ഇരുപത്തിയെട്ടാം ദിനം

28

ദുര്‍ഗാ മനോജ്

രു സായാഹ്നത്തില്‍ രാമന്‍ സോദരന്മാരോടൊത്ത് ഇരിക്കവേ മാനത്തുനിന്നും ഒരു മധുരവാണി കേട്ടു. ”പ്രഭോ, രാമാ, അങ്ങ് എന്നെ നോക്കിയാലും. ഞാന്‍ പുഷ്പകമാണ്. രാവണനെക്കൊന്ന് എന്നെ സ്വന്തമാക്കിയ അങ്ങയെ സേവിക്കുവാനാണ് എന്റെ ആഗ്രഹം. എന്റെ സ്വാമിയായ കുബേരന്റെ ആഗ്രഹവും അത് തന്നെയാണ്. അദ്ദേഹത്തിന്റെ ആജ്ഞയാല്‍ ഞാനിവിടെ എത്തിയിരിക്കുന്നു.”
ഇങ്ങനെ പുഷ്പകം പറഞ്ഞപ്പോള്‍ രാമന്‍ ചൊല്ലി ”ഉത്തമ പുഷ്പക വിമാനമേ അങ്ങനെയെങ്കില്‍ നിനക്ക് സ്വാഗതം. ഞാന്‍ സ്മരിക്കുമ്പോള്‍ നീ വരിക. നിന്റെ യാത്രയില്‍ ഗഗനചാരികളായ സിദ്ധന്മാര്‍ക്ക് പീഢനമേതും ഉണ്ടാക്കരുത്.”
യഥാവിധി പുഷ്പകത്തെ പൂജിച്ച് തിരിച്ചയച്ചു. പിന്നെ രാജ്യകാര്യങ്ങള്‍ അന്വേഷിച്ച രാമനോട് സര്‍വ്വവും മംഗളമായി നടക്കുന്നു എന്ന് ഭരതന്‍ മറുപടിയും നല്‍കി.

പുഷ്പകത്തെ പറഞ്ഞയച്ചശേഷം രാമന്‍ അശോകവനികയില്‍ പ്രവേശിച്ചു. ദിവ്യമായ വൃക്ഷങ്ങള്‍ പൂചൂടി നില്‍ക്കുന്ന, മയിലുകളും കുയിലുകളും, വന്‍വൃക്ഷങ്ങളും നിറഞ്ഞ അശോകവനികയില്‍ വച്ച് രാമന്‍ പ്രേമപൂര്‍വ്വം സീതയോട് സംഭാഷണത്തിലേര്‍പ്പെട്ടു. രാമന്‍ പറഞ്ഞു ”വൈദേഹി എനിക്കു നിന്നില്‍ സന്താനലാഭം അടുത്തിരിക്കുന്നു. നിന്റെ എന്ത് ആഗ്രഹമാണ് ഞാന്‍ നിവര്‍ത്തിച്ച് തരേണ്ടത്? ഇതുകേട്ട് സീത പറഞ്ഞു ”രാമ, പുണ്യങ്ങളായ തപോവനങ്ങള്‍ കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗംഗാതീരനിവാസികളും ഫലമൂലങ്ങള്‍ ഭക്ഷിക്കുന്നവരുമായ തേജസ്വികളായ ഋഷിമാരുടെ സമീപം ഒരുനാളെങ്കിലും പാര്‍ക്കുവാന്‍ കൊതി തോന്നുന്നു.” ”അങ്ങനെയാകട്ടെ, നാളെ പോകാം” എന്നുപറഞ്ഞ് രാമന്‍ സുഹൃത്തുക്കളോടൊത്ത് നടുക്കെട്ടിലേക്ക് പോയി.

അവിടെ രാജ്യം വാഴുന്ന രാജാവിനോട് പലതരം കഥകള്‍ പറയുവാന്‍ ഹാസ്യകാരന്മാര്‍ വന്നുകൂടി. അവര്‍ നാട്ടിലെ പലപല വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നു. ഈ സമയം രാമന്‍ ചോദിച്ചു ”പുരനിവാസികള്‍ക്കിടയില്‍ ശുഭകരവും അശുഭകരവുമായി പ്രചരിക്കുന്ന എന്ത് തന്നെയുണ്ട് എങ്കിലും എന്നെ അറിയിക്കുക. അശുഭകരമായവ ഉണ്ട് എങ്കില്‍ അവ ഒഴിവാക്കി മുന്നോട്ട് പോകുവാന്‍ ഉപകാരപ്പെടുമല്ലോ.”
പലവട്ടം രാമന്‍ ഇങ്ങനെ ആവശ്യപ്പെടുമ്പോള്‍ ഒരുവന്‍ പറഞ്ഞു. ”രാമന്‍, നാട്ടില്‍ പറയുന്നത് കേട്ടാലും.” രാമന്‍ കടലില്‍ ചിറകെട്ടുക എന്ന ദുഷ്‌കരമായ കാര്യം ചെയ്തത് ഉത്തമം തന്നെ. പിന്നെ രാവണനെ കൊന്നു. പോരില്‍ വിജയിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. എന്നാല്‍ രാക്ഷസര്‍ അപഹരിച്ച, ഒരുവര്‍ഷക്കാലം അവന്റെ അധീനതയില്‍ അശോകവനികയില്‍ പാര്‍ക്കപ്പെട്ട സീതയോടൊത്ത് കഴിയുമ്പോള്‍ രാമന്‍ ഉള്ളാലെ അവളെ വെറുക്കുന്നുണ്ടാകും. നമുക്കും ഇത്തരം ഭാര്യമാരെ സഹിക്കേണ്ടിവരും. രാജാവു ചെയ്യുന്നതാണല്ലോ പ്രജകള്‍ പിന്തുടരുക. ഹേ, രാജന്‍, പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും ജനങ്ങള്‍ ഇങ്ങനെ പലതും പറയുന്നു.

ഇതുകേട്ട് ആര്‍ത്തനായ രാമന്‍ അവരെ പറഞ്ഞയച്ചു. ശേഷം സഹോദരന്മാര്‍ മൂവരേയും വരുത്തി. പിന്നീട് ലക്ഷ്മണനോടായി പറഞ്ഞു ”എല്ലാവരും കേള്‍ക്കുക. സീത അഗ്നിപ്രവേശം ചെയ്തപ്പോള്‍, എല്ലാ ഋഷിമാരുടേയും ദേവന്മാരുടേയും സന്നിധിയില്‍ വായുവും, ആകാശവും, അഗ്നിയും സീത അപാപയാണെന്ന് പറയുകയുണ്ടായി. അപ്രകാരം ശുദ്ധചരിതയായവളെയാണ് ഞാന്‍ സ്വീകരിച്ചത്. അവള്‍ ശുദ്ധയെന്ന് എന്റെ അന്തരാത്മാവും പറയുന്നു. എന്നാല്‍ പുരത്തില്‍ ജനങ്ങള്‍ വല്ലാതെ അപവാദം പറയുന്നു. ആരെക്കുറിച്ച് ലോകത്തില്‍ അപകീര്‍ത്തി ചൊല്ലപ്പെടുന്നു, അത് നില്‍ക്കുവോളം അവര്‍ അധമലോകത്തില്‍ വീഴുന്നു. അതിനാല്‍ ഞാന്‍ സീതയെ വെടിയുകയാണ്. നാളെ വെളുപ്പിന് സുമന്ത്രര്‍ നയിക്കുന്ന തേരില്‍ കയറ്റി അവളെ ഗംഗയുടെ മറുകരയിലുള്ള വാല്‍മീകി ആശ്രമത്തില്‍ എത്തിച്ചിട്ട് വേഗം വരിക. എന്റെ വാക്ക് ധിക്കരിക്കുന്ന പക്ഷം എന്റെ അപ്രീതിക്ക് പാത്രമാകും എന്ന് അറിയുക.” ഇത്രുയം പറഞ്ഞ് രാമന്‍ അകത്തേക്ക് മടങ്ങി.
നേരം വെളുത്തപ്പോള്‍ ദീനചിത്തനായ ലക്ഷ്മണന്‍, സുമന്ത്രരോട് തേര് തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടു. പിന്നെ കൊട്ടാരത്തിലെത്തി സീതയോട് പറഞ്ഞു ”ഭവതിയുടെ ആഗ്രഹം നിറവേറ്റുവാന്‍ രാജാവ് ആവശ്യപ്പെട്ടിരിക്കുന്നു. തേരു തയ്യാറാണ്. മാമുനിമാര്‍ വാഴുന്നിടത്ത് ഭവതിയെ എത്തിക്കുവാനാണ് ആള്‍ എത്തിയിരിക്കുന്നു.”‍

ഇങ്ങനെ ലക്ഷ്മണന്‍ പറഞ്ഞതുകേട്ട് വേഗം സീത പുറപ്പെടുവാന്‍ തയ്യാറായി. ആശ്രമവാസികളായ സ്ത്രീജനങ്ങള്‍ക്ക് ആവശ്യമായ പല കാഴ്ചവസ്തുക്കളും എടുത്ത് യാത്ര പുറപ്പെട്ടു. എന്നാല്‍ യാത്രാരംഭത്തില്‍ കാണപ്പെട്ട അശുഭലക്ഷണങ്ങള്‍ സീതയുടെ മനസ്സ് മഥിച്ചു.
ലക്ഷ്മണന്‍, ഈ സാധ്വിയെ ഉപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് പറയാന്‍ കഴിയാതെ ദുഃഖഭാരത്തോടെ ഉരുകി ദീനനായി.
ഗംഗാതടം കടന്നുകഴിഞ്ഞപ്പോള്‍ ലക്ഷ്മണന്‍ സീതയുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു. പിന്നെ കൈകൂപ്പിക്കൊണ്ട് കരഞ്ഞു. ഇതുകണ്ട് സീത പരിഭ്രമിച്ച് എന്താണ് കാര്യം എന്നുപറയുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ സീതാജ്ഞകേട്ട് ലക്ഷ്മണന്‍ ഉണ്ടായ കാര്യങ്ങള്‍ സീതയെ ധരിപ്പിച്ചു.
ലക്ഷ്മണവാക്യം കേട്ട് സ്തംഭയായ സീത വാവിട്ട് നിലവിളിച്ചു. പിന്നെ ദീനസ്വരത്തില്‍ ലക്ഷ്മണനോട് പറഞ്ഞു സദാചാര സമ്പന്നമായ എനിക്ക് ഇപ്രകാരം സംഭവിക്കണമെങ്കില്‍ ഞാന്‍ എന്തോ മുന്‍ജന്മപാപം ചെയ്തിട്ടുണ്ടാകാം. എന്റെ വാക്കുകള്‍ നീ രാമനെ അറിയിക്കുക. ”സീത യഥാര്‍ത്ഥത്തില്‍ ശുദ്ധയാണ്. അപവാദം ഭയന്നാണല്ലോ എന്നെ അങ്ങ് ഉപേക്ഷിക്കുന്നത്. അങ്ങേക്ക് വന്ന അപവാദം ഇല്ലാതാക്കേണ്ടത് ഞാന്‍ തന്നെയാണ്. ഞാനിപ്പോള്‍ അങ്ങയുടെ ഗര്‍ഭം ധരിക്കുന്നവളാണ്. സ്ത്രീക്ക് പതിതന്നെ ദേവതയും ബന്ധുവും ഗുരുവും. അതിനാല്‍ അങ്ങയുടെ വാക്ക് ശിരസാ വഹിക്കുന്നു.”

ലക്ഷ്മണന്‍ ഈ വാക്കുകള്‍ കേട്ട് തകര്‍ന്ന ഹൃദയത്തോടെ സീതയെ വലംവച്ച് തിരികെ ഗംഗ കടന്ന് തേരില്‍ക്കയറി. സീതയാകട്ടെ ആകെ തകര്‍ന്ന് അവിടെക്കിടന്ന് വിലപിക്കുവാനും തുടങ്ങി.
ആശ്രമപരിസരത്ത് ഒരു ഐശ്വര്യവതിയായ സ്ത്രീ ദീനയായി കേഴുന്ന കാര്യം ആശ്രമവാസികള്‍ വാല്‍മീകിയെ അറിയിച്ചു. അദ്ദേഹം വേഗംവന്ന് സീതയെ കൂട്ടിക്കൊണ്ടുപോയി ആശ്രമത്തിലെ സ്ത്രീജനങ്ങളെ ഏല്‍പ്പിച്ച് യാതൊരു കുറവും കൂടാതെ പരിചരിക്കുവാന്‍ ആവശ്യപ്പെട്ടു.

ഈ സമയം നിറഞ്ഞ കണ്ണുകളോടെ തേരില്‍ക്കയറിയ ലക്ഷ്മണനെ സുമന്ത്രര്‍ സമാധാനിപ്പിച്ചു. സുമന്ത്രര്‍ പറഞ്ഞു. ‘ഇങ്ങനെ സന്താപം കൊള്ളരുത്. രാമന് ഭാര്യാവിരഹം മുന്‍കൂട്ടി കണ്ടതാണ് അങ്ങയുടെ പിതാവ്. അതിന് ഒരു കാരണവും ഉണ്ട്.’
ഇതുകേട്ട് ലക്ഷ്മണന്‍ അത് എന്താണ് എന്ന് പറയുവാന്‍ ആവശ്യപ്പെട്ടു. അതിന് മറുപടിയായി സുമന്ത്രര്‍ പറഞ്ഞു
”പണ്ട് അത്രിപുത്രനായ ദുര്‍വാസാവ് മഹര്‍ഷി വസിഷ്ഠമുനിയുടെ ആശ്രമത്തില്‍ വര്‍ഷകാലം കഴിച്ചുകൂട്ടുവാന്‍ എത്തിയപ്പോള്‍ അവിടെ എത്തിയ അങ്ങയുടെ പിതാവിനോട് പറഞ്ഞതാണിത്. ആ കഥ ഇങ്ങനെയാണ്. രാജാവ് ദുര്‍വാസാവിനോട് നാലുമക്കളുടെയും ഗതിയെങ്ങനെ എന്ന് അന്വേഷിച്ചപ്പോള്‍ രാമന് ഭാര്യാവിരഹം സംഭവിക്കും എന്ന് മറുപടി നല്‍കി. അതിന് കാരണമായത് രാക്ഷസന്മാരെ സംരക്ഷിച്ച ഭൃഗുമഹര്‍ഷിയുടെ പത്‌നിയെ ദേവന്മാര്‍ക്കുവേണ്ടി മഹാവിഷ്ണു വധിച്ചു. ഇതുകണ്ട് ഭൃഗു മഹര്‍ഷി കോപം കൊണ്ട് ഹരിയെ ശപിച്ചു. അന്ന് മനുഷ്യകുലത്തില്‍ പിറന്ന് ഭാര്യാവിരഹം അനുഭവിക്കാന്‍ ഇടയാകട്ടെ എന്ന്.”
ശാപം നല്‍കിയ സേഷം നെഞ്ചുനൊന്ത് മഹര്‍ഷി വീണ്ടും വിഷ്ണുവിനെ തപസ്സുചെയ്ത് പ്രീതനാക്കി പ്രത്യക്ഷപ്പെടുത്തി. അപ്പോള്‍ വിഷ്ണു അദ്ദേഹം നല്‍കിയ ശാപം വീണ്‍വാക്കാകില്ല എന്നും അത് സ്വീകരിക്കുകയാണ് എന്നും പറഞ്ഞു”
യാത്ര കഴിഞ്ഞ് ലക്ഷ്മണന്‍ രാമസവിധത്തിലെത്തി. പിന്നെ കാര്യങ്ങള്‍ പറഞ്ഞുകേള്‍പ്പിച്ചു. പിന്നെ രാമന്‍ ലക്ഷ്മണന് രാജാവ് പ്രജാധര്‍മ്മത്തില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുവാനായി ചില കഥകള്‍ പറഞ്ഞുകൊടുത്തു. പ്രജകള്‍ക്ക് ഉണ്ടാകുന്ന ഏതൊരു വിഷമവും അത് രാജാവ് നേരിട്ട് ഉത്തരവാദി അല്ലാത്തപക്ഷം രാജാവിന് അത്യന്തം ദോഷകരമായി ഭവിക്കും എന്ന് പറഞ്ഞുകൊടുത്തു. പിന്നെ ഏതെങ്കിലും ഒരു പ്രജയെങ്കിലും ഏതെങ്കിലും ആവശ്യത്തിന് തന്നെക്കാണുവാന്‍ കാത്ത് നില്‍ക്കുന്നുവോ എന്ന് അറിഞ്ഞ് വരുവാനായി ലക്ഷ്മണനെ അയച്ചു. മനുഷ്യര്‍ ആരും തന്നെ ആവലാതിയും കൊണ്ട് അവിടെ എത്തിയിരുന്നില്ല. എന്നാല്‍ തലമുറിഞ്ഞ ഒരു നായ മാത്രം അവിടെ ഉണ്ടായിരുന്നു. രാമാജ്ഞയാല്‍ നായ അകത്തുകടന്ന് രാമനു മുന്നിലെത്തി. രാമന്‍ കാര്യമെന്താണ് എന്ന് അന്വേഷിച്ചു. നായ പറഞ്ഞു ഒരു ബ്രാഹ്മണ ഭിക്ഷു കാരണം കൂടാതെ എന്നെ തല്ലി. അങ്ങനെയാണ് എന്റെ തല മുറിഞ്ഞത്. രാമഭടന്മാര്‍ വേഗം അയാളെ രാജാവിന് മുന്നിലെത്തിച്ചു. ആ ബ്രാഹ്മണന്‍ പറഞ്ഞു ”രാമന്‍ ഭിക്ഷകിട്ടാഞ്ഞ് വിശന്നപ്പോള്‍ കോപം കൊണ്ട് നിരത്ത് വക്കില്‍ നില്‍ക്കുകയായിരുന്നു ഈ നായയോട് പോ പോ എന്ന് പറഞ്ഞു. എന്നാല്‍ ഇവന്‍ വഴി തടഞ്ഞ് നിന്നതിനാലാണ് ഞാന്‍ കോപം കൊണ്ട് ഇവനെ തല്ലാനിടയായത്. കോപംകൊണ്ടുള്ള പ്രവര്‍ത്തി തെറ്റ് തന്നെ. ആയതിനാല്‍ എന്നെ ശിക്ഷിച്ചാലും.”

എന്ത് ശിക്ഷയാണ് ബ്രാഹ്മണന് നല്‍കേണ്ടത് എന്നോര്‍ത്തപ്പോള്‍ നായ പറഞ്ഞു ആ ബ്രാഹ്മണനെ ദേവന്‍മാരുടേയോ, ഗോക്കളുടേയോ, ബ്രാഹ്മണരുടേയോ മേല്‍നോട്ടക്കാരനാക്കിയാല്‍ മതി. ആയതിനാല്‍ ഇവന് കുലപതിസ്ഥാനം നല്‍കുക. അപ്രകാരം ആ ബ്രാഹ്മണനെ കുലപതിയായി അഭിഷേകം ചെയ്തു രാമന്‍. പിന്നെ ആനപ്പുറത്തേറി അയാള്‍ പോവുകയും ചെയ്തു. ഇതുകണ്ട് സഭാവാസികള്‍ ആ ബ്രാഹ്മണന് നല്‍കിയത് ശിക്ഷയോ അതോ വരമോ എന്നറിയാതെ അന്തംവിട്ടു.

ഇത് കേട്ട നായ പറഞ്ഞു ”മുന്‍ ജന്മത്തില്‍ ഞാന്‍ ഒരു കുലപതിയായിരുന്നു. ആര് ദേവകളുടേയോ, ബ്രാഹ്മണരുടേയോ, ഗോക്കളുടേയോ പണം അപഹരിക്കുന്നുവോ അവര്‍ക്ക് പിന്നീട് നീചജന്മം മാത്രമേ വിധിച്ചിട്ടുള്ളൂ. ആയതിനാല്‍ ദുര്‍ചിത്തനായ ആ ബ്രാഹ്മണന്‍ കുലപതിയാകുന്നതോടെ അത്യാഗ്രഹത്താല്‍ ചെയ്യുന്ന തെറ്റുകള്‍ വഴി നരകത്തില്‍ കുടുംബത്തോടെ പോകുവാന്‍ ഇടവരും.”
ഇപ്രകാരം സഭ നടക്കവേ ഭടന്‍മാര്‍ വന്ന് കുറച്ച് സന്യാസിമാര്‍ എത്തിയ വിവരം രാമനെ അറിയിച്ചു. അവരെ യഥാവിധി സ്വീകരിക്കുവാന്‍ രാമന്‍ ഉത്തരവിട്ടു.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close