ഇരുപത്തിമൂന്നാം ദിനം

23

ദുര്‍ഗാ മനോജ്

”രാവണപക്ഷത്തെ പ്രമുഖരൊക്കെ വാനര പ്രമുഖരാല്‍ വധിക്കപ്പെടുകയാണ്. ഒരിക്കലും പരാജയം സംഭവിക്കാന്‍ സാധ്യതയില്ലാത്തവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അതിലും സങ്കടകരം നാഗാസ്ത്രബന്ധനത്തില്‍ നിന്നുപോലും രാമലക്ഷ്മണന്മാര്‍ രക്ഷപെട്ടിരിക്കുന്നു എന്നതിലാണ്.” ഈ ചിന്തകള്‍ രാവണനെ ആശങ്കയിലാഴ്ത്തി. രാവണന്‍ അശോകവനികയിലെ സീതയ്ക്കു ചുറ്റും കാവല്‍ക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. കോട്ടകള്‍ കാക്കുവാനും ധാരാളം പേരെ ഏര്‍പ്പെടുത്തി. തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും രാവണന്റെ മുഖം തെളിഞ്ഞില്ല. പക്ഷേ, ഇതൊക്കെ കണ്ട് നില്‍ക്കുകയായിരുന്ന ഇന്ദ്രജിത്ത് വേഗം മുന്നോട്ടുവന്ന് അച്ഛന്‍ രാവണന് ധൈര്യം പകര്‍ന്നു. ഇന്ദ്രനെപ്പോലും കീഴടക്കിയ അവന്‍ അച്ഛന്റെ ആശീര്‍വാദത്തിനായി കാത്തിരുന്നു. സൂര്യനെപ്പോലെ ശോഭിച്ചുകൊണ്ട് ഇന്ദ്രജിത്ത് രണഭൂമിയിലെത്തി. പിന്നെ അവിടെ ഒരുക്കിയ അഗ്നികുണ്ഠത്തില്‍ തന്റെ വിജയത്തിനാവശ്യമായ പൂജകള്‍ക്ക് തയ്യാറെടുത്തു. ഒരു കറുത്ത ആടിനെ ബലികൊടുത്ത് അവന്‍ നടത്തിയ പൂജ ശുഭകരമായി അവസാനിച്ചു. അഗ്നി സ്വയം വലം ചുറ്റി വന്ന് ഹവിസ് സ്വീകരിച്ചു. പിന്നെ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രത്തെ ആവാഹിച്ചു. തന്റെ വില്ലും തേരും എല്ലാം മന്ത്രം കൊണ്ട് ആവാഹിച്ചു. വിചിത്രങ്ങളും തീഷ്ണങ്ങളുമാ അനേകം ശരങ്ങള്‍ കൊണ്ട് അവന്‍ വാനരസേനയ്ക്ക് മേല്‍ തീമഴപോലെ പെയ്തിറങ്ങി.

അദൃശ്യനായിക്കഴിഞ്ഞ ഇന്ദ്രജിത്ത് തൊടുത്ത് വിടുന്ന ശരങ്ങള്‍ ഏറ്റ് വാനരര്‍ കുഴങ്ങി. എങ്ങുനിന്ന് എന്നറിയാതെ പെയ്യുന്ന ശരമഴയില്‍ ചോരയില്‍ കുളിച്ച് വാനരര്‍ അവിടവിടെ വീണുതുടങ്ങി. ഹനുമാന്‍, സുഗ്രീവന്‍, അംഗദന്‍, ഗന്ധമാദനന്‍, ജാംബവാന്‍ തുടങ്ങിയവരെ ഒക്കെ ഇന്ദ്രജിത്ത് തന്റെ ശരങ്ങള്‍ കൊണ്ട് മുറിപ്പെടുത്തി. ഒടുവില്‍ രാമന്റെമേലും അവന്റെ പ്രഭാവം ചെന്നെത്തി. അവന്‍ ബ്രഹ്മാസ്ത്രം ഉപയോഗിക്കുന്നതുകണ്ട് രാമന്‍ ലക്ഷ്മണനോട് പറഞ്ഞു.

”ലക്ഷ്മണാ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം ഉപയോഗിക്കുകയാണിപ്പോള്‍. അദൃശ്യനും ബ്രഹ്മാവില്‍ നിന്ന് വരും നേടിയവനുമായ അവനെ എങ്ങനെ നേരിടും? പക്ഷേ, ഭഗവാന്റെ കടാക്ഷംതന്നെയായ ബ്രഹ്മാസ്ത്രം അവന്‍ ഉപയോഗിക്കുമ്പോള്‍, നാം അത് അനുസരിക്കുക. എല്ലാവരും പരാജയപ്പെട്ടു, ഒപ്പം നാമിരുവരും പോര്‍വിളി നിര്‍ത്തി ബോധംകെട്ടുപോയി എന്നുകണ്ടാല്‍ അവന്‍ തല്ക്കാലം പോര്‍നിര്‍ത്തി മടങ്ങും.
അങ്ങനെ വാനരസേനയും രാമലക്ഷ്മണന്മാരും തളര്‍ന്നു പിന്‍മാറുകയാണ് എന്നുകണ്ട് വിജയനോന്മാദത്തില്‍ ഇന്ദ്രജിത്ത് രാവണന്റെ അടുത്തേക്ക് മടങ്ങി.

വാനരസേന ഛിന്നഭിന്നമായിക്കഴിഞ്ഞു. അവിടവിടെ മുറിവേറ്റ് രക്തമൊഴുകിക്കിടക്കുന്ന കപികളുടെ ഞരക്കം മാത്രം. അതിനിടയിലൂടെ വൃദ്ധനായ, അനേകം അമ്പുകളേറ്റ, ബ്രഹ്മപുത്രനായ ജാംമ്പവാനെ തേടി ഹനുമാനും വിഭീഷണനും പുറപ്പെട്ടു. ശരംകൊണ്ട് മൂടപ്പെട്ട് കിടക്കുന്ന ജാംബവാനെ വിഭീഷണന്‍ അഭിവാദ്യം ചെയ്തു. അതുകേട്ട് ജാംബവാന്‍ പറഞ്ഞു. ”ശരമേറ്റ എനിക്ക് കണ്ണുതുറന്നു കാണുവാന്‍ ആകുന്നില്ല, എന്നിരിക്കലും ഒന്ന് ചോദിക്കട്ടെ വിഭീഷണാ, മാരുത പുത്രനായ മാരുതി ഇപ്പോഴും ജീവനോടെയുണ്ടോ?”
ഇതുകേട്ട് വിഭീഷണന്‍ ഉവ്വെന്ന് മറുപടി പറഞ്ഞുകൊണ്ട് ചോദിച്ചു. ”അങ്ങെന്തുകൊണ്ട് രാമലക്ഷ്മണന്മാരെക്കുറിച്ചും സുഗ്രീവന്മാരെക്കുറിച്ചോ അന്വേഷിക്കാതെ ഹനുമാനെക്കുറിച്ച് മാത്രം അന്വേഷിക്കുന്നു?”

അതുകേട്ട് ജാംബവാന്‍ പറഞ്ഞു. ”മാരുതി മാരുതന്റെ പുത്രനാണ്. ആ വീരന്‍ ഉയിരോടെ ഇരുന്നാല്‍ പട മുടിഞ്ഞാലും മുടിഞ്ഞിട്ടില്ല. ഹനുമാന്‍ പ്രാണന്‍ വെടിഞ്ഞെങ്കില്‍ നാമൊക്കെ ഒടുങ്ങിയെന്ന് കൂട്ടുക. മാരുതി ജീവനോടെയുണ്ടെങ്കില്‍ നമുക്ക് ജീവിക്കാന്‍ സാധിക്കും.”
ഇതുകേട്ട് ഹനുമാന്‍ വേഗം ജാംബവാന്റെ കൈ പിടിച്ചു. ജാംബവാന്‍ ഹനുമാനോട് വേഗം ദൂരെ ഹിമാലയത്തിലേക്ക് പോകുവാനും അവിടെ കൈലാസത്തിനും ഋഷഭം എന്ന പര്‍വ്വതത്തിനും ഇടയിലായി കാണപ്പെടുന്ന നാല് ഔഷധ സസ്യങ്ങളായ മൃതസഞ്ജീവനി, വിശല്യകരണി, സുവര്‍ണ്ണകരണി, സന്ധാനകരണി എന്നീ മരുന്നുകള്‍ എത്തിക്കുവാനും ആവശ്യപ്പെട്ടു.
ഹനുമാന്‍ ഉടന്‍തന്നെ തന്റെ ഉടല്‍ മലയോളം വലുതാക്കി അവിടെനിന്നും വായുമാര്‍ഗ്ഗം ഹിമാലയത്തിലേക്കു പോയി. ഹനുമാന്റെ ഭാരം താങ്ങാനാകാതെ ലങ്ക വിറച്ചു, കടല്‍ കലങ്ങി.

നിമിഷംകൊണ്ട് മാരുതി ഹിമാലയത്തിലെത്തി. പക്ഷേ, ഹനുമാനെ കണ്ട ദിവ്യ ഔഷധികള്‍ വേഗം സ്വയം അദൃശ്യരായി. ഇതുകണ്ട് കോപം പൂണ്ട ഹനുമാന്‍ ആ കൊടുമുടി തന്നെ ഇളക്കിയെടുത്ത് തിരികെ ലങ്കയിലേക്ക് മടങ്ങി. മഹൗഷധികളുടെ ഗന്ധമേറ്റ് രാമലക്ഷ്മണന്മാരും മുറിവേറ്റവരും കൊല്ലപ്പെട്ടവരുമായ വാനരന്മാരും പരിക്ക് ഭേദമായി പൂര്‍ണ്ണമായ ആരോഗ്യത്തോടെ എഴുന്നേറ്റു. വാനരരുടെ ഉച്ചത്തിലുള്ള ആര്‍പ്പുവിളികള്‍ കേട്ട് ലങ്കാനിവാസികള്‍ കാര്യമറിയാതെ ഭയത്തിലായി.

രാവണപക്ഷത്ത് കൊല്ലപ്പെടുന്ന രാക്ഷസരെ കടലില്‍ തള്ളുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. കുരങ്ങന്മാരുടെ ആക്രണത്തില്‍ രാക്ഷസര്‍ ആരും മരിച്ചിട്ടില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള രാവണന്റെ സൂത്രമായിരുന്നു അത്.
കനത്ത പ്രഹരം ഏറ്റുവാങ്ങിയ രാവണന്‍ ഇത്രയുമായിട്ടും സ്വജനങ്ങള്‍ നഷ്ടപ്പെട്ടിട്ടും തന്റെ തീരുമാനത്തിന് ഒരു മാറ്റവും വരുത്താന്‍ തയ്യാറായില്ല. അവന്‍ ആകെ ക്ഷോഭിച്ചും നിരാശനായും ഇനിയെന്ത് എന്നോര്‍ത്ത് ഇരുന്നു. ഇതിനിടയില്‍ ഹനുമാനോട് സുഗ്രീവന്‍ പറഞ്ഞു മക്കള്‍ മരിച്ചതിനാലും കുംഭകര്‍ണ്ണന്‍ കൊല്ലപ്പെട്ടതിനാലും രാവണന്‍ യുദ്ധം തുടരാന്‍ വൈകും. ഈ സമയം നമുക്ക് വേഗം പന്തവുമേന്തി ലങ്കയിലേക്ക് ഇറങ്ങാം.

ആയിരക്കണക്കിന് വാനരന്മാര്‍ പന്തവും പിടിച്ച് ലങ്കയിലേക്ക് ഇറങ്ങി. പിന്നെ അഗ്നിയുടെ താണ്ഡവങ്ങള്‍, തീയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നവരുടെ ആര്‍ത്തനാദം എങ്ങുനിന്നും ഉയര്‍ന്നു. ഇതിനിടയില്‍ രാക്ഷസരെ തരംപോലെ മര്‍ക്കടര്‍ കൊന്നുകൊണ്ടുമിരുന്നു.
ഇത് കൂടിയായപ്പോള്‍ രാവണന്‍ തന്നെ കുംഭനോടും നികുംഭനോടും യുദ്ധത്തിനിറങ്ങാന്‍ നിര്‍ദ്ദേശിച്ചു. രണ്ടുപേരും ശക്തമായി പോരാടി മാരുതിയുടേയും സുഗ്രീവന്റേയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പിന്നെ ഇറങ്ങിയ മകരാക്ഷനും അതുതന്നെ ഗതി വന്നു.
ഇപ്പോള്‍ രാവണപക്ഷം പ്രമുഖരെല്ലാം കാലപുരിക്ക് അയക്കപ്പെട്ട് ഏതാണ്ട് അവസാനിക്കാറായ അവസ്ഥയിലായിരുന്നു. പരാജയം തലയ്ക്ക് മീതേ എത്തിയപ്പോഴും രാവണന്‍ പല്ലിറുമ്മി ആലോചനയിലാണ്ടു.

ഇതുകണ്ട് അച്ഛനെ സമാധാനിപ്പിച്ച് ആശ്വസിപ്പിച്ച് വീണ്ടും ഇന്ദ്രനെ ജയിച്ചവനുമായ ഇന്ദ്രജിത്ത് പോരിനിറങ്ങി. അദൃശ്യനായി നിന്ന് അവനെയ്ത ശരമഴയില്‍ വീണ്ടും വാനരപ്പട മുങ്ങി. അതോടെ കോപംകൊണ്ട ലക്ഷ്മണന്‍ രാക്ഷസവര്‍ഗ്ഗത്തെ ആരെ മുടിക്കുവാനായി ബ്രഹ്മാസ്ത്രം ഉപയോഗിക്കുവാന്‍ പുറപ്പെട്ടു. ഇതുകണ്ട് രാമന്‍ ലക്ഷ്മണനെ തടഞ്ഞു. ”ഒരുത്തന്റെ തെറ്റിന് എല്ലാവരേയും വധിക്കുന്നത് ശരിയല്ല. അവനെ കൊല്ലാന്‍ വേണ്ട പണി ഞാന്‍ ചെയ്യുന്നുണ്ട്.”

രാമന്റെ മനോഗതം അറിഞ്ഞ ഇന്ദ്രജിത്ത് വേഗം പോരില്‍ നിന്ന് പിന്മാറി പുരത്തില്‍ പ്രവേശിച്ചു. രാമലക്ഷ്മണന്മാര്‍ യുദ്ധസന്നദ്ധരായി നില്‍ക്കുന്നതു കണ്ട് അനായാസം വിജയം നേടാന്‍ അവന്‍ ഒരു തന്ത്രം പ്രയോഗിച്ചു.
”മായാ സീതയെ സൃഷ്ടിക്കുക. എന്നിട്ട് വധിക്കുക! അതിനായി അവന്‍ വേഗം മായാസീതയെ സൃഷ്ടിച്ച് തന്റെ തേരില്‍ പിടിച്ചിട്ടു. പിന്നെ വാനരര്‍ കാണ്‍കെ അവളുടെ മുടിക്ക് ചുറ്റിപ്പിടിച്ച് കൊല്ലുവാന്‍ ഒരുങ്ങി. മായാസീതയുടെ രാമാ രാമാ എന്ന ദീനമായ വിലാപത്തിനിടയില്‍, വാര്‍ത്ത കേട്ട് അവിടേക്ക് എത്തിയ മാരുതിയുടെ കണ്‍മുന്നില്‍ അവന്‍ ആ മായാസീതയെ കൊന്ന് വീഴ്ത്തി. അതോടെ ഭ്രാന്ത് പിടിച്ചവനെപ്പോലെ മാരുതി ആ വാര്‍ത്ത അറിയിക്കുവാനായി രാമനടുത്തേക്ക് മടങ്ങി. വാനരസേനയുടെ ആത്മവീര്യം തകര്‍ന്നു എന്ന് പൂര്‍ണ്ണബോധ്യം വന്ന ഇന്ദ്രജിത്ത് വേഗം നികുംഭിലാചൈത്യത്തിലേക്ക് പോയി. അവിടെ യജ്ഞഭൂമിയില്‍ അവന്‍ അഗ്നി ജ്വലിപ്പിച്ചു. പണ്ട് അവനു കിട്ടിയ വരമനുസരിച്ച് നികുംഭിലയിലെ യജ്ഞം പൂര്‍ത്തിയാക്കിയാല്‍ അവനെ വെല്ലുവാന്‍ ആര്‍ക്കും ആകില്ല. പക്ഷേ, ആ യജ്ഞം പൂര്‍ണ്ണമാക്കാതെ യുദ്ധം ചെയ്യേണ്ടിവന്നാല്‍ അവന്‍ ആരോടാണോ എതിര്‍ക്കുന്നത് അവരാല്‍ കൊല്ലപ്പെടും എന്നതായിരുന്നു ആ നിശ്ചയം.
കൊല്ലപ്പെട്ടത് മായാസീതയെന്നറിയാതെ വാര്‍ത്ത കേട്ട രാമന്‍ ഹൃദയം പൊട്ടി വിലപിച്ചു. ഈ സമയം അവിടെയെത്തിയ വിഭീഷണന്‍ ഇത് ഇന്ദ്രജിത്തിന്റെ തന്ത്രമാണെന്നും അവന്‍ യജ്ഞം പൂര്‍ണ്ണമാക്കിയാല്‍ അവനെ ജയിക്കുവാന്‍ ആര്‍ക്കും സാധ്യമാകില്ല എന്നും, അതിനാല്‍ ഉടനെ അവനെ വധിക്കണമെന്നും ആവശ്യപ്പെട്ടു. അതുകേട്ട് ലക്ഷ്മണന്‍ ഇന്ദ്രജിത്ത് വധത്തിനായി തയ്യാറെടുത്ത് നികുംഭിലയിലേക്ക് ചെന്നു. ലക്ഷ്മണനോടൊത്ത് വിഭീഷണനേയും കണ്ടപ്പോള്‍ ഇന്ദ്രജിത്ത് വിഭീഷണനോട് പറഞ്ഞു. ”നാണമില്ലേ നിനക്ക് സ്വജനത്ത് തള്ളിപ്പറഞ്ഞ് സ്വന്തം ജ്യേഷ്ഠനേയും പുത്രന്മാരേയും ആക്രമിക്കുവാന്‍വേണ്ടി ഒത്താശകള്‍ ചെയ്തുകൊടുത്ത് ശത്രുപക്ഷത്ത് കൂടുവാന്‍.”

ഇതുകേട്ട് വിഭീഷണന്‍ പറഞ്ഞു ”എടാ രാക്ഷസാ എന്റെ ശീലം ക്രൂരതയല്ല. ധര്‍മ്മത്തിലൂന്നിയാണ് ഞാന്‍ ജീവിക്കുന്നത്. ധര്‍മ്മത്തില്‍ നിന്നും തെറ്റിയ ശീലത്തോടെ കൂടിയ പാപനിശ്ചയനായ പുരുഷനെ കൈയ്യില്‍ നിന്നും പാമ്പിനെയെന്നവണ്ണം വെടിഞ്ഞാല്‍ മാത്രമേ സുഖം കൈവരൂ” പരധനത്തേയും പരദാരനേയും അപഹരിക്കുന്നവരനെ തീപിടിച്ച വീട് ഉപേക്ഷിക്കുംപോലെ ഉപേക്ഷിക്കണമെന്ന് നിനക്ക് അറിയില്ലേ? പരസ്വഹരണം, പരദാരാഭിമര്‍ശനം, സുഹൃത്തുക്കളില്‍ അതിശങ്ക, ഇതുമൂന്നും നാശഹേതുക്കളാണ്. എന്റെ ജ്യേഷ്ഠന്‍ തന്റെ ഗുണങ്ങളെ, ദോഷങ്ങള്‍ കൊണ്ടു മറച്ചുകളഞ്ഞു. നീയും അധര്‍മ്മത്തിനുവേണ്ടി നിലകൊള്ളുന്നു. അതിനാല്‍ നിന്റെ കാലം അടുത്തുകഴിഞ്ഞിരിക്കുന്നു.

വിഭീഷണവാക്യം കേട്ട് ക്രുദ്ധനായി പാഞ്ഞടുത്ത ഇന്ദ്രജിത്തുമായി ഘോരമായ യുദ്ധമാണ് ലക്ഷ്മണന്‍ നടത്തിയത്. കനത്ത നാശനഷ്ടം ഇരുപക്ഷത്തും ഉണ്ടായി. ആ യുദ്ധത്തിനൊടുവില്‍ ലക്ഷ്മണന്‍ ശ്രേഷ്ഠമായ ഐന്ദ്രാസ്ത്രം എടുത്ത് വില്ലില്‍ തൊടുത്ത് വലിച്ചുകൊണ്ട് ഈ വാക്യം ഉരചെയ്തു.

”ധര്‍മ്മാത്മാ സത്യസന്ധശ്ച
രാമോ ദാശരഥിര്‍ യദി
പൗരുഷ ച! പ്രതിദ്വന്ദ്വസ്തദൈനം
ജഹി രാവണിം.”

(ദശരഥ പുത്രനായ രാമന്‍ ധര്‍മ്മാത്മാവും സത്യസന്ധനും പൗരുഷത്തില്‍ എതിരില്ലാത്തവനുമാണെങ്കില്‍ അല്ലയോ ശരമേ, ഈ രാവണപുത്രനെ കൊന്നാലും.”)

ഇതും ചൊല്ലി എയ്ത അമ്പേറ്റ് ഇന്ദ്രജിത്തിന്റെ തലയറ്റ് നിലത്ത് വീണു.
രാക്ഷസര്‍ നാലുപാടും ചിതറിയോടി. വാനരര്‍ ലക്ഷ്മണന്‍ വിജയിച്ചിരിക്കുന്നു എന്ന് ആര്‍ത്തുവിളിച്ച് വിജയോന്മത്തരായി.

 

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close