‍ന്ന് സഭയില്‍ എത്തിയിട്ടുണ്ടായിരുന്നു. രാവണന്‍ ചെയ്തത് അതിക്രമമായെങ്കിലും ഇനി രാവണന്‍ ജയിക്കുംവരെ തനിക്ക് വിശ്രമമില്ലെന്ന് പറഞ്ഞ് കുംഭകര്‍ണ്ണന്‍ രാവണനോട് കൂറ് പ്രഖ്യാപിച്ചു. ഇത്തവണയും വിഭീഷണന്‍ തന്റെ പക്ഷം വിശദീകരിക്കുവാന്‍ മടിച്ചില്ല. പക്ഷേ, സഭയാലും രാവണനാലും അവഹേളിക്കപ്പെട്ട് വിഭീഷണന് മടങ്ങേണ്ടിവന്നു. പിന്നെ വീഭീഷണന്‍ തന്റെ നാല് വിശ്വസ്തരെക്കൂട്ടി ലങ്കയില്‍ നിന്നുപോയി രാമനു മുന്നില്‍ അഭയം തേടുവാന്‍ ഉറച്ചു. അദ്ദേഹം ആകാശചാരിയായി നാല് അനുചരന്മാരോടുകൂടി ലങ്കയില്‍നിന്ന് പുറപ്പെട്ടു.
”വിഭീഷണന്‍ എന്നൊരു രാക്ഷസന്‍ അങ്ങയെ കാണുവാന്‍ വന്നിരിക്കുന്നു. അവന്‍ ചാരനാണ് നിശ്ചയം. കൊല്ലണം അവനെ” വാനരന്മാര്‍, വിഭീഷണനും നാല് അനുചരന്മാരും മേരുപര്‍വ്വത ശിഖരത്തില്‍ എത്തിയ വിവരം സുഗ്രീവനെ അറിയിച്ചതനുസരിച്ച് സുഗ്രീവന്‍ രാമനോട് പറഞ്ഞു.

ഇതുകേട്ട് മറ്റ് വാനരന്മാരും അതുതന്നെ പറഞ്ഞു ”അവന്‍ നമ്മുടെ ശത്രുവിന്റെ പാളയത്തില്‍ നിന്നും വന്നവനാണ്, അവന്‍ ചാരനാണ് നിശ്ചയം. അവന് അഭയം നല്കിയാല്‍ സമയം ഒത്തുവരുമ്പോള്‍ നമ്മെ ആക്രമിച്ച് നശിപ്പിക്കും.” ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ കേട്ടുകഴിഞ്ഞപ്പോള്‍ രാമന്‍ ഹനുമാനോട് ഉപദേശം ആരാഞ്ഞു.

ഹനുമാന്‍ പറഞ്ഞു: ”എനിക്ക് വിഭീഷണന്‍ ഉപദ്രവകാരിയാണ് എന്ന് തോന്നുന്നില്ല. അങ്ങനെ ഒരു ഭാവം അവന്റെ മുഖത്ത് ഇല്ല. നിശ്ചയം.” അതേ അഭിപ്രായം തന്നെ രാമനും തോന്നി. അങ്ങനെ വിഭീഷണന്‍ രാമന്റെ അടുത്ത് എങ്ങനെ ലങ്കയില്‍ ആക്രമണം നടത്തണം എന്നും ഒരു ധാരണയുണ്ടാക്കാനായി. പിന്നെ രാമന്‍ ആ കടല്‍ക്കരയില്‍ വച്ച് വിഭീഷണനെ രാക്ഷസരാജാവായി അഭിഷേകം ചെയ്തു.
ഈ സമയം രാവണന്‍ ശുകന്‍ എന്ന ഒരു ചാരനെ രാമന്റെ അടുത്തേക്ക് അയച്ചു. ശുകന്‍ ഒരു പക്ഷിയുടെ രൂപം ധരിച്ചാണ് അവിടെ എത്തിയത്. അവന്‍ സുഗ്രീവനോട് വിളിച്ചുപറഞ്ഞു: ”വാനരരാജാവേ, ഞാന്‍ രാക്ഷസരാജന്‍ രാവണന്റെ ദൂതനാണ്. രാജാവ് രാവണന്‍ പറയുന്നത് കേള്‍ക്കുക. ”അങ്ങ് എനിക്ക് സോദര സമനാണ്. അങ്ങുമായി എനിക്ക് യാതൊരു തര്‍ക്കവും ഇല്ല. അതിനാല്‍ അങ്ങ് തന്റെ വാനരപ്പടയുമായി കിഷ്‌കിന്ധയിലേക്ക് മടങ്ങുക. ആ രാജപുത്രന്മാരെ എനിക്ക് വിട്ടേക്കുക. രാമന്റെ ഭാര്യയെയാണ് ഞാന്‍ അപഹരിച്ചത്. അതില്‍ അങ്ങേക്ക് എന്താണ്? ഈ ലങ്കയിലെത്താന്‍ ദേവന്മാര്‍ക്ക്‌പോലും സാധ്യമല്ല. പിന്നെയാണോ വാനരര്‍. അതിനാല്‍ സ്വജനത്തിന് പീഡനമേല്‍ക്കാതെ മടങ്ങുക വാനരരാജാവേ.”

ശുകന്‍ പറഞ്ഞു തീര്‍ന്നതും വാനരന്മാര്‍ അവനെ ചാടിപ്പിടിച്ച് അവന്റെ തൂവലുകള്‍ പറിച്ച് എറിഞ്ഞ് ഇടിക്കുവാനും കുത്തുവാനും തുടങ്ങി. ശുകന്‍ വലിയവായില്‍ നിലവിളിച്ച് തന്നെ രക്ഷിക്കണമെന്ന് രാമനോട് അപേക്ഷിച്ചു. പിന്നെ ദൂതനായതിനാല്‍ മാത്രം രാമാജ്ഞയനുസരിച്ച് അവന്‍ വിട്ടയക്കപ്പെട്ടു.

രാമനു മുന്നില്‍ ഇനിയുളളത് സമുദ്രം തരണം ചെയ്യുക എന്നതാണ്. അതിനാല്‍ രാമന്‍ ദര്‍ഭ വിരിച്ച് കിഴക്കോട്ട് തലവച്ച് സമുദ്രതീരത്ത് കിടന്നു. സമുദ്രത്തെ പ്രത്യക്ഷനാക്കുവാനായി രാമന്റെ ശ്രമം മൂന്ന് നാള്‍ നീണ്ടു. മൂന്ന് നാള്‍ കഴിഞ്ഞും സമുദ്രം ദര്‍ശനം തരാതെ ആയപ്പോള്‍ രാമന്‍ കോപം പൂണ്ട് വില്ലെടുത്ത് ഘോരങ്ങളായ ബാണങ്ങള്‍ അയച്ചുകൊണ്ട് പറഞ്ഞു: ”കടലിന്റെ ധിക്കാരം കാണുന്നില്ലേ ലക്ഷ്മണാ. മതി ഇന്നത്തോടെ എന്റെ ബാണങ്ങളേറ്റ് കടല്‍ജീവികള്‍ സര്‍വ്വവും നശിച്ച് കടലുകള്‍ വറ്റിയിരിക്കും. പിന്നെ അതുവഴി ലങ്കയില്‍ പ്രവേശിക്കും….”
രാമന്റെ കോപം കണ്ട് ലക്ഷ്മണന്‍ വേഗം അദ്ദേഹത്തെ തടഞ്ഞുകൊണ്ട് അരുതരുത് എന്നുപറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. മാനത്ത് മറഞ്ഞുനിന്നുകൊണ്ട് ബ്രഹ്മര്‍ഷിമാരും അതുതന്നെ രാമനോട് ആവശ്യപ്പെട്ടു.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close