ഇരുപത്തിയഞ്ചാം ദിനം

25

ദുര്‍ഗാ മനോജ്

അത് സത്യമായി ഭവിച്ചിരിക്കുന്നു! രാവണന്‍ കൊല്ലപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ തപസ്സു ചെയ്ത് നേടിയ വരങ്ങള്‍കൊണ്ട് മഹാ പ്രതാപശാലിയായി ഭൂമിയിലോ ദേവലോകത്തോ ദാനവലോകത്തോ പ്രതിയോഗികള്‍ ഇല്ലാതെ വിക്രമത്തോടെ വാണ രാവണന്‍, മനുഷ്യനായ ദശരഥപുത്രന്റെ ബാണമേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു! ദേവകള്‍ ഇങ്ങനെ ആശ്വസിക്കെ, രാമന്‍ തന്റെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കി.
ഇനി, വിഭീഷണന്റെ അഭിഷേകമാണ്. അതിനുള്ള തയ്യാറെടുപ്പുകള്‍ ഏവരും കൂടി ചെയ്തു. സമുദ്രജലം കൊണ്ട് ലക്ഷ്മണന്‍ വിഭീഷണനെ അഭിഷേകം ചെയ്തു. രാമാജ്ഞ അനുസരിച്ച്, രാക്ഷസരുടെ മധ്യത്തില്‍, മന്ത്രവിധിപ്രകാരം വിഭീഷണന്‍ ലങ്കയുടെ രാജാവായി അഭിഷിക്തനായി. ലങ്കാനിവാസികള്‍ വിഭീഷണനു കാഴ്ചവച്ച ഉപഹാരങ്ങള്‍, രാമനു മുന്നില്‍ കാഴ്ചവച്ചു വിഭീഷണന്‍. വിഭീഷണപ്രീതിക്കായ് അവ കൈക്കൊണ്ടു രാമന്‍. പിന്നെ ഹനുമാനോട് പറഞ്ഞു, ”ഇനി മഹാരാജാവ് വിഭീഷണനോട് അനുവാദം വാങ്ങി അശോകവനികയില്‍ ചെന്ന് സീതയോട് കുശലം ചോദിക്കുക. രാമലക്ഷ്മണന്മാര്‍ രാവണനെ നിഗ്രഹിച്ചിരിക്കുന്നു എന്ന് അറിയിക്കുക. പിന്നെ മറുപടിയും കേട്ട് മടങ്ങുക.”
”അപ്രകാരം തന്നെ” എന്നുപറഞ്ഞ് ഹനുമാന്‍ സീതയുടെ അടുത്തെത്തി. ആ സാധ്വി, മരച്ചുവട്ടില്‍ രാക്ഷസികള്‍ക്ക് നടുവില്‍ ദീനയായി മലിനയായി ഇരിക്കുന്നുണ്ടായിരുന്നു. പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഹനുമാന്‍ സീതയോട് രാമന്റെ സന്ദേശം പറഞ്ഞുകേള്‍പ്പിച്ചു. ആ വാക്കുകള്‍ കേട്ട് തെല്ലിട സന്തോഷാതിരേകത്താല്‍ തൊണ്ടയടഞ്ഞ് വാക്കുകള്‍ പുറത്തുവരാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി നിന്നു സീത. പിന്നെ ഹനുമാനോട് പറഞ്ഞു ”ഈ പ്രിയവാര്‍ത്ത അറിയിച്ച നിനക്ക് സന്തോഷകരമായിട്ടെന്തെങ്കിലും നല്‍കുവാന്‍ ആലോചിച്ചിട്ട് ഒന്നും കാണുന്നില്ല. സ്വര്‍ണ്ണമോ, വിവിധ രത്‌നങ്ങളോ, ത്രിലോകാധിപത്യമോ ഒന്നുംതന്നെ അതിന് മതിയാവുകയില്ല.”
സീതയുടെ മുന്നില്‍ കൈകൂപ്പി നിന്ന് ഹനുമാന്‍ പറഞ്ഞു. ”സൗമ്യേ, ഭവതിയുടെ ഇത്തരം മൊഴികള്‍ തന്നെ ധാരാളം! ഒരുതരത്തില്‍ ഞാന്‍ സര്‍വ്വവും നേടിയിരിക്കുന്നു. ശത്രുഘാതകനായ രാമനെ ഞാന്‍ നേരിട്ട് കണ്ടുവല്ലോ, ഇനി തിരികെ ഞാന്‍ ചെന്ന് പറയേണ്ടുന്ന മറുപടി കൂടി പറഞ്ഞാലും.”
അതുകേട്ട് സീത ”രാമനെ കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്ന് മറുപടി നല്‍കി.
ഹനുമാന്‍ പറഞ്ഞ മറുപടി കേള്‍ക്കേ, രാമന്‍ അല്പം കണ്ണീര്‍ വാര്‍ത്തുകൊണ്ടും നെടുവീര്‍പ്പ് ഉയിര്‍ത്തുകൊണ്ടും വിഭീഷണനോട് പറഞ്ഞു ”മുങ്ങിക്കുളിച്ച് അംഗരാഗങ്ങളും ചാര്‍ത്തി ദിവ്യാഭരണങ്ങള്‍ അണിഞ്ഞ സീതയെ ഇവിടെ വേഗം കൊണ്ടുവരിക.”
രാമാജ്ഞ കേട്ട് വിഭീഷണന്‍ വേഗം സ്ത്രീകള്‍ മുഖേന സീതയെ കാര്യം ധരിപ്പിച്ചു. പിന്നെ പട്ടുതുണികള്‍ കൊണ്ട് അലംകൃതമായ പല്ലക്കില്‍ സീതയെ രാമസമക്ഷം എത്തിച്ചു. സീതയെ കാണുവാന്‍ ചുറ്റും വാനരന്മാരും രാക്ഷസരും തിക്കിത്തിരക്കി. ആ തിരക്ക് നിയന്ത്രിക്കാന്‍ വിഭീഷണന്‍ ശ്രമിക്കുമ്പോള്‍ രാമന്‍ കോപത്തോട് പറഞ്ഞു ”എന്തിനാണ് നീ എന്റെ ആള്‍ക്കാരെ ഭയപ്പെടുത്തുന്നത്? അവര്‍ സീതയെ കണ്ടു എന്നുവച്ച് ദോഷമൊന്നുമില്ല. ഇവള്‍ ആപത്തില്‍ പെട്ടവള്‍. വ്യസനകാലത്തോ, യുദ്ധത്തിലോ, സ്വയംവരത്തിലോ സ്ത്രീയെ കാണുന്നതുകൊണ്ട് ദോഷമൊന്നുമില്ല. അവള്‍ എന്റെ അടുത്തേക്ക് നടന്നുവരട്ടെ.
രാമവാക്യം കേട്ട് ലക്ഷ്മണനും, സുഗ്രീവനും ഹനുമാനും ഒക്കെ വേദനതോന്നി. ഭാര്യയെ അവഗണിച്ചുകൊണ്ടുള്ള രാമന്റെ വാക്കുകള്‍ സീതയില്‍ അദ്ദേഹത്തിനുള്ള അപ്രീതി പ്രതിഫലിപ്പിച്ചു.
സീതയാകട്ടെ രാമന്റെ മുഖത്തേക്ക് നോക്കി തന്റെ മനഃക്ലേശമൊക്കെ നീങ്ങി സന്തോഷവതിയായി മാറി. തന്റെ സമീപം എത്തിയ സീതയോട് ഏവരും കേള്‍ക്കെ രാമന്‍ ഇപ്രകാരം പറഞ്ഞു. ”ഭദ്രേ പോരില്‍ ജയിച്ച് നിന്നെ ഞാന്‍ വീണ്ടെടുത്തു. ഇന്നെന്റെ പൗരുഷം കൊണ്ട് ചെയ്യേണ്ടത് ഞാന്‍ ചെയ്തിരിക്കുന്നു. എന്നെ പിരിഞ്ഞ നിന്നെ ചപലനായ രാക്ഷസന്‍ അപഹരിച്ചു. ദൈവം വരുത്തിയ വിന, ഞാന്‍ മാറ്റിയെടുത്തു. ഹനുമാന്റെ കര്‍മ്മങ്ങളും ലങ്കവിട്ട് വന്ന വിഭീഷണന്റെ പ്രയത്‌നവും
സുഗ്രീവന്റെ പരിശ്രമവും ചേര്‍ന്ന് രാവണനിഗ്രഹം സംഭവിച്ചു. സുഹൃത്തുക്കളുടെ വീര്യത്താല്‍ ഞാന്‍ ചെയ്ത കര്‍മ്മം നിനക്കുവേണ്ടി ചെയ്തതല്ല എന്ന് നീ മനസ്സിലാക്കുക. രാവണനാല്‍ അപഹരിക്കപ്പെട്ട നിന്റെ ചാരിത്ര്യത്തില്‍ എനിക്ക് സന്ദേഹമുണ്ട്. അതിനാല്‍ ഹേ ജാനകീ, നീയിപ്പോള്‍ യഥേഷ്ടം പൊയ്‌ക്കൊള്ളുക. എനിക്ക് നിന്നെക്കൊണ്ട് കാര്യമൊന്നുമില്ല. പരഗൃഹത്തില്‍ പാര്‍ത്തവളെ ഏത് പുരുഷന്‍ സ്വീകരിക്കും? എനിക്ക് നിന്നില്‍ ആസക്തിയില്ല. നിനക്ക് പോകാം. ഭദ്രേ നിനക്ക് ലക്ഷ്മണനിലോ, ഭരതനിലോ മനസ്സുവയ്ക്കാം. അല്ലെങ്കില്‍ ശത്രുഘ്‌നനിലോ വിഭീഷണനിലോ സുഗ്രീവനിലോ അഭയം ഉറപ്പിക്കാം. സ്വഗൃഹത്തില്‍ പാര്‍ക്കുന്ന മനോഹരിയായ നിന്നെക്കണ്ടിട്ട് രാവണന്‍ നെടുനാള്‍ പൊറുത്തിരിക്കില്ല. ഈ വാക്കുകള്‍ കേട്ട് സീത ഉറക്കെക്കരഞ്ഞ് കണ്ണീര്‍ വാര്‍ത്തു.
എന്റെ ഹൃദയം ഒരിക്കലും രാമനില്‍ നിന്ന് അകന്നിട്ടില്ലെങ്കില്‍ ലോക സാക്ഷിയായ അഗ്നി എന്നെ പാലിക്കട്ട് എന്നുപറഞ്ഞുകൊണ്ട്, സീത അഗ്നിയില്‍ പ്രവേശിച്ചു. അതുകണ്ട് സ്ത്രീകള്‍ വാവിട്ട് നിലവിളിച്ചു. രാക്ഷസരും വാനരരും ഹാ……. ഹാ….. എന്ന് ഉച്ചത്തില്‍ വിളിച്ചു.
എല്ലാവരുടേയും വിലാപം കണ്ട് കണ്ണീര്‍വാര്‍ത്തുകൊണ്ട് രാമന്‍ ചിന്തയിലാണ്ടു. ഈ സമയം കുബേരന്‍, യമന്‍, വരുണന്‍, സാക്ഷാല്‍ മഹാദേവന്‍, ബ്രഹ്മാവ് എന്നിവര്‍ രാമനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പിന്നെ അവര്‍ എന്തിനാണ് അങ്ങ് സീതയെ ഉപേക്ഷിക്കുന്നത് എന്ന് ആരാഞ്ഞു. പിന്നെ അവര്‍ രാമന്‍ ദേവന്‍ നാരായണന്‍ തന്നെയാണ് എന്നും സീത ലക്ഷ്മീദേവി തന്നെയെന്നും രാമനെ അറിയിച്ചു. എല്ലാവരുടേയും വാക്കുകള്‍ കേള്‍ക്കേ അഗ്നി ചിതയില്‍ നിന്നും സീതയെ ഒക്കത്തിരുത്തി ഉയര്‍ന്നുവന്നു രാമനു നല്‍കി. എന്നിട്ട് പറഞ്ഞു, ‘ഹേ രാമാ, ഇതാ നിന്റെ സീത. ഇവളില്‍ ദോഷമേതുമില്ല. ഇവളെ സ്വീകരിച്ചാലും. ഒരുതരത്തിലും അവള്‍ നിന്നെ അതിലംഘിച്ചിട്ടില്ല. ഈ വാക്ക് കേട്ട് രാമന്‍ സന്തോഷത്തോടെ പറഞ്ഞു. ദേവി സീത നെടുനാള്‍ രാവണാന്തഃപ്പുരത്തില്‍ പാര്‍ത്തവളാണ്. ജാനകിയെ പരീക്ഷിക്കാതെ സ്വീകരിച്ചാല്‍ രാമന്‍ കാമാത്മാവ് ആണെന്ന് ലോകം കരുതും. അതിനാല്‍ സീത ലോകസമക്ഷം ശുദ്ധികര്‍മ്മം ചെയ്യേണ്ടതുണ്ട്. സീതയില്‍ കുറ്റമേതുമില്ല എന്ന് എനിക്ക് അറിയുന്നതാണ്. നിങ്ങളുടെ വാക്കുകള്‍ നിഷേധിക്കാതെ നാമിതാ സീതയെ സ്വീകരിച്ചുകൊള്ളുന്നു.’
പിന്നെ മഹാദേവന്‍ രാമനോട് പറഞ്ഞു. ”ഹേ മഹാബാഹോ, അങ്ങ് ഭൂമിയില്‍ അന്തകാരം നീക്കി പ്രകാശം നിറച്ചു. ഇനി അയോധ്യയിലേക്ക് മടങ്ങി നീണ്ടകാലം ജാനകിയോടൊത്ത് വാഴുക. പിന്നെ അശ്വമേധം നടത്തി ഉത്തമകീര്‍ത്തി നേടി സ്വര്‍ഗ്ഗം പ്രാപിക്കുക. മര്‍ത്തലോകത്ത് അങ്ങയെ കാണുവാനെത്തിയ അങ്ങയുടെ പിതാവിനെ ഇപ്പോള്‍ കാണുക.”
പെട്ടെന്ന് ഭൂമണ്ഡലത്തിലേക്ക് ദേവവിമാനത്തില്‍ ദശരഥന്‍ എത്തി. പിന്നെ രാമലക്ഷ്മണന്മാരോട് കുശലം ചൊല്ലി സീതയെ അനുഗ്രഹിച്ച് അദ്ദേഹം ഇന്ദ്രലോകത്തേക്ക് യാത്രയായി.
ഈ സമയം അവിടെ പ്രത്യക്ഷനായ ഇന്ദ്രന്‍ എന്ത് വരമാണ് വേണ്ടത് എന്ന് രാമനോട് ആരാഞ്ഞു. അതുകേട്ട് രാമന്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വാനരന്മാര്‍ക്ക് ജീവന്‍ തിരികെ നല്‍കുവാന്‍ ആവശ്യപ്പെട്ടു. ”അപ്രകാരം സംഭവിക്കട്ടെ” എന്നുപറഞ്ഞ് ഇന്ദ്രന്‍ ആശീര്‍വദിച്ചു.
പിന്നെ ജാനകിയോടും കൂടി വിഭീഷണന്റെ ആതിഥ്യം സ്വീകരിച്ച് വേഗംതന്നെ അയോധ്യയിലേക്ക് മടങ്ങുവാനുള്ള ആഗ്രഹം രാമന്‍ അറിയിച്ചു
ഈ സമയം വിഭീഷണന്‍ ബ്രഹ്മാവ് സൃഷ്ടിച്ചതും പിന്നീട് കുബേരന്റെ മച്ചില്‍ നിന്ന് രാവണന്‍ തട്ടിയെടുത്തതുമായ പുഷ്പകവിമാനം രാമനു മുന്നിലെത്തിച്ചു. അതില്‍ വാനരന്മാരോടും രാക്ഷസരോടും ഒപ്പം സീതാ രാമലക്ഷ്മണന്മാര്‍ വിഭീഷണനോടും ഹനുമാനോടും സുഗ്രീവനോടുമൊപ്പം അയോധ്യയിലേക്ക് മടങ്ങി.
പോകുന്ന വഴിയില്‍ കിഷ്‌കിന്ധയില്‍ നിന്ന് സുഗ്രീവപത്‌നിമാരെക്കൂടി കയറ്റി പുഷ്പകം ഭരദ്വാജ ആശ്രമത്തിലെത്തി. അവിടെനിന്നും മുനിയുടെ ആശീര്‍വാദം വാങ്ങി. അതിനുശേഷം രാമന്‍ ഹനുമാനെ വിളിച്ച് നടന്ന കഥകള്‍ മുഴുവന്‍ ഭരതനെ അറിയിക്കുവാന്‍ പറഞ്ഞ് അയോധ്യയിലേക്ക് അയച്ചു. പോകുന്ന വഴിയില്‍ നിഷാദരാജാവ് ഗുഹനോടും വൃത്താന്തങ്ങള്‍ അറിയിക്കുവാന്‍ രാമന്‍ ഹനുമാനോട് പറഞ്ഞു. ഒപ്പം അവര്‍ മടങ്ങിയെത്തുന്ന വിവരവും ധരിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
ഹനുമാന്‍ വേഗം തന്നെ ഭരതനു സമീപമെത്തി. പതിനാലു കൊല്ലം കാട്ടില്‍ പാര്‍ത്തശേഷം രാമന്‍ തിരികെ അയോധ്യയിലേക്ക് എത്തുന്ന വിവരം അറിയിച്ചു.
ആനന്ദം കൊണ്ട് ഭരതന്റെ കണ്ണുനിറഞ്ഞ് ശബ്ദം പുറത്തുവരാനാകാതെ നിന്നു. പിന്നെ ഹനുമാനു വേണ്ട സ്വീകരണം നല്‍കിയ ശേഷം രാമനെ സ്വീകരിക്കാന്‍ തയ്യാറെടുക്കാന്‍ അയോധ്യാനിവാസികളോട് ആജ്ഞാപിച്ചു.
പുഷ്പക വിമാനത്തില്‍ അയോധ്യയില്‍ വന്നിറങ്ങിയ രാമനെ ഏവരും യഥാവിധി സ്വീകരിച്ചു. ഭരതന്‍ ഓടിവന്ന് രാമനെ ആലിംഗനം ചെയ്തു. രാമന്‍ ഭരതനെ തന്റെ മടിയിലിരുത്തി ആലിംഗനം ചെയ്തു. പിന്നെ ഏവരേയും പരിചയപ്പെടുത്തി.
ദശരഥനാല്‍ ഘോഷിക്കപ്പെട്ടതും കൈകേയിയാല്‍ തടയപ്പെട്ടതുമായ പട്ടാഭിഷേകത്തിനുള്ള സമയമായി. സര്‍വ്വ സന്നാഹങ്ങളോടും കൂടി നരവേഷം ധരിച്ച വാനരന്മാര്‍ക്കും രാക്ഷസര്‍ക്കും വിഭീഷണനും, മറ്റ് അയോധ്യാവാസികള്‍ക്കും മുന്നില്‍ വച്ച് രാമന്റെ പട്ടാഭിഷേകം നടന്നു. ഒപ്പം ഭരതനെ യുവരാജാവായി വാഴിക്കുകയും ചെയ്തു.
പതിനായിരം വര്‍ഷം ഊഴി പരിപാലിച്ചു രാമന്‍. യജ്ഞങ്ങള്‍ അനുഷ്ഠിച്ചു. നൂറ് അശ്വമേധങ്ങള്‍ നടത്തി. രാമന്‍ വാഴ്‌കെ വിധവകള്‍ വിലപിച്ചില്ല, കള്ളന്മാരില്ലാതെയായി, വ്യാധികള്‍ ആര്‍ക്കും ഉണ്ടായില്ല. ഏവരും പരസ്പരം സൗഹൃദത്തോടെ ജീവിച്ചു.
ആദികവി വാല്മീകി രചിക്കപ്പെട്ട ഈ രാമായണ കാവ്യം ശ്രവിക്കുന്നവന്‍ പാപവിമുക്തനാകും. ഈ കാവ്യം കേള്‍ക്കുന്നവന്‍ രാമനില്‍നിന്ന് ആഗ്രഹിക്കുന്ന വരങ്ങള്‍ നേടും. സമൃദ്ധി കാമിക്കുന്ന സജ്ജനങ്ങള്‍ ബുദ്ധിപരവും ശുഭവും ഓജസ്‌കരവുമായ ഈ ആഖ്യാനം നിത്യവും കേള്‍ക്കേണ്ടതാകുന്നു.
ഇതിനാല്‍ യുദ്ധകാണ്ഡം സമാപ്തം

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close