ഇരുപത്തിയൊന്‍പതാം ദിനം

29

ദുര്‍ഗാ മനോജ്

മുനിമാരെ സല്‍ക്കരിച്ച് ആദരിച്ചശേഷം രാമന്‍ അവരുടെ ആഗമനോദ്ദേശ്യം ആരാഞ്ഞു. അതിന് മറുപടിയായി അവര്‍ പറഞ്ഞു. ”ഹേ രാജന്‍, ഞങ്ങളുടെ ഭയത്തിന് കാരണക്കാരന്‍ ലവണന്‍ എന്ന രാക്ഷസന്റെ ക്രൂരപ്രവര്‍ത്തികളാണ്. മധു എന്ന രാക്ഷസന്റെ പുത്രനാണിവന്‍. പണ്ട് പരമശിവനില്‍ നിന്ന് മധുവിന് ലഭിച്ച വിശിഷ്ടമായ വേല്‍ ഇപ്പോള്‍ കൈയ്യാളുന്നത് ലവണനാണ്. സ്വതേ ദുഷ്ടനായ ഇവന്‍ ഇപ്പോള്‍ തന്റെ ദിവ്യമായ വേലുപയോഗിച്ച് എതിരാളികളെ ഭസ്മമാക്കുന്നു. ദിവസവും ആയിരക്കണക്കിന് പക്ഷിമൃഗാദികള്‍ വേണം അവന് വിശപ്പടക്കുവാന്‍ പിന്നെ ഒരു തമാശയെന്നവണ്ണം മുന്നില്‍ എത്തപ്പെടുന്ന താപസന്മാരേയും അവന്‍ ശാപ്പിടും. ഇതിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ ആര്‍ക്കും ആകുന്നില്ല. വേല്‍ അവന്റെ കൈകളില്‍ ഇല്ലാത്തപ്പോള്‍ മാത്രമേ അവനെ കൊല്ലാനാകൂ.”

ഇതുകേട്ട് രാമന്‍ തന്റെ സഹോദരന്മാരെ അടുത്ത് വിളിച്ച് ആരാണ് ലവണനെ കൊല്ലുവാന്‍ പോകുന്നത് എന്നുചോദിച്ചു. ഭരതന്‍ ആദ്യം തന്നെ മുന്നോട്ടേക്ക് വന്നു. പക്ഷേ, അപ്പോള്‍ ശത്രുഘ്‌നന്‍ പറഞ്ഞു ”പാടില്ല. ഭരതന്‍ പതിനാലുവര്‍ഷം മരവുരിയും ഉടുത്ത് ഒരു താപസിയെപ്പോലെ ഏറെ കഷ്ടപ്പെട്ടു കഴിഞ്ഞു. ഇനി ഈ ഒരു കഷ്ടതയിലേക്ക് കൂടി പോകരുത്. ലവണനെ ഞാന്‍ വധിക്കാം.”
ഇതുകേട്ട് രാമന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ നീ അവനെ വധിച്ച് അവിടെ പുതിയ പുരം പണിത് അവിടുത്തെ ജനതയുടെ നാഥനാകുക. അതിനായി നാം ഇപ്പോള്‍ത്തന്നെ നിന്റെ അഭിഷേകം നടത്തുവാന്‍ പോകുകയാണ്.

ശത്രുഘ്‌നന്റെ അഭിഷേകം അപ്പോള്‍ തന്നെ രാമന്‍ നിര്‍വ്വഹിച്ചു. പിന്നെ ലവണനെ എപ്രകാരം വധിക്കണമെന്ന് ഉപദേശിച്ചു. പുതിയ പുരം നിര്‍മ്മിക്കാന്‍ ആവശ്യമായ ശില്പികളേയും സേനകളേയും പലതരം വാണിഭ വസ്തുക്കളോട് കൂടിയ വാണിക്കുകളേയും ശത്രുഘ്‌നനു മുന്നില്‍ മധുപുരത്തിലേക്ക് പോകുവാന്‍ രാമന്‍ കല്പനയായി. വേഗം പുറപ്പെട്ട് ഒരു മാസത്തിനുശേഷം ശത്രുഘ്‌നനും എതിരാളിയുടെ അടുത്തേക്ക് യാത്ര തുടങ്ങി. സേനയെ മധുപുരത്തിന് ഇപ്പുറം ഗംഗാതീരത്ത് തങ്ങുവാന്‍ കല്പിച്ച് ശത്രുഘ്‌നന്‍ തനിയെ ശത്രുഘാതകത്തിനായി പുറപ്പെട്ടു. ഗംഗാ നദി കടന്ന് രാത്രി തങ്ങുവാനായി ശത്രുഘ്‌നന്‍ തിരഞ്ഞെടുത്തത് വാല്‍മീകി മഹര്‍ഷിയുടെ ആശ്രമമായിരുന്നു. ശത്രുഘ്‌നന്‍ ചെന്ന് എത്തിയ ആ രാത്രിയില്‍ സീത രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ആദ്യം പിറന്നവന് കുശനെന്നും രണ്ടാമന് ലവനെന്നും മുനി പേര്‍ നല്‍കി. ആ വാര്‍ത്ത ശ്രവിച്ച് ശത്രുഘ്‌നനും ആഹ്ലാദത്തിലായി.

പിറ്റേന്ന് പുലര്‍ച്ചെ ശത്രുഘ്‌നന്‍ ലവണനെ തേടി യാത്ര ആരംഭിച്ചു. പകല്‍ ലവണന്‍ തന്റെ വിശപ്പടക്കുവാനായി വനത്തിലേക്ക് പോയിരിക്കയായിരിക്കും. അവന്‍ തിരികെ പുരത്തില്‍ കയറി വേല്‍ കൈയ്യിലെടുക്കും മുമ്പ് അവനെ വധിക്കേണ്ടതിനാല്‍ ശത്രുഘ്‌നന്‍ കോട്ടവാതിലിന് സമീപം അവനെ കാത്ത് നിന്നു.

കുറേനേരം കഴിഞ്ഞപ്പോള്‍ ലവണന്‍ തിരികെയെത്തി. യുദ്ധത്തിനൊരുങ്ങി നില്‍ക്കുന്ന ശത്രുഘ്‌നനെ അവന്‍ നേരിട്ടു. ഒടുവില്‍ രാമന്‍ അനുഗ്രഹിച്ച് നല്‍കിയ അസ്ത്രത്തിനാല്‍ ആ ദുഷ്ടന്റെ കഥ കഴിക്കുകയും ചെയ്തു. അങ്ങനെ വേല്‍ കൈയ്യിലില്ലാത്ത തക്കത്തിന് അവനെ വധിച്ച് ശത്രുഘ്‌നന്‍ അവിടെ ഒരു പുരം നിര്‍മ്മിച്ച് പന്ത്രണ്ട് വര്‍ഷം രാജ്യം പരിപാലിച്ചു. പിന്നെ ഒരുനാള്‍ രാമനെ കാണണം എന്ന ചിന്ത വല്ലാതം വളര്‍ന്നപ്പോള്‍ ശത്രുഘ്‌നന്‍ കുറച്ച് അനുചരരുമായി അയോധ്യയിലേക്ക് പോയി. പോകുംവഴി വാല്‍മീകി ആശ്രമത്തില്‍ രാത്രി തങ്ങവേ മുനി രാമന്റെ ചരിതം വളരെ മനോഹരമായി ആലപിക്കുന്നതു കേട്ടു. പണ്ട് നടന്ന രാമന്റെ ജീവിതം ഇത്ര കൃത്യമായി എഴുതി മനോഹരമാക്കി പാടുന്നതു കേട്ട് ശത്രുഘ്‌നന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നെ അയോധ്യയിലെത്തിയ ശത്രുഘ്‌നന്‍ രാമനോടൊപ്പം കഴിയണം എന്ന് വാശിപിടിച്ചുവെങ്കിലും രാമന്‍ നല്ല വാക്കുകള്‍ പറഞ്ഞ് ഇടയ്ക്കിടയ്ക്ക് തന്നെ വന്നു കണ്ടുകൊളളുവാന്‍ അനുവാദവും നല്‍കി യാത്രയാക്കി.
ഇങ്ങനെ കാലം മുന്നോട്ട് പോകവേ ഒരുനാള്‍ ഒരു ബ്രാഹ്മണന്‍ തന്റെ കുഞ്ഞ് മരിച്ചിരിക്കുന്നു എന്നുംപറഞ്ഞ് ആ കുഞ്ഞിന്റെ ശരീരവും എടുത്തുകൊണ്ട് കൊട്ടാരത്തിനു മുന്നിലെത്തി കരയുവാന്‍ തുടങ്ങി. രാജാവിന്റെ നോട്ടക്കുറവ് കാരണമാണ് തന്റെ പുത്രന്‍ മരിക്കാനിടയായത് എന്നാണ് ബ്രാഹ്മണന്‍ വാദിച്ചത്. ഒടുവില്‍ രാമന്‍ എല്ലാ മന്ത്രിമാരേയും വരുത്തി. വസിഷ്ഠനോടുകൂടി എട്ട് ബ്രാഹ്മണരേയും വരുത്തി ഇതിനുകാരണം എന്തെന്ന് കണ്ടുപിടിക്കുവാന്‍ ആവശ്യപ്പെട്ടു.

അപ്പോള്‍ നാരദന്‍ അവിടെയെത്തുകയും രാമനോട് ബാലമരണത്തിന് കാരണം എന്തെന്ന് പറയുകയും ചെയ്തു. നാരദന്‍ പറഞ്ഞു ”പണ്ട് കൃതയുഗത്തില്‍ ബ്രാഹ്മണര്‍ മാത്രമേ തപസ് ചെയ്യാറുണ്ടായിരുന്നുള്ളൂ. പിന്നീട് ത്രേതായുഗത്തില്‍ ബ്രാഹ്മണനോടൊപ്പം ക്ഷത്രിയരും തപസ് ചെയ്യുവാന്‍ തുടങ്ങി. ദ്വാപരയുഗത്തില്‍ വൈശ്യരും തപസ് ചെയ്യുവാന്‍ തുടങ്ങി. ഇതനുസരിച്ച് ഭൂമിയില്‍ അധര്‍മ്മം വര്‍ദ്ധിച്ചുതുടങ്ങി. എന്നാല്‍ ശൂദ്രന്‍ യുഗങ്ങളായി ധര്‍മ്മം നേടുന്നില്ല. ഇനി കലിയുഗത്തില്‍ ശൂദ്രരും കൊടുംതപസ് ആചരിക്കുവാന്‍ തുടങ്ങി. ഇപ്പോള്‍ ഈ ബാലമരണത്തിന് കാരണം തപസു ചെയ്ത് ദേവലോകം പ്രാപിക്കാനൊരുങ്ങുന്ന ശൂദ്രന്‍ ജംബുകന്‍ എന്നൊരുവന്റെ പ്രവര്‍ത്തിയാണ്. ഇതുകേട്ട് രാമന്‍ വേഗം പുഷ്പകവിമാനം വരുത്തി അതിലിരുന്നുകൊണ്ട് എല്ലാ ദിക്കുകളിലും ജംബുകനുവേണ്ടി തിരച്ചില്‍ തുടങ്ങി. ഒടുവില്‍ ഒരു ജലാശയത്തില്‍ തല കീഴായി തപസുചെയ്യുന്ന അവനെ കണ്ടെത്തി. അവനോട് അവന്‍ ആരാണെന്നും എന്താണ് ചെയ്യുന്നത് എന്നും അന്വേഷിച്ചു. ദേവലോകം പ്രാപിക്കാന്‍ തപസുചെയ്യുന്ന അവന്റെ തല ഒറ്റവെട്ടിന് അറുത്തുമാറ്റി രാമന്‍. അതോടെ ബ്രാഹ്മണ പുത്രന് ജീവന്‍ ലഭിക്കുകയും ചെയ്തു. പിന്നീട് അവിടെ നിന്നും മടങ്ങി.

അഗസ്ത്യമുനിയുടെ ആതിഥ്യം സ്വീകരിച്ച രാമനെ ഋഷി വേണ്ടവിധം സ്വീകരിച്ചശേഷം അദ്ദേഹത്തിന് ലഭിച്ച വളരെ ദിവ്യമായ ഒരാഭരണം രാമനു സമ്മാനമായി നല്‍കി. പിന്നെ മഹര്‍ഷി രാമനു പല കഥകളും പറഞ്ഞുകൊടുത്ത് തുടങ്ങി

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close