ഇരുപത്തിയേഴാം ദിനം

27

ദുര്‍ഗാ മനോജ്

നാരദരുടെ വാക്കുകേട്ട് പുഷ്പകവിമാനമേറി രാവണന്‍ യമസന്നിധിയില്‍ എത്തിച്ചേര്‍ന്നു. അവിടെ അവന്‍ പലവിധ ശിക്ഷകള്‍ ഏറ്റുവാങ്ങുന്ന പാപികളേയും വിശിഷ്ടമായ തേജസ്സ്‌കൊണ്ടും വിളങ്ങുന്ന ധാര്‍മ്മികരേയും കണ്ടു. രാവണന്‍ വേഗം തന്നെ തന്റെ പ്രഭാവംകൊണ്ട് പാപികളെ കാലദണ്ഡനങ്ങളില്‍നിന്ന് മോചിപ്പിച്ചു. അതോടെ ക്രുദ്ധനായ യമകിങ്കരന്മാര്‍ രാവണനുനേരെ യുദ്ധമാരംഭിച്ചു.
അതിഘോരമായ യുദ്ധമാണവിടെ നടന്നത്. ഒടുവില്‍ തന്റെ യമദണ്ഡ് രാവണനുനേരെ പ്രയോഗിക്കാന്‍ തീര്‍ച്ചയാക്കി യമന്‍. ഇതറിഞ്ഞ് പെട്ടെന്ന് ബ്രഹ്മാവ് യമനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു ”അരുത് യമദണ്ഡ് അവനുനേരെ പ്രയോഗിക്കരുത്. ദേവകളാല്‍ കൊല്ലപ്പെടില്ല എന്ന് ഞാനവന് വരം നല്‍കിയിട്ടുണ്ട്. എന്നാല്‍ കാലദണ്ഡ് ഏറ്റാല്‍ ഏതൊരു ജീവിക്കും ജീവന്‍ നഷ്ടപ്പെടാതിരിക്കാനുമാകില്ല. അതിനാല്‍ ലോകം തന്നെ നശിക്കുവാനിടയാകുന്ന ഈ പ്രവര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങൂ.”

ബ്രഹ്മാവാക്യം എങ്ങനെ തള്ളിക്കളയും? ആകെ ധര്‍മ്മസങ്കടത്തിലായ യമന്‍ അവിടെനിന്നും പിന്‍വാങ്ങി. പിന്‍വാങ്ങിയ യമനെകണ്ട്, യമന്‍ തോറ്റോടിയതാണെന്ന് ധരിച്ച് രാവണന്‍ വിജയിയായി സ്വയം പ്രഖ്യാപിച്ച് അവിടംവിട്ടു. പിന്നീടവന്‍ യുദ്ധത്തിനായി നാഗലോകത്തെത്തി. അവിടെ യുദ്ധം വേണ്ടിവന്നില്ല, ഒരു സന്ധിയിലൂടെ യുദ്ധം ഒഴിവാക്കി നാഗങ്ങള്‍ അവനെ അവിടെ പാര്‍പ്പിച്ചു. പിന്നീട് രാവണന്‍ നിവാതകവചന്മാര്‍ എന്ന രാക്ഷസരെ പോരിന് വിളിച്ചു. അതീവ പ്രബലന്മാരായ അവരുമായി യുദ്ധം ആരംഭിക്കുംമുമ്പ് ബ്രഹ്മാവ് പ്രത്യക്ഷനായി അവരോട് രാവണനുമായി യുദ്ധത്തിന് ഒരുമ്പെടാതെ സന്ധിചെയ്യുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ആ യുദ്ധവും ഒഴിവാക്കപ്പെട്ടു. അവരുടെ ആതിഥ്യവും രാവണന്‍ സ്വീകരിച്ചു. പിന്നെ വരുണനെ കീഴടക്കുവാന്‍ നിശ്ചയിച്ചു യാത്രപുറപ്പെട്ടു. ആ യാത്രക്കിടയില്‍ കാലകേലന്മാരുമായി യുദ്ധത്തിലേര്‍പ്പെട്ട് അവരെ വധിച്ചു, ഒപ്പം സ്വന്തം സഹോദരി ശൂര്‍പ്പണഖയുടെ ഭര്‍ത്താവും യോദ്ധാക്കളെ നക്കിക്കൊന്ന് തിന്നുന്നവനുമായ വിദ്യുജ്ജിഗ്വന്‍ എന്ന രാക്ഷസനേയും രാവണന്‍ കൊന്നു. പിന്നെ വരുണാലയത്തിലേക്ക് പ്രവേശിച്ചു. വരുണ പുത്രന്മാര്‍ രാവണനെ നേരിടാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിക്കാതെ പരാജിതരായി. ഈ സമയം വരുണരാജന്റെ മന്ത്രി പ്രഹാസന്‍ രാവണനോട് വരുണന്‍ കൊട്ടാരത്തില്‍ ഇല്ല എന്നും അതിനാല്‍ യുദ്ധം ചെയ്യുവാന്‍ ആകില്ലെന്നും അറിയിച്ചു. അതോടെ വരുണന്‍ തന്നെ ഭയന്ന് യുദ്ധത്തില്‍ നിന്ന് പിന്‍മാറിയതാണ് എന്ന് പ്രഖ്യാപിച്ച് രാവണന്‍ വിജയിയായി പ്രഖ്യാപിച്ച് അടുത്ത യുദ്ധത്തിന് കോപ്പുകൂട്ടി.
വരുണജയവും കഴിഞ്ഞ് മടങ്ങും വഴി ഈ മുപ്പാരിലും തന്നെ വെല്ലാന്‍ ആരുമില്ലെന്ന ഹുങ്കില്‍ കാണാന്‍ കൊള്ളാവുന്ന സത്രീജനങ്ങളെ മുഴുവന്‍ അവരുടെ ബന്ധുക്കളെ കൊന്നൊടുക്കിക്കൊണ്ട് പുഷ്പകവിമാനത്തിലേറ്റി. അവരുടെ കണ്ണീരുകൊണ്ട് പുഷ്പകവിമാനം തടാകംപോലെയായി. അവരുടെ നിശ്വാസവാതമേറ്റ് പുഷ്പകം തീപിടിച്ചപോലെ കാണപ്പെട്ടു. പതിവ്രതകളായ ആ സ്ത്രീകള്‍ രാവണനെ ശപിച്ചു. ”ഈ ദുര്‍ബുദ്ധിക്ക് സ്ത്രീ നിമിത്തം വധം ഏര്‍പ്പെടും” ഈ ശാപം കേട്ട് ദേവകള്‍ അവര്‍ക്ക്‌മേല്‍ പൂമഴ പൊഴിച്ചു.

പുഷ്പകവിമാനത്തിലേറിയ രാവണന്‍ തിരികെ ലങ്കയിലെത്തി. അവനെ അപ്പോള്‍ എതിരേറ്റത് ഭര്‍ത്താവ് സ്വന്തം സഹോദരനാല്‍ കൊല്ലപ്പെട്ട ശൂര്‍പ്പണഖയാണ്. അവള്‍ സഹോദരനുമുന്നില്‍ ദീനം വിലപിച്ചു. അതുകണ്ട് രാവണന്‍ യുദ്ധം ചെയ്യുവാനുള്ള മത്ത് പിടിച്ചപ്പോള്‍ സഹോദരീ ഭര്‍ത്താവിനെയാണ് കൊല്ലുന്നത് എന്നോര്‍ത്തില്ല എന്നുപറഞ്ഞ്, ”ദണ്ഡകാരണ്യത്തില്‍ പതിനാലായിരം രാക്ഷസന്മാരാല്‍ സേവിതയായി ചിറ്റമ്മയുടെ മകന്‍ ഖരന്‍ സഹോദരസ്ഥാനത്ത് നിന്നുകൊണ്ട് നിന്നെ കാത്തുകൊള്ളും” എന്ന് ശൂര്‍പ്പണഖയ്ക്ക് വാക്കുകൊടുത്തു. ഒപ്പം ദൂഷണനെ അവളുടെ സേനാ പതിയായി വാഴിക്കയും ചെയ്തു.

സഹോദരിയേയും സമാധാനിപ്പിച്ച് അയച്ചുകഴിഞ്ഞ് രാവണന്‍ ലങ്കയില്‍ സ്വസ്ഥനായി നികുംഭിലയിലെ യജ്ഞശാലയില്‍ പ്രവേശിച്ചു. അവിടെ ശുക്രാചാര്യരുടെ നേതൃത്വത്തില്‍ വലിയൊരു യജ്ഞം അനുഷ്ഠിക്കുകയായിരുന്നു മേഘനാദന്‍ എന്ന രാവണപുത്രന്‍. യജ്ഞങ്ങളിലൂടെ നിരവധി മായാവിദ്യകള്‍ സ്വന്തമാക്കി അവന്‍ പിതാവിനു മുന്നില്‍ അഭിമാനത്തോടെ നിന്നു. രാവണന്‍ പ്രീതനായി സ്വഗൃഹത്തിലേക്ക് മടങ്ങി. ഈ സമയം വിഭീഷണന്‍ വന്ന് ”മേഘനാദന്‍ യജ്ഞം നടത്തിക്കൊണ്ടിരിക്കുകയും കുംഭകര്‍ണ്ണന്‍ ഉറക്കത്തില്‍ ആകുകയും ചെയ്ത തക്കത്തിന് മാല്യവാന്റെ പുത്രി കുംഭിനസിയെ മധു എന്ന രാക്ഷസന്‍ വന്ന് തട്ടിക്കൊണ്ടുപോയതായി അറിയിച്ചു. ഈ സംഭവം നടക്കുമ്പോള്‍ താന്‍ വെള്ളത്തിനകത്ത് പാര്‍ക്കുകയായിരുന്നുവെന്നും ആരും തടയാനില്ലാതിരുന്നതിനാല്‍ അവന് ഒരു പ്രതിരോധവും കൂടാതെ കന്യകാ അപഹരണം നടത്തുവാന്‍ സാധിച്ചും എന്നും വിഭീഷണന്‍ കൂട്ടിച്ചേര്‍ത്തു.

ഇതുകേട്ട് മേഘനാദനേയും കൂട്ടി രാവണന്‍ മധുവിനെ കൊല്ലുവാനായി പുറപ്പെട്ടു. മധുപുരത്തിലെത്തി മധുവിനെ അന്വേഷിക്കുമ്പോള്‍ കുംഭീനസി എത്തി തന്റെ ഭര്‍ത്താവിനെ വധിക്കരുതെന്ന് രാവണനോട് അപേക്ഷിച്ചു. അതിന്‍പ്രകാരം മധുരാക്ഷസനോടു രാവണന്‍ സഖ്യം ചെയ്തു.

അടുത്ത യുദ്ധം വൈശ്രവണനോടാകാമെന്ന് കരുതി രാവണന്‍ അങ്ങോട്ടേക്ക് പടനയിച്ചു. വഴിക്ക് വച്ച് രാത്രി വിശ്രമിക്കവേ പടയാളികള്‍ ഉറങ്ങുന്നനേരം രാവണന്‍ അതുവഴി പോകുന്ന അപ്‌സരസ്സ് രംഭയെ കണ്ടു. അവളെ ആക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ വൈശ്രവണന്റെ പുത്രനായ നളകുബരന്റെ പത്‌നിയാണെന്നും അതിനാല്‍ പുത്രിയുടെ സ്ഥാനമുള്ള തന്നെ ഉപദ്രവിക്കരുത് എന്നും കേണപേക്ഷിച്ചു. പക്ഷേ, അത് വകവയ്ക്കാതെ അവളെ രാവണന്‍ ആക്രമിച്ചു. ഒടുവില്‍ രാവണന്റെ അടുത്ത്‌നിന്ന് രക്ഷപ്പെട്ട് രംഭ നളകുബരന്റെ മുന്നിലെത്തി. പ്രിയപത്‌നിക്ക് നേരിട്ട് അപമാനം കേട്ട് കരള്‍നൊന്ത് നളകുബരന്‍ രാവണനെ ശപിച്ചു. ”ഇനി ഏതെങ്കിലും ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളെ സ്പര്‍ശിച്ചാല്‍ നിന്റെ തല ആയിരം കഷണങ്ങളായ് ചിതറട്ടെ…” ഈ ശാപം കാരണം പിന്നീട് അനുവാദമില്ലാതെ ഒരു സ്ത്രീയേയും രാവണന് തൊടാന്‍ ആയില്ല. അതോടെ രാവണന്‍ തട്ടിക്കൊണ്ടുവന്ന സ്ത്രീകള്‍ക്ക് സന്തോഷമായി.

രാവണന്റെ യാത്ര അനുസ്യൂതം തുടര്‍ന്നപ്പോള്‍ ഇന്ദ്രന്‍ എന്ത് വേണ്ടൂ എന്നയറിയാതെ വിഷ്ണുവിനെ ശരണം പ്രാപിച്ചു. വിഷ്ണു ഇന്ദ്രനോട് യുദ്ധം ചെയ്യുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ രാവണനും ദേവന്മാരുമായി യുദ്ധം ആരംഭിച്ചു. രണ്ട് പക്ഷത്തും നാശങ്ങള്‍ ഏറെ ഉണ്ടാക്കിക്കൊണ്ട് യുദ്ധം പുരോഗമിച്ചു. ഇടയ്ക്കുവച്ച് ഇന്ദ്രപുത്രന്‍ ജയന്തനും രാവണപുത്രന്‍ മേഘനാദനും തമ്മിലായി യുദ്ധം. അതില്‍ രണ്ടുപേരും തളര്‍ന്നുതുടങ്ങിയപ്പോള്‍ രാവണനും ഇന്ദ്രനും നേര്‍ക്കുനേര്‍ പൊരുതുവാന്‍ തുടങ്ങി. ഇടയ്ക്ക് ഇന്ദ്രന്റെ ശരമേറ്റ് രാവണന്‍ ക്ഷീണിതനായി എന്നുകണ്ട് മേഘനാദന്‍ തന്റെ മായാവിദ്യ ഉപയോഗിച്ച് അപ്രത്യക്ഷനായിക്കൊണ്ട് ഇന്ദ്രനെ മായയാല്‍ ബന്ധിച്ചു. അതോടെ യുദ്ധത്തില്‍ ഇന്ദ്രന്‍ പരാജിതനായി എന്ന് പ്രഖ്യാപിച്ച് രാവണനും കൂട്ടരും ലങ്കയിലേക്ക് മടങ്ങി.

”ഇന്ദ്രന്‍ തടവിലാക്കപ്പെട്ടിരിക്കുന്നു!!!” ദേവലോകം നാഥനില്ലാതെ കടുത്ത താപത്തിലാണ്ടു. അതോടെ പ്രശ്‌നപരിഹാരത്തിനായി ബ്രഹ്മദേവന്‍ സ്വയം രാവണനുമുന്നിലെത്തി ഇന്ദ്രനെ വിട്ടുതരുവാന്‍ ആവശ്യപ്പെട്ടു. അതുകേട്ട് രാവണപുത്രന്‍ പറഞ്ഞു ഇന്ദ്രനെ വിട്ടുതരാം. പക്ഷേ, തന്നെ ചിരംഞ്ജീവിയാകാന്‍ അനുഗ്രഹിക്കണം. അതുകേട്ട് ബ്രഹ്മാവ് ചിരംഞ്ജീവിയാകാന്‍ അനുഗ്രഹിക്കാനാകില്ല എന്നും മറ്റെന്തെങ്കിലും വരം ചോദിക്കുവാനും പറഞ്ഞു. അപ്പോള്‍ മേഘനാദന്‍ പറഞ്ഞു ”പ്രഭോ, അങ്ങനെയെങ്കില്‍ എനിക്ക് യജ്ഞ അഗ്നിയില്‍ നിന്ന് പോരിനിറങ്ങാന്‍ തക്ക പ്രാപ്തിയുള്ള കുതിരകള്‍ ബന്ധിക്കപ്പെട്ട തേരുവേണം. അതിലിരിക്കുമ്പോള്‍ ആരും തന്നെ വധിക്കുവാന്‍ ഇടയാകരുത്. അഗ്നിയില്‍ ജപഹോമങ്ങള്‍ അവസാനിക്കും മുമ്പ് യുദ്ധത്തിലേര്‍പ്പെട്ടാല്‍ എനിക്ക് നാശം സംഭവിച്ചുകൊള്ളട്ടെ. ഇതാണ് എനിക്കുവേണ്ട വരം.”

അത് സമ്മതിച്ച് ബ്രഹ്മാവ് ഇന്ദ്രനെ മോചിതനാക്കി മടങ്ങി. മോചിതനായിട്ടും ഇന്ദ്രനെ മൗഢ്യം വിട്ടുമാറിയില്ല. അതുകണ്ട് ബ്രഹ്മദേവന്‍, ഇന്ദ്രന്‍, മേഘനാദനാല്‍ അപമാനിക്കപ്പെടുവാനുണ്ടായ കാരണം പറഞ്ഞുകൊടുത്തു.
”പണ്ട് നീ ഒരു ദുഷ്‌കൃതം ചെയ്തു. അതിന്റെ ഫലമാണ് ഈ അപമാനം. ഞാന്‍ ബുദ്ധികൊണ്ട് പ്രജകളെ സൃഷ്ടിച്ചു. ഒരേ നിറം, ഭാഷ, രൂപം എന്നിട്ട് അവരുടെ ഓരോ അംഗത്തില്‍നിന്നും വിശിഷ്ടമായതെടുത്ത് ഒരു നാരിയെ സൃഷ്ടിച്ചു. അതീവ സുന്ദരിയായ അവള്‍ക്ക് യാതൊരുവിധ വൈകല്യവും ഇല്ലാതിരുന്നതിനാല്‍ ഹല്യമില്ലാത്തവള്‍ എന്ന അഹല്യ എന്ന് പേര്‍ നല്‍കി. അവളെ ആര്‍ക്ക് നല്‍കണം എന്ന് ചിന്തിച്ച് ഞാന്‍ അല്പകാലത്തേക്ക് ഗൗതം മഹര്‍ഷിക്ക് ന്യാസമായി നല്‍കി. അനേകവര്‍ഷം കാത്ത് സൂക്ഷിച്ച ശേഷം മഹര്‍ഷി അവളെ തിരികെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ ജിതേന്ദ്രിയത്വം കണ്ടറിഞ്ഞ് സന്തുഷ്ടനായ ഞാന്‍ അവളെ ഗൗതംമഹര്‍ഷിക്ക് വിവാഹം കഴിപ്പിച്ചുകൊടുത്തു. ഇതറിഞ്ഞ് ഇന്ദ്രനായ നിനക്ക് കലശലായ ദേഷ്യവും നിരാശയും തോന്നി. ഒടുവില്‍ മഹര്‍ഷിയില്ലാത്ത തക്കം നോക്കി മഹര്‍ഷിയുടെ രൂപമെടുത്ത് അഹല്യയുടെ സമീപം എത്തി. ഇതറിഞ്ഞ മഹര്‍ഷി നിന്നെ ശപിച്ചു ”അന്യന്റെ ഭാര്യയെ പ്രാപിക്കാന്‍ ശ്രമിച്ച നീ പോരില്‍ ശത്രുവിന്റെ കൈകളില്‍പ്പെടും. ഒപ്പം ഒരിക്കലും സ്ഥിരമായിരിക്കില്ല ഇന്ദ്രപദവി. ഇത്തരം ദ്രോഹം പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ക്കും ഈ ഗതിവരും.”
ഒപ്പം അദ്ദേഹം അഹല്യയേയും ശപിച്ചു. ”ഇനി മുതല്‍ ലോകസുന്ദരീ നീ മാത്രമായിരിക്കില്ല. ആശ്രമസമീപം നീ കല്ലായ് മാറട്ടെ.” ഇതുകേട്ട് ശാപമോക്ഷത്തിനായ് അഹല്യ അപേക്ഷിച്ചു. അവള്‍ പറഞ്ഞു ”അങ്ങയുടെ രൂപം പൂണ്ടതിനാലാണ് ഇന്ദ്രന്‍ എന്നെ തൊടുവാന്‍ ഇടയായത്.”
അതിനാല്‍ മഹര്‍ഷി ശാപമോക്ഷമായി പറഞ്ഞു ”ഇഷാകു കുലത്തില്‍ ദശരഥന്‍ എന്ന രാജാവിന് ജനിക്കുന്ന രാമന് നീ ആതിഥ്യം നല്‍കുമ്പോള്‍ പവിത്രയായി എന്റെ അടുക്കലെത്തും.”

”ആ മുനിയുടെ ശാപമാണ് ഇന്ദ്രാ നിന്റെ ഈ പരാജയത്തിന് കാരണം,” ബ്രഹ്മാവ് പറഞ്ഞുനിര്‍ത്തി. പിന്നെ രാമന്‍ അഗസ്ത്യനോട് ചോദിച്ചു. ഭഗവാന്‍, അപ്പോള്‍ ഈ ലോകത്ത് ആരില്‍ നിന്നും ഒരെതിര്‍പ്പും രാവണന് നേരിടേണ്ടിവന്നിട്ടില്ല എന്നാണോ?
ഇതിന് മറുപടിയായി അഗസ്ത്യമുനി രാവണന് കാര്‍ത്ത്യവീരാര്‍ജ്ജുനന്‍ എന്ന ആയിരം കൈകളുള്ള അതിപ്രതാപവാനായ രാജാവില്‍ നിന്നും ഏറ്റ തോല്‍വിയെക്കുറിച്ച് പറഞ്ഞുകൊടുത്തു. അദ്ദേഹം തുടര്‍ന്നു. ഒരിക്കല്‍ രാവണന്‍ നര്‍മ്മദാ തീരത്ത് വിശ്രമിക്കവെ തെളിഞ്ഞ വെളളം കണ്ട് അവിടെ ശിവപൂജ ചെയ്യുവാന്‍ തീരുമാനിച്ചു. പൂജ ചെയ്തുകൊണ്ടിരിക്കവെ പെട്ടെന്ന് നദിയിലെ വെള്ളംപൊങ്ങി. ഇതെന്ത് അത്ഭുതം എന്ന് അമ്പേഷിച്ചപ്പോള്‍ അര്‍ജ്ജുനന്‍ തന്റെ ആയിരം കൈകള്‍കൊണ്ട് നര്‍മ്മദ തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ് എന്നാണ് രാവണന്‍ അറിഞ്ഞത്. പിന്നെ പതിവുപോലെ യുദ്ധം ആരംഭിച്ചു. പക്ഷേ, ഏറെപ്പോകും മുമ്പുതന്നെ രാവണനെ തോല്‍പ്പിച്ചു അര്‍ജ്ജുനന്‍ പിന്നെ വില്ലാളിയായ അദ്ദേഹത്തോട് സഖ്യം ചെയ്ത് രാവണന്‍ മടങ്ങി. അതുകഴിഞ്ഞ് ബാലിയോട് ഏറ്റുമുട്ടാന്‍ പോയ രാവണനെ ബാലി സന്ധ്യാവന്ദനം നടത്തുന്നതിനിടയില്‍ തന്റെ കക്ഷത്തില്‍ തൂക്കിയിട്ട് സാഗരമായ സാഗരങ്ങളില്‍ സന്ധ്യാവന്ദനം നടത്തി തിരികെ കിഷ്‌കിന്ധയില്‍ പ്രവേശിച്ചു. ആകെ ലജ്ജിച്ച രാവണന്‍ ബാലിയുമായി സന്ധി ചെയ്തു. അവര്‍ അഗ്നിസമക്ഷം സമ്മോദിതരായി സത്യം ചെയ്തു.

ഇത്രയും കേട്ടപ്പോള്‍ രാമന്‍ അഗസ്ത്യമുനിയോടെ ഹനുമാനെക്കുറിച്ച് പറയുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അഗസ്ത്യമുനി ഹനുമാന്റെ കഥ പറഞ്ഞു. കേസരിയെന്ന പുകഴ്‌പെറ്റവന് അഞ്ജനയില്‍ വായുദേവന്റെ അനുഗ്രഹത്താല്‍ ജനിച്ചവനാണ് ഹനുമാന്‍. ഒരിക്കല്‍ കൂട്ടിയായിരുന്നപ്പോള്‍ ആകാശത്ത് കണ്ട് ഉദയസൂര്യനെ പഴമെന്ന് കരുതി പിടിക്കാന്‍ ആഞ്ഞ ഹനുമാനെ ഇന്ദ്രന്‍ തന്റെ വജ്രായുധം ഉപയോഗിച്ച് തടഞ്ഞു. മകന് അപകടം ഏറ്റത് കണ്ട് വായു എങ്ങും വീശാതെയായി. ഒടുവില്‍ സര്‍വ്വതും നശിക്കുമെന്നു കണ്ട് ബ്രഹ്മാവ് പ്രത്യക്ഷനായി അനുഗ്രഹിച്ച് ഹനുമാനെ മരണത്തില്‍ നിന്ന് മടക്കുകയും പിന്നെ എല്ലാ ദേവതകളും അനുഗ്രഹിക്കുകയും ചിരഞ്ജീവിയാകുമെന്ന് അരുളുകയും ചെയ്തു. അങ്ങനെ പ്രതാപശാലിയായ ഹനുമാന്‍ മുനിജനങ്ങള്‍ക്ക് ദോഷംവരുത്തിയപ്പോള്‍ അവര്‍ ശപിച്ചു. ”ആരെങ്കിലും ഓര്‍മ്മിച്ചാലല്ലാതെ സ്വന്തം ശക്തിയെക്കുറിച്ച് നിനക്ക് ബോധമുണ്ടാകാതെ പോകട്ടെ” എന്നായിരുന്നു ശാപം. ആ ശാപം മാറിയത് പിന്നീട് ജാംബവാന്‍ സമുദ്രതരണം ചെയ്യേണ്ടുന്ന ഘട്ടത്തില്‍ ഹനുമാനെ ഓര്‍മ്മപ്പെടുത്തുന്നതിലൂടെയായിരുന്നു.
ഇങ്ങനെ മഹര്‍ഷിമാരുടെ ഉപദേശങ്ങള്‍ കൈവന്ന് രാമന്‍ അവരെ യഥോചിതം സല്‍ക്കരിച്ച് പിന്നെ ആവശ്യമായ ഉപചാരങ്ങള്‍ നല്‍കി യാത്രയാക്കി.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close