ഇരുപത്തിനാലാം ദിനം

24

ദുര്‍ഗാ മനോജ്

ത്യന്തം ആഹ്ലാദകരമായ ആ വാര്‍ത്ത അറിഞ്ഞ് രാമന്‍ അതീവ സന്തുഷ്ടനായി. ഇന്ദ്രജിത്തിനെ വധിച്ച് രാമനടുത്ത് എത്തിയ ലക്ഷ്മണനെ കെട്ടിപ്പിടിച്ച് അദ്ദേഹം തന്റെ ആഹ്ലാദം പങ്കുവച്ചു. എന്നിട്ട് പറഞ്ഞു, ”നോക്കൂ ലക്ഷ്മണാ, അതീവ ദുഷ്‌കരമായ കാര്യമാണ് ഇപ്പോള്‍ നീ ചെയ്തിരിക്കുന്നത്. ഇനി രാവണനെ ജയിക്കുക എന്നത് അനായാസം നമുക്ക് സാധിക്കും. രാവണി നഷ്ടപ്പെട്ട രാവണന്‍ ദുര്‍ബലനാണ്.”

അതിനുശേഷം, ഇന്ദ്രജിത്തുമായുള്ള യുദ്ധത്തില്‍ ഉണ്ടായ മുറിവുകള്‍ ഭേദമാക്കുവാന്‍ സുഷേണന്‍ ലക്ഷ്മണന് നസ്യമായി ഒരു ഔഷധം നല്‍കി. അതിന്റെ പ്രഭാവത്തില്‍ നിമിഷനേരം കൊണ്ട് മുറിവുകള്‍ കരിഞ്ഞ് ലക്ഷ്മണന്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു.

ഇന്ദ്രനെ കീഴടക്കിയ മുപ്പാരിലും എതിരാളികളില്ലാതെ ശോഭിച്ച രാവണപുത്രന്‍, ലക്ഷ്മണനാല്‍ വധിക്കപ്പെട്ടിരിക്കുന്നു. ലങ്കയിലാകെ ആ ദുഃഖവാര്‍ത്ത അലയടിച്ചു. രാവണന്‍, കേട്ടത് സത്യമോ മിഥ്യയോ എന്നറിയാതെ തെല്ലിട അന്ധാളിച്ചു. ഒടുവില്‍ ആര്‍ത്തനായ് ദീനദീനം കേണു. രാവണിയുടെ അന്ത്യം രാവണനു താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. പിന്നെ ശോകം, താപമായി മാറി സ്വതേ ചുവന്ന അവന്റെ കണ്ണുകള്‍ തീക്കട്ടപോലെ തിളങ്ങി. ”മായാ സീതയെ അല്ലേ രാവണി വധിച്ചത്? എന്നാല്‍ കണ്ടോളൂ ഇപ്പോള്‍ത്തന്നെ യഥാര്‍ത്ഥ സീതയെ രാവണന്‍ വധിക്കുന്നത് എന്നുപറഞ്ഞുകൊണ്ട് രാവണന്‍ വാളും എടുത്ത് ആര്‍ക്കും തടയുവാനാകാത്ത അത്രയും ക്രോധത്തോടെ അശോകവനിക ലക്ഷ്യമാക്കി നീങ്ങി. ഊരിപ്പിടിച്ച വാളുമായ് വരുന്ന രാവണനെക്കണ്ട് സീത ഭയംകൊണ്ട് വിറച്ച് മണ്ണില്‍ വീണു. അവള്‍ ഉറപ്പിച്ചു ഒന്നുകില്‍ രാമലക്ഷ്മണന്‍മാരെ അവന്‍ യുദ്ധത്തില്‍ വധിച്ചിരിക്കുന്നു. അതുമല്ലെങ്കില്‍ പുത്രശോകം തീര്‍ക്കുവാന്‍ തന്നെ വധിക്കുവാന്‍ അവന്‍ വരുന്നു. ആരും സഹായത്തിനില്ലാതെ വിലപിക്കുന്ന സീതയെക്കണ്ട് രാവണന്‍ അമാത്യന്‍, സുപാര്‍ശ്വന്‍, വേഗം രാവണനെ തടഞ്ഞുകൊണ്ട് പറഞ്ഞു. ”അല്ലയോ മഹാപ്രഭോ അങ്ങ് ധര്‍മ്മം വെടിഞ്ഞ് സ്ത്രീ ഘാതകനാകരുത്. ഈ കോപം അങ്ങ് രാമനുനേരെ പ്രയോഗിക്കൂ. അങ്ങനെ ആ ശത്രു ഇല്ലാതായിക്കഴിഞ്ഞാല്‍ പിന്നെ ദുഃഖത്തിനു കാരണമില്ലാതാകുമല്ലോ” അങ്ങനെ സുപാര്‍ശ്വന്റെ വാക്കുകള്‍ കേട്ട് രാവണന്‍ തിരികെ കൊട്ടാരത്തിലേക്കു മടങ്ങി.

വേഗം തന്നെ സഭ വിളിച്ചുകൂട്ടപ്പെട്ടു. ദുഃഖം കൊണ്ട് തളര്‍ന്ന രാവണന്‍ സര്‍വ്വസന്നാഹങ്ങളും പുറത്തെടുത്ത് വാനരസേനയെ കൊന്നൊടുക്കുവാന്‍ രാക്ഷസപ്പടയോട് ആവശ്യപ്പെട്ടു. ചീറിയടുത്ത രാക്ഷസപ്പടക്ക് പക്ഷേ രാമന്റെ അസ്ത്രമഴയ്ക്ക് മുന്നില്‍ ഒട്ടുംതന്നെ പിടിച്ചുനില്‍ക്കുവാനായില്ല. അസ്ത്രങ്ങള്‍ ഏല്‍ക്കുന്നത് എവിടെനിന്ന് എന്നുപോലും മനസ്സിലാക്കുവാന്‍ സാധിക്കാത്ത രാക്ഷസപ്പട കുഴഞ്ഞു. രാക്ഷസന്മാരെ മുച്ചൂടും കൊന്നൊടുക്കി മുന്നേറുന്ന രാമന് കണ്ട് രാക്ഷസര്‍ ഭയന്ന് ഓടി രക്ഷപ്പെടുവാന്‍ തുടങ്ങി. ഒപ്പം ലങ്കയിലാകെ ഭര്‍ത്താവ് നഷ്ടപ്പെട്ട, മകന്‍ നഷ്ടപ്പെട്ട സഹോദരന്‍ നഷ്ടപ്പെട്ട രാക്ഷസനാരിമാരുടെ വിലാപം മുഴങ്ങിക്കേട്ടു. ചിലര്‍ രാക്ഷസിയും വിരൂപയുമായ ശൂര്‍പ്പണഖയെ, ശകാരിച്ചു തങ്ങളുടെ രോഷം അടക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റുചിലര്‍ സീതയെ തട്ടിയെടുത്ത്, തങ്ങളുടെ സ്വന്തക്കാരെ മരണത്തിലേക്ക് തള്ളിയിട്ട രാവണന് എതിരെ തന്നെ തങ്ങളുടെ സങ്കടം പ്രകടമാക്കി. രാക്ഷസ നാരിമാരുടെ ഈ വിലാപം കൂടി കേട്ട് രാവണന്‍ വീണ്ടും ചിന്തയിലാണ്ടു. പിന്നെ കോപംകൊണ്ട് സ്വയം യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടു. വിരൂപാക്ഷനും മഹോദരനും മഹാപാര്‍ശ്വനും രാവണനൊപ്പം യുദ്ധഭൂമിയില്‍ എത്തി. പിന്നെ സുഗ്രീവനും അംഗദനും ചേര്‍ന്ന് ആ മൂന്ന് വിക്രമികളായ രാക്ഷസന്‍മാരേയും കാലപുരിക്കയച്ചു. പ്രമുഖ രാക്ഷസര്‍ എല്ലാവരും നഷ്ടപ്പെട്ട രാവണന്‍ പിന്നെ പൂര്‍ണ്ണപ്രഭാവത്തോടെ യുദ്ധഭൂമിയിലേക്ക് പ്രവേശിച്ചു. പിന്നെ രാമനുമായും ലക്ഷ്മണനുമായും അതിഘോരമായ യുദ്ധം തുടങ്ങി. എത്ര ബാണങ്ങള്‍ ഏറ്റിട്ടും രാവണന്റെ പടച്ചട്ട ഭേദിക്കുവാന്‍ കഴിഞ്ഞില്ല. ഈ സമയം ലക്ഷ്മണന്‍ അയച്ച അമ്പുകളേറ്റ് രാവണന്റെ സാരഥിയുടെ തലയറ്റു. കൊടിമരം മുറിഞ്ഞ് താഴെ വീണു. അതോടെ ക്രോധം വര്‍ദ്ധിച്ച രാവണന്‍ വേഗം രാമലക്ഷ്മണന്മാര്‍ക്ക് ഒപ്പമുണ്ടായിരുന്ന വിഭീഷണനുനേരെ ഉഗ്രമായൊരു വേല്‍ എറിഞ്ഞു. പക്ഷേ, അതും ലക്ഷ്മണബാണമേറ്റ് മുറിഞ്ഞുപോയി. അതോടെ രാവണന്‍ ക്രുദ്ധനായി ലക്ഷ്മണനുനേരെ ശക്തി എന്ന വേല്‍ എറിഞ്ഞു പാഞ്ഞുവരുന്ന ശക്തിയോട് ”ലക്ഷ്മണന് സ്വസ്തി ഭവിക്കട്ടെ. നിന്റെ ഉദ്യം വിഫലമാകട്ടെ” എന്ന് രാമന്‍ അരുളി.

രാവണന്‍ അയച്ച വേല്‍ ലക്ഷ്മണന്റെ നെഞ്ചില്‍ തറച്ച് മണ്ണില്‍ പൂണ്ടു. വേഗം തന്നെ രാമന്‍ ആ വേല്‍ ഊരിയെടുത്തു. പിന്നെ വാനരന്‍മാരോട് ലക്ഷ്മണന് ചുറ്റും നില്‍ക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് അടര്‍ക്കളത്തിലേക്ക് മടങ്ങി. രാമന്റെ ബാണങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്ക്കാനാകാത്ത രാവണന്‍ പിന്‍മാറി. ലക്ഷ്മണന്‍ വീണു കിടക്കുന്നിടത്തേക്ക് രാമന്‍ എത്തി. പിന്നെ സഹോദരനെത്തന്നെ നോക്കിക്കൊണ്ട് ദീനനായി വിലപിക്കാന്‍ തുടങ്ങി. ഈ സമയം സുഷേണന്‍ വേഗം ഹനുമാനോട് മഹോദയപര്‍വ്വതത്തില്‍ നിന്ന് ചില മരുന്നുകള്‍ പറിച്ചുകൊണ്ട് വരുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മരുന്ന് ചെടി ഏക് എന്നറിയാതെ കുഴങ്ങിയ ഹനുമാന്‍ വേഗം ആ പര്‍വ്വതത്തിന്റെ കൊടുമുടിയുമായി സുഷേണന് അടുത്തെത്തി. സുഷേണന്‍ അതില്‍നിന്നും ആവശ്യമായ മരുന്ന് നല്കി. അതിന്‍പ്രകാരം ലക്ഷ്മണന്‍ തിരികെ ആരോഗ്യവാനായി മാറുകയും ചെയ്തു.

വീണ്ടും പോര്‍ക്കളത്തിലെത്തിയ രാവണനെ രാമന്‍ നേരിടാന്‍ ആരംഭിച്ചു. രാവണന്‍ തേരിലും രാമന്‍ നിലത്തുനിന്നും നടത്തിയ ആക്രമണം കണ്ട് ഇത് നീതിയല്ല എന്നുചൊല്ലി ഇന്ദ്രന്‍ വേഗം മാതലിയോട് തന്റെ രഥവുമായി രാമന് അടുത്തേക്ക് ചെല്ലുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഇന്ദ്രനാല്‍ സമ്മാനിക്കപ്പെട്ട അമൂല്യമായ തേരില്‍, മാതലി എന്ന സാരഥിക്കൊപ്പം വീണ്ടും യുദ്ധമാരംഭിച്ചു രാമന്‍.

ഇന്ദ്രനേകിയ രഥത്തിലിരുന്നുകൊണ്ട് വീണ്ടും യുദ്ധം ആരംഭിക്കെ രാവണന് തന്റെ കൊടിമരം വീണ്ടും നഷ്ടമായി. രാവണന്‍ പതറുന്നത് കണ്ട് പിന്‍വാങ്ങാന്‍ അവന്റെ സൂതന്‍ ശ്രമിച്ചപ്പോള്‍ രാവണന്‍ അത് തടഞ്ഞുകൊണ്ട് വീണ്ടും രണഭൂമിയിലെത്തി. പിന്നെ രാവണന്റെ രഥവും സാരഥിയും ഒക്കെ രാമന്റെ അമ്പേറ്റ് ഒടുങ്ങി. ഈ സമയം അഗസ്ത്യമുനി രാമനു മുന്നില്‍ പ്രത്യക്ഷനായി. ”ആദിത്യഹൃദയമന്ത്രം” രാമന് ഉപദേശിച്ചു. അത് മൂവട്ടം ജപിച്ചശേഷം രാവണ നിഗ്രഹം നടത്താന്‍ മുനി ആവശ്യപ്പെട്ടു. രാമന്‍ അപ്രകാരം ചെയ്തു. യുദ്ധം ഘോരമായി മുന്നേറി. ഒരു തരത്തിലും ആര് ആരെവെല്ലും എന്ന് തീര്‍ച്ചയാക്കാനാകാത്ത യുദ്ധത്തിനിടയില്‍ രാമബാണമേറ്റ് രാവണന്റെ ഒരു തല വീണു. അപ്പോള്‍ അവിടെ മറ്റൊന്ന് മുളച്ചു. അങ്ങനെ നൂറ് തലയെങ്കിലും രാമന്‍ എയ്തിട്ടു. ഇതുകണ്ട് മാതലി രാമനോട് പറഞ്ഞു ”ഇനിയും സമയം കളയാതെ രാവണനെ വേഗം ”പൈതാസ്ത്രം” കൊണ്ട് ഹനിക്കൂ. ഇന്ദ്രനുവേണ്ടി ബ്രഹ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ട ആ അസ്ത്രം അഗസ്ത്യമുനി രാമനു നല്കിയതാണ്. രാമന്‍ മന്ത്രംചൊല്ലി പൈതാസ്ത്രം രാവണനു നേരെ പ്രയോഗിച്ചു. അമ്പേറ്റ് രാവണന്‍ മരിച്ചുവീണു. അതുകണ്ട് ദേവകള്‍ രാമനുമേല്‍ പൂമഴ പെയ്യിച്ചു.

നിലത്ത് വീണുകിടക്കുന്ന രാവണനെ കണ്ട് സഹോദരന്‍ വിഭീഷണനും വിലപിച്ചു. വിഭീഷണവിലാപം കണ്ട് രാമന്‍ വേഗം തന്നെ ഉചിതമായ രീതിയില്‍ രാവണന്റെ സംസ്‌ക്കാരം നടത്തുവാന്‍ ആജ്ഞാപിച്ചു.
രാവണന്‍ കൊല്ലപ്പെട്ടതറിഞ്ഞ് രാക്ഷസ സ്ത്രീകള്‍ വലിയവായില്‍ അലമുറയിട്ടു. ഈ സമയം മണ്ഡോദരിയും ഭര്‍ത്താവിനെക്കുറിച്ചോര്‍ത്ത് കരഞ്ഞു. അന്യന്റെ ഭാര്യയെ അപഹരിക്കുക വഴി സ്വന്തം വിനാശത്തിന് ഹേതുവായല്ലോ എന്ന് മണ്ഡോദരി മരിച്ചുകിടക്കുന്ന രാവണനെ നോക്കിപ്പറഞ്ഞു കരഞ്ഞു. പിന്നെ രാവണന്റെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളായി. രാമച്ചം, പതിമുകം, രക്തചന്ദനം എന്നിവ വച്ച് മാന്തോല്‍ വിരിച്ച് ചന്ദനത്തടികള്‍ അടുക്കി ചിതവച്ച് വേണ്ട കര്‍മ്മങ്ങള്‍ ചെയ്ത് രാവണദേഹത്തില്‍ വിഭീഷണന്‍ തീകൊളുത്തി.
വൈരിയെ കൊന്ന രാമന്‍ ലക്ഷ്മണനോടൊപ്പം മോദത്തില്‍ സൗമ്യഭാവനായിത്തീര്‍ന്നു.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close