ഇരുപത്തിയാറാം ദിനം

26

ദുര്‍ഗാ മനോജ്

ഉത്തരകാണ്ഡം

രാമന്‍ രാക്ഷസരെ വധിച്ച് രാജ്യം പാലിച്ച് വരികെ രാമനെ അനുമോദിക്കാന്‍ മുനിമാര്‍ ഏവരും വന്നെത്തി. കിഴക്ക് ദിക്കില്‍ നിന്നും കൗശികന്‍, യവക്രിതന്‍, ഗാര്‍ഗ്യന്‍, കണ്വന്‍ എന്നിവരും ഭഗവാന്‍ ആത്രേയന്‍, നമുചി, പ്രമുചി, അഗസ്തന്‍, ഭഗവാന്‍ അത്രി തുടങ്ങിയവര്‍ തെക്ക് നിന്നും, കവചന്‍, ധൗമ്യന്‍, നൃഷങ്ഗു, കൗശേയന്‍ തുടങ്ങിയവര്‍ പടിഞ്ഞാറുനിന്നും, പിന്നെ വസിഷ്ഠന്‍, കശ്യപന്‍, ഗൗതമന്‍, ജമദഗ്നി, ഭരദ്വാജന്‍ സപ്തര്‍ഷികള്‍ തുടങ്ങിയവര്‍ വടക്കുനിന്നും രാമസന്നിധിയില്‍ എത്തി.

ഋഷിമാരെ എല്ലാവിധ ആദരവോടെയും രാമന്‍ സ്വീകരിച്ചാനയിച്ചു. പിന്നെ വിശേഷങ്ങള്‍ പങ്കുവച്ചു. ഒപ്പം പ്രബലന്മാരായ അസുരന്മാരെ വധിച്ച രാമന്റെ പാടവത്തെ അവര്‍ പുകഴ്ത്തി. അതില്‍ തന്നെ ഇന്ദ്രജിത്ത് വധിക്കപ്പെട്ടത് മഹാഭാഗ്യമെന്ന് മുനിമാര്‍ പറഞ്ഞപ്പോള്‍ രാമന്‍ ചോദിച്ചു അതെന്താണ് ഇന്ദ്രജിത്തിന്റെ പേര് പ്രത്യേകം എടുത്തുപറയുവാന്‍ കാരണം എന്നും എന്താണ് രാവണകുടുംബ ഉല്‍പ്പത്തി എന്നറിയുവാന്‍ താല്‍പ്പര്യമുണ്ട് എന്നുപറഞ്ഞതനുസരിച്ച് മുനിമാര്‍ രാവണന്റെ ഉല്‍പ്പത്തി രാമന് പറഞ്ഞുകൊടുക്കുവാന്‍ ആരംഭിച്ചു. മഹാതേജസ്വിയായ കുംഭയോനി ആണ് പറഞ്ഞുതുടങ്ങിയത്.

”പണ്ട് കൃതയുഗത്തില്‍ പ്രജാപതിയുടെ പുത്രന്‍ ‘പുലസ്തര്‍’ എന്നുപേരുള്ള ഒരു ബ്രഹ്മര്‍ഷി ജീവിച്ചിരുന്നു. അദ്ദേഹം പവിത്രഗുണങ്ങള്‍ കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ തപോവന പരിസരത്തില്‍ അപ്‌സരകന്യകളും ഋഷികന്യകളും രാജര്‍ഷിപുത്രിമാരും നിത്യേന എത്തുമായിരുന്നു. ഇവരുടെ കളിചിരികള്‍ മൂലം ആശ്രമം ശബ്ദമുഖരിതമാകാന്‍ തുടങ്ങിയപ്പോള്‍ ഇനി ആശ്രമത്തില്‍ കയറുന്ന കന്യക ആ നിമിഷം തന്നെ ഗര്‍ഭവതിയാകും എന്ന് ശപിച്ചു. അതറിഞ്ഞ് പിന്നീട് കന്യകമാര്‍ ആ വഴിപോയില്ല. എന്നാല്‍ ഇതറിയാത്ത രാജര്‍ഷി തൃണബിന്ദുവിന്റെ മകള്‍ അവിടെ എത്തുകയും ശാപംകൊണ്ട് ഗര്‍ഭം ധരിക്കുകയും ചെയ്തു. കാര്യങ്ങള്‍ മനസ്സിലാക്കിയ തൃണബിന്ദു മകളെ ഋഷിയുടെ സമീപത്ത് എത്തിച്ച് അവളെ കൈക്കൊള്ളുവാന്‍ ആവശ്യപ്പെട്ടു. അതിന്‍പ്രകാരം ഋഷിയുടെ പരിചരണം ഏറ്റെടുത്ത് അവള്‍ ഋഷിയെ പരിപാലിച്ച് പോന്നു. പിന്നീട് ഋഷിയുടെ ആശീര്‍വാദത്തോടെ അവള്‍ ഒരു പുത്രനെ പ്രസവിച്ചു. അവനും അച്ഛനെപ്പോലെ മുനിയായി മാറി. വിശ്രവസ്സെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം ഭരദ്വാജന്‍ പുത്രി ദേവവര്‍ണ്ണിനിയെ ഭാര്യയായി സ്വീകരിച്ചു. വിശ്രവസ്സിന്റെ പുത്രനാകയാല്‍ അവര്‍ക്കുണ്ടായ പുത്രനെ വൈശ്രവണന്‍ എന്നു പേര് നല്‍കി വിളിച്ചു. വൈശ്രവണന്‍ ആയിരംവര്‍ഷം തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി. അങ്ങനെ ലോകപാലകരില്‍ യമന്‍, ഇന്ദ്രന്‍, വരുണന്‍ എന്നിവര്‍ക്ക് ശേഷം നാലാമനായി നിധീശത്വം ലഭിച്ചും ഒപ്പം ബ്രഹ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ട പുഷ്പക വിമാനവും സ്വീകരിച്ച് അദ്ദേഹം സ്വഗൃഹത്തിലേക്ക് മടങ്ങി. പിന്നെ അദ്ദേഹം താമസിക്കുവാനായി ഒരു നല്ല പാര്‍പ്പിടം എവിടെ പണിയാം എന്ന് പറഞ്ഞുതരുവാന്‍ സ്വന്തം പിതാവിനോട് ചോദിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരം വൈശ്രവണന്‍ തന്റെ പുഷ്പകവും ആയി രാക്ഷസര്‍ ഉപേക്ഷിച്ച ലങ്കയില്‍ വാസം തുടങ്ങി.”
ഇതുകേട്ട് രാമന്‍ എന്തുകൊണ്ടാണ് രാക്ഷസര്‍ ഉപേക്ഷിച്ച ലങ്ക എന്നുപറയുന്നത് എന്ന് ചോദിച്ചു. ഇതിന് മറുപടിയായി അഗസ്ത്യന്‍ പറഞ്ഞുതുടങ്ങി.

”പണ്ട് പ്രജാപതി ജലത്തെ സൃഷ്ടിച്ച് അതിന്റെ രക്ഷക്കായ് ജീവിവര്‍ഗ്ഗത്തെ സൃഷ്ടിച്ചു. അതില്‍ വിശപ്പ് അനുഭവപ്പെടാത്തവര്‍ യക്ഷന്മാരും വിശപ്പ് അനുഭവപ്പെടുന്നവര്‍ രാക്ഷസരുമായി. അതില്‍ ഹേതി എന്ന രാക്ഷസന്റെ പുത്രനായ പുകേശന്‍ ഗ്രാമണി എന്ന ഗന്ധര്‍വ്വന്റെ പുത്രി ദേവവതിയെ വിവാഹം കഴിച്ചു. അവര്‍ക്ക് പിറന്ന പുത്രന്മാരാണ് മാല്യവാന്‍, സുമാലി, മാലി എന്നിവര്‍. അവര്‍ തപസ്സു ചെയ്ത് ആരാലും തോല്പിക്കപ്പെടാത്തവരാകണം എന്ന് വരം നേടി. പിന്നെ വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ട ലങ്ക എന്നുപേരായ നഗരത്തെക്കുറിച്ച് മനസ്സിലാക്കുകയും അവിടെ പാര്‍ക്കാന്‍ തുടങ്ങുകയും ചെയ്തു. പിന്നീട് മൂവരും വിവാഹം കഴിക്കുകയും അവരുടെ മക്കളായി പ്രബലന്മാരായ രാക്ഷസര്‍ പിറക്കുകയും ചെയ്തു. അവരുടെ ക്രൂരത ഭൂമിക്ക് താങ്ങുവാനാകാതെ വന്നപ്പോള്‍ ദേവകള്‍ വിഷ്ണുവിനെ ശരണം പ്രാപിച്ചു. പിന്നെ ഹരിയുടെ ബാണമേറ്റ് രാക്ഷസര്‍ ചാവുകയും ജീവനുള്ളവര്‍ ലങ്കയില്‍ നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തു. കാലക്രമത്തില്‍ സുമാലി ലങ്കയില്‍ മടങ്ങിയെത്തി അവിടെ ചിരകാലം ജീവിച്ചു.

അങ്ങനെയിരിക്കെ വൈശ്രവണന്റെ പിതാവ് വിശ്രവസ്സിന്റെ മുന്നില്‍ സുമാലിയുടെ പുത്രിയായ കൈകസി എത്തി. അവള്‍ അദ്ദേഹത്തിന്റെ പത്‌നിയാകുകയും അദ്ദേഹത്തില്‍ മൂന്ന് പുത്രന്മാരും ഒരു പുത്രിയും ജനിക്കുകയും ചെയ്തു. അതില്‍ ആദ്യത്തേത് രാവണനും പിന്നെ കുംഭകര്‍ണ്ണനും മൂന്നാമത് ശൂര്‍പ്പണഖയും നാലാമനായി ധര്‍മ്മിഷ്ടനായ വിഭീഷണനും പിറന്നു.

ഒരുദിവസം വിശ്രവസ്സിനെ കാണുവാന്‍ മകന്‍ വൈശ്രവണന്‍ പുഷ്പക വിമാനത്തില്‍ എത്തിയപ്പോള്‍ കൈകസി അതുപോലൊന്ന് തന്റെ മക്കള്‍ക്ക് കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിച്ചു. അമ്മയുടെ ആഗ്രഹം മനസ്സിലാക്കി രാവണനും സഹോദരന്മാരും തപസ്സ് ആരംഭിച്ചു. ആയിരം കൊല്ലത്തെ തപസ്സിനൊടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷനായി. രാവണന്‍ അമരത്വം കൊതിച്ചുവെങ്കിലും മനുഷ്യര്‍ക്ക് മാത്രമേ അവനെ വധിക്കാനാകൂ എന്ന വരവും, കുംഭകര്‍ണ്ണന് ഉറങ്ങുവാനുള്ള വരവും വിഭീഷണന്‍ ധര്‍മ്മം വ്യതിചലിക്കാതെ ജീവിക്കുവാനും എന്ന വരവും നേടിയെടുത്തു.

പിന്നെ രാവണന്‍ വൈശ്രവണന്റെ ലങ്ക ആക്രമിച്ച് അദ്ദേഹത്തിന്റെ പുഷ്പകവിമാനം തട്ടിയെടുത്തു. രാവണന്‍ മയന്റെ പുത്രി മണ്ഡോദരിയേയും വജ്രജ്വാലയെ കുംഭകര്‍ണ്ണനും സരമയെ വിഭീഷണനും വിവാഹം ചെയ്തു. ലങ്കയും കീഴടക്കിയ രാവണന്‍ പിന്നെ ലോകം കീഴടക്കാന്‍ തുടങ്ങി. അങ്ങനെ അവന്‍ കൈലാസത്തില്‍ പാര്‍വ്വതിയോടൊപ്പം രമിച്ചുകൊണ്ടിരുന്ന ഭഗവാന്‍ പരമേശ്വരനോടും തന്റെ വിക്രമം കാട്ടുവാന്‍ തുടങ്ങി. അതുകണ്ട് പരമേശ്വരന്‍ കാലിന്റെ പെരുവിരല്‍ കൊണ്ട് താഴേക്ക് അമര്‍ത്തി. അതിനടിയില്‍പ്പെട്ട് രാവണന്റെ കൈകള്‍ ചതഞ്ഞമര്‍ന്നു. പിന്നെ അവിടെക്കിടന്ന് നിലവിളിച്ച് കരഞ്ഞ് ആയിരമാണ്ട് പിന്നിട്ടപ്പോള്‍ മഹാദേവനെ അവന്‍ പ്രീതിപ്പെടുത്തി. ഒടുവില്‍ മഹാദേവന്‍ അവന് ചന്ദ്രഹാസം എന്ന വാള്‍ സമ്മാനമായി നല്‍കി അനുഗ്രഹിച്ച് അയച്ചു.

ചന്ദ്രഹാസവും നേടി മത്തനായി നടന്ന അവന്‍ ‘ദേവവതി’ എന്ന മാന്തോലുടുത്ത കന്യകയെ വനത്തില്‍വച്ച് കണ്ട് അവളില്‍ ആകൃഷ്ടയായി. അവള്‍ ബൃഹസ്പതിയുടെ പുത്രന്‍ കുശധ്വജന്റെ പുത്രിയായിരുന്നു. അവളെ മഹാവിഷ്ണുവിനു മാത്രമേ വിവാഹം ചെയ്ത് നല്‍കൂ എന്ന് നിശ്ചയിച്ച അദ്ദേഹത്തെ രാക്ഷസനായ ശംഭു വധിച്ചു. അങ്ങനെ അനാഥയായ അവള്‍ വിഷ്ണുവിനെ മനസാവരിച്ച് ജീവിച്ചുവരികയായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചിട്ടും അവളെ ആക്രമിക്കുവാന്‍ ശ്രമിച്ച രാവണനെ നടന്നുകൊണ്ട് അവള്‍ സ്വയം അഗ്നി ജ്വലിപ്പിച്ച് അതില്‍ ആത്മാഹുതി ചെയ്തു. ഒപ്പം ഇനിയുള്ള ജന്മത്തില്‍ അയോനിജയായി ജന്മമെടുത്ത് അവനെ ഉന്മൂലനം ചെയ്യും എന്നും ശപിച്ചു.

അവള്‍ പിന്ന പദ്മത്തില്‍ പിറന്നു. രാക്ഷസര്‍ അവളെ കണ്ടെത്തി കടലിലെറിഞ്ഞു. അവള്‍ പക്ഷേ കരയിലെത്തി. യാഗഭൂമിയില്‍ രാജാവ് കലപ്പകൊണ്ട് നിലം ഉഴുതപ്പോള്‍ അവിടെനിന്നും കണ്ടെടുത്തു. അവളാണ് ജനകരാജന്റെ മകള്‍ സീത. അങ്ങയുടെ ഭാര്യ. കൃതയുഗത്തിലെ ദേവവതി, ത്രേതായുഗത്തില്‍ അവളെ അവഹേളിച്ച രാക്ഷസന്റെ വധത്തിനായി മിഥിലയില്‍ ജനകന്റെ മകളായി വന്നു.
ദേവവതി അഗ്നിയില്‍ പ്രവേശിച്ചപ്പോള്‍ രാവണന്‍ പുഷ്പകത്തിലേറി ഭൂമിയില്‍ സഞ്ചരിച്ചു. പിന്നെ ഉശിരബിന്ദു എന്ന ദേശത്ത് എത്തി. അവിടെ ദേവന്‍മാരോടൊത്ത് യാഗം ചെയ്യുകയായിരുന്ന മരുത്തന്‍ എന്ന രാജാവിനെ യുദ്ധത്തിന് ക്ഷണിച്ചു. രാവണനെ കണ്ട ദേവന്‍മാര്‍ പല രൂപങ്ങള്‍ സ്വീകരിച്ചു. ഇന്ദ്രന്‍ മയിലായും ധര്‍മ്മരാജന്‍ കാക്കയായും വൈശ്രവണന്‍ ഓന്തായും വരുണന്‍ ഹംസമായും മാറിയപ്പോള്‍ രാവണന്‍ ഒരു നായയുടെ രൂപം സ്വീകരിച്ച് യജ്ഞശാലയിലെത്തി രാജാവിനോട് ‘യുദ്ധം തരിക’ ഇല്ലെങ്കില്‍ തോറ്റ് പിന്മാറുക എന്നുപറഞ്ഞു. യുദ്ധത്തിന് ഒരുക്കിയ മരുത്തനെ സംവര്‍ണന്‍ എന്ന മഹര്‍ഷി തടഞ്ഞു. യജ്ഞം പൂര്‍ത്തിയാക്കാതെ യുദ്ധത്തില്‍ ഏര്‍പ്പെടരുത് എന്നുപറഞ്ഞു. അങ്ങനെ യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞ മരുത്തന്‍ പരാജയപ്പെട്ടു എന്നുപറഞ്ഞ് രാവണന്‍ അവിടെ നിന്ന് മടങ്ങി.
പിന്നെ അവന്‍ അനരണ്യന്‍ എന്ന രാജാവിനെ എതിരിടാന്‍ എത്തി. ഇഷാകുവംശത്തില്‍പ്പെട്ട അദ്ദേഹം രാവണനോട് പൊരുതി തോറ്റ് മരണത്തോട് മല്ലിടുമ്പോള്‍ ഇഷാകുവംശത്തില്‍ ജനിക്കുന്ന ദശരഥപുത്രന്‍ രാമന്‍ നിന്നെക്കൊല്ലും എന്ന് രാവണനെ ശപിച്ചു. പിന്നെ രാജാവ് സ്വര്‍ഗ്ഗപദം പ്രാപിച്ചു.

ഈ സമയം നാരദമഹര്‍ഷി ഭൂമിയില്‍ വച്ച് രാവണനെ സന്ദര്‍ശിച്ചു. രാവണന്റെ അഹങ്കാരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്നത് കണ്ട് അതിനൊരു കുറവ് വരുത്താന്‍ നിശ്ചയിച്ചാണ് നാരദര്‍ രാവണനെ കണ്ടത്. അങ്ങനെ പലതും പറഞ്ഞ് പ്രലോഭിപ്പിച്ച് രാവണനെ യമനുമായി യുദ്ധം ചെയ്യുവാന്‍ പ്രേരിപ്പിച്ചു.

കേട്ട പാതി കേള്‍ക്കാത്ത പാചി രാവണന്‍ യമനുമായി യുദ്ധം ചെയ്യുവാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close