ഇരുപത്തിരണ്ടാം ദിനം

22

ദുര്‍ഗാ മനോജ്

നാഗാസ്ത്രത്തില്‍ നിന്ന് രാമലക്ഷ്മണന്മാര്‍ മോചിതരായതറിഞ്ഞ് വാനരപ്പട ആഹ്ലാദത്തിലാറാടി. ആര്‍ത്തലറുന്ന വാനരന്മാരുടെ ഒച്ചകേട്ട് രാവണന് സംശയമായി. ”അല്ല ഇതെന്താണ് ശത്രുപക്ഷത്തുനിന്നും ആഹ്ലാദകോലാഹലങ്ങള്‍ ഉയരുന്നത്? നാഗാസ്ത്രത്താല്‍ രാമലക്ഷ്മണന്മാര്‍ ബന്ധിക്കപ്പെട്ട് കിടക്കവേ ഇപ്രകാരം ആഹ്ലാദിക്കാന്‍ കാരണമെന്താകും? രാവണന്റെ സംശയം തീര്‍ക്കുവാനായി രാക്ഷസന്മാര്‍ രാമന്റെ സേനയില്‍ സംഭവിക്കുന്നത് എന്ത് എന്ന് അറിഞ്ഞുവരുവാന്‍ പോയി. അവര്‍ കൊണ്ടുവന്ന വാര്‍ത്ത കേട്ട് രാവണന്‍ ശരിക്കും പരിഭ്രമിച്ചു. ”അസംഭവ്യമായത് സംഭവിച്ചിരിക്കുന്നു. നാഗാസ്ത്ര ബന്ധനത്തില്‍ നിന്ന് അവര്‍ മോചിതരായിരിക്കുന്നു.” അതോടെ കോപംകൊണ്ട് ചുവന്ന് കലങ്ങിയ കണ്ണുമായി പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ട് രാവണന്‍ രാക്ഷസന്മാരോട് പറഞ്ഞു:”രാമനെ കൊല്ലാനായി വേഗം പുറപ്പെടുക” ഇതുകേട്ട് ധൂമ്രാക്ഷന്‍ എന്ന രാക്ഷസന്‍ വേഗം സകല ആയുധങ്ങളും എടുത്ത് വന്‍പടയുമൊത്ത് രാമനിഗ്രഹത്തിനായി ഇറങ്ങി. കുറേയേറെ നാശങ്ങള്‍ അവന്‍ രാമപക്ഷത്തിന് ഉണ്ടാക്കിയെങ്കിലും മാരുതി എറിഞ്ഞ ഒരു പാറയില്‍ത്തട്ടി തല തകര്‍ന്ന് അവന്‍ ചത്തുമലച്ചു. ധൂമ്രാക്ഷന്‍ വധിക്കപ്പെട്ടതറിഞ്ഞ് വര്‍ദ്ധിച്ച വീര്യത്തോടെ വജ്രദംഷ്ട്രനെ യുദ്ധത്തിനയച്ചു. അവനും കുറേയേറെ നാശനഷ്ടങ്ങള്‍ വാനരപ്പടയ്ക്ക് ഉണ്ടാക്കി. ഒടുവില്‍ ബാലിപുത്രനായ അംഗദന്റെ മുഷ്ടീപ്രയോഗത്തില്‍ തളര്‍ന്ന് ഒടുവില്‍ അംഗദന്റെ വാളിന് ഇരയായി.

വജ്രദംഷ്ട്രന് പിന്നാലെ അകമ്പനും പിന്നാലെ പ്രധിസ്തനും കാലപുരിയ്ക്കയക്കപ്പെട്ടു.
പ്രമുഖരായ സേനാനികള്‍ ഓരോരുത്തരായി നഷ്ടമാകുന്നത് രാവണന്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ രാവണന്‍ ഇന്ദ്രജിത്തിനും മഹോദരനും, പിശാചനും കുംഭനും ഒക്കെച്ചേര്‍ന്ന് അടര്‍ക്കളത്തിലേക്കിറങ്ങി.

ഈ സമയം ജ്വലിക്കുന്ന പ്രഭാവത്തോടെ നില്‍ക്കുന്ന രാവണനെ നിഗ്രഹിക്കാനായി രാമനും രംഗത്തിറങ്ങി. അതിശക്തമായ യുദ്ധമാണ് രാമനും രാവണനും തമ്മില്‍ ഉണ്ടായത്. തിളങ്ങുന്ന രഥത്തില്‍ രാവണന്‍ എത്തിയപ്പോള്‍ ഹനുമാന്റെ തോളിലേറിയാണ് രാമന്‍ യുദ്ധത്തിനെത്തിയത്. രാവണന്‍ എയ്ത അമ്പുകള്‍ മരത്തിന്‍ ചില്ലകള്‍ എന്നപോലെ ഹനുമാന്റെ ദേഹത്ത് നിറഞ്ഞു. ഇതുകണ്ട് വര്‍ദ്ധിച്ച സങ്കടത്തോടെയും കോപത്തോടെയും രാമന്‍ വജ്രായുധത്തിനൊത്ത ഒരു ബാണം രാവണന് നേര്‍ക്ക് അയച്ചു. രാമബാണമേറ്റ് രാവണന്‍ തളര്‍ന്ന് വീണു. രാമന്‍ അടുത്ത ബാണം കൊണ്ട് രാവണന്റെ കിരീടം തകര്‍ത്തു. പിന്നെ രാമന്‍ രാവണനോട് പറഞ്ഞു ”നീ തളര്‍ന്നിരിക്കുന്നു. നിന്റെ അമ്പും വില്ലും തേരും തേരാളിയും ഒക്കെ നഷ്ടപ്പെട്ടിരിക്കുന്നു. എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ നിന്നെ കൊല്ലാം. പക്ഷേ, ഞാനത് ചെയ്യുന്നില്ല. ഇപ്പോള്‍ ഈ യുദ്ധഭൂമിയില്‍ നിന്ന് നീ മടങ്ങുക. നാളെ വീണ്ടും തേരില്‍ വരിക. അപ്പോള്‍ നിന്നെ ഞാന്‍ കാലപുരിക്ക് അയക്കുന്നതാണ്.”

രാമന്റെ വാക്കുകള്‍ കേട്ട് ലജ്ജിതനായി രാവണന്‍ കൊട്ടാരത്തിലേക്ക് മടങ്ങി.

മനുഷ്യനോട് ഏറ്റ പരാജയം രാവണനെ പരിഭ്രാന്തനാക്കി. ഞാന്‍ ചെയ്ത ഉഗ്രതപസ്സൊക്കെ പാഴായി. ”മനുഷ്യരില്‍ നിന്ന് ഭയമേല്‍ക്കപ്പെടും” എന്ന ബ്രഹ്മവാക്യം സത്യമായി വരികയാണ്. ഏതായാലും ഇനി മറ്റ് വഴികളൊന്നുമില്ല. കുംഭകര്‍ണ്ണനെ ഉണര്‍ത്തുക തന്നെ. അവന്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒമ്പതുനാള്‍ മാത്രമേ ആയിട്ടുള്ളൂ. ഇനിയും മുപ്പത്തിനാലുനാള്‍ അവന്‍ ഉറങ്ങിത്തീര്‍ക്കേണ്ടതാണ്. പക്ഷേ, ഇനിയും കാത്ത് നില്‍ക്കാനാകില്ല. രാമനെ നശിപ്പിക്കാന്‍ അവനെക്കൊണ്ട് മാത്രമേ സാധിക്കൂ. ”ആരവിടെ, വേഗം കുംഭകര്‍ണ്ണനെ ഏത് വിധേനയും ഉണര്‍ത്തുവിന്‍”. രാവണന്റെ കല്പന കേട്ട് രാക്ഷസന്മാര്‍ മലപോലെ ഭക്ഷ്യവസ്തുക്കളും ഒരുക്കി കുംഭകര്‍ണ്ണന്റെ താമസസ്ഥലത്ത് എത്തി. അവന്റെ ശ്വാസം തട്ടി പല രാക്ഷസന്‍മാരും പറന്നുപോയി. പലവിധത്തിലുളള പീഡ ആ ശരീരത്തില്‍ ഏല്‍പ്പിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. ഒടുവില്‍ ആനകളെക്കൊണ്ട് അവന്റെ ശരീരത്തിലൂടെ നടത്തിച്ച് തുടങ്ങിയപ്പോഴാണ് ആ മഹാരാക്ഷസന്‍ ഉറക്കത്തില്‍ നിന്ന് ഒന്നനങ്ങിയത്. വീണ്ടും ശല്യം ചെയ്യല്‍ തുടര്‍ന്നപ്പോള്‍ കുംഭകര്‍ണ്ണന്‍ ശ്രമപ്പെട്ട് തന്റെ കണ്ണുതുറന്ന് എഴുന്നേറ്റു. എഴുന്നേറ്റ് കഴിഞ്ഞ ഉടനെ അവനോട് രാവണന്‍ പറഞ്ഞ കാര്യങ്ങള്‍ ഭൃത്യന്‍ പറഞ്ഞുകൊടുത്തു. പിന്നെ വേഗം കുംഭകര്‍ണ്ണന്‍ രാവണനു മുന്നില്‍ എത്തി.

രാവണന്‍ കാര്യങ്ങള്‍ എല്ലാം കുംഭകര്‍ണ്ണനോട് പറഞ്ഞു.

രാവണന്‍ കുംഭകര്‍ണ്ണനോട് വേഗം പടയ്ക്ക് തയ്യാറെടുക്കുവാന്‍ ആവശ്യപ്പെട്ടു. രാവണന്റെ ആവലാതി കേട്ട കുംഭകര്‍ണ്ണന്‍ പറഞ്ഞു. ഇനി പറയുന്നതില്‍ കാര്യമില്ല എന്നറിയാം. നേരത്തെ അങ്ങയുടെ ഭാര്യയും സഹോദരന്‍ വിഭീഷണനും സീതയെ രാമന് വിട്ടുകൊടുത്ത് യുദ്ധം ഒഴിവാക്കണം എന്ന് അങ്ങയോട് അപേക്ഷിച്ചതാണ്. എന്നാല്‍ അതിന് വിപരീതമായാണ് അങ്ങ് പ്രവര്‍ത്തിച്ചത്. അതിന്റെ അനിവാര്യമായ ഫലമാണ് ഇപ്പോള്‍ രാക്ഷസകുലം മുഴുവന്‍ അനുഭവിക്കുന്നു.

കുംഭകര്‍ണ്ണന്റെ ഈ വാക്കുകള്‍ കേട്ട് രാവണന് കലശലായ കോപം വന്നു. ”ഹും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് എനിക്കെതിരെ ധര്‍മ്മം പുലമ്പുന്നോ?” രാവണന്റെ വാക്ക് കേട്ട് കുംഭകര്‍ണ്ണന്‍ പറഞ്ഞു ”അങ്ങ് കോപവും സന്താപവും വെടിയുക. ഏതവസ്ഥയിലും അങ്ങേയ്ക്ക് വിധേയനാണ് ഞാന്‍. അങ്ങേയ്ക്ക് ഹിതമായത് ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ. ഏതായാലും അത് അഹിതമായാണ് അങ്ങ് വിചാരിച്ചു വയ്ക്കുന്നത്. പക്ഷേ നിശ്ചയമായും അങ്ങയുടെ ശത്രുവായ രാമനെ ഞാന്‍ യുദ്ധത്തില്‍ വധിച്ച് വാനരപ്പടയെ കടലുകടത്തും. രാമനെക്കുറിച്ച് അങ്ങിനി ഓര്‍ക്കുകപോലും വേണ്ട.” ഇതും പറഞ്ഞ് കുംഭകര്‍ണ്ണന്‍ രാമനെ എതിരിടാന്‍ യുദ്ധഭൂമിയിലേക്ക് ഇറങ്ങി.

പര്‍വ്വതംപോലെ വലുതായ കുംഭകര്‍ണ്ണന്‍ ഇറങ്ങിയതോടെ വാനരന്മാര്‍ നാലുപാടും ചിതറിയോടി. പ്രാണഭയം കൊണ്ട് ഓടുന്ന മര്‍ക്കടന്മാരെ അംഗദന്‍ ഒരുവിധം തടുത്ത് നിര്‍ത്തി. ബാലിപുത്രന്റെ ആജ്ഞ കേട്ട് അവര്‍ ഒരുവിധം അടങ്ങി നില്‍പ്പായി. ഈ സമയം നീലന്‍, കുമുദന്‍, സുഷേണന്‍, ഗവാക്ഷന്‍, താരന്‍, ഹനുമാന്‍ തുടങ്ങിയ പ്രമുഖര്‍ യുദ്ധത്തിനു തയ്യാറായി. മരിക്കുവാന്‍ തയ്യാറായി മര്‍ക്കടന്മാര്‍ നിരന്നു. വീരനും കൂറ്റനുമായ കുംഭകര്‍ണ്ണന്‍ ഗദയുമെടുത്ത് കോപത്തോടെ രാമന്റെ പടക്കുമേല്‍ ആഞ്ഞടിച്ചു. പത്തും പതിനാറും മര്‍ക്കടന്മാരെ ഒറ്റക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് തിന്നുകൊണ്ട് എല്ലായിടത്തും പാഞ്ഞുനടന്നു. എല്ലാ വാനരപ്രമുഖന്മാരും തന്നാലാവും വിധം അവനെ നേരിട്ടുകൊണ്ടിരുന്നു. ഒടുവില്‍ പടയ്ക്ക് വന്‍ നാശം വരുന്നത് കണ്ട് സുഗ്രീവന്‍ ചാടിയെഴുന്നേറ്റ് അവന്റെ നേരെ വലിയൊരു കൊടുമുടി പിഴുത് എറിഞ്ഞു. പക്ഷേ, അത് കുംഭകര്‍ണ്ണന്റെ നെഞ്ചില്‍ തട്ടി പൊടിഞ്ഞുവീണു. എന്നിട്ട് സുഗ്രീവനെ വധിക്കുവാന്‍ ആഞ്ഞു. പിന്നെ ഒരു ശൂലം അവന്‍ ആഞ്ഞെറിഞ്ഞു. അത് ഹനുമാന്‍ ചാടിപ്പിടിച്ച് മുട്ടില്‍ വച്ച് ഒടിച്ചുകളഞ്ഞു. ഹനുമാന്‍ ശൂലമൊടിച്ചത് കണ്ട് കുംഭകര്‍ണ്ണന്‍ നടുങ്ങി. പിന്നേയും അവന്റെ വിക്രമങ്ങള്‍ അതിരില്ലാതെ തുടര്‍ന്നപ്പോള്‍ ലക്ഷ്മണന്‍ രംഗത്തിറങ്ങി. വീര്യവാനായ ലക്ഷ്മണന്‍ എയ്ത അമ്പുകളേറ്റ് ഒടുവില്‍ കുംഭകര്‍ണ്ണന്റെ ദേഹം കീറിമുറിഞ്ഞു. ഇതെല്ലാം കണ്ട് അക്ഷോഭ്യനായി നിന്ന രാമനു നേരെയായി പിന്നെ അവന്റെ പരാക്രമം. പിന്നെ രാമന്‍ എയ്ത ‘വാചവ്യ’ മെന്ന അസ്ത്രം അവന്റെ കൈ മുറിച്ചെറിഞ്ഞു. പിന്നെയും അവന്റെ ശരീരം രാമബാണങ്ങള്‍ കൊണ്ട് മൂടി. ഒടുവില്‍ രാമന്‍ അയച്ച തീപോലെ കത്തുന്ന ബാണം അവന്റെ തല അറുത്ത് എറിഞ്ഞു. ബാണമേറ്റ അവന്റെ ശരീരം കടലിലും പതിച്ചു. അവന്‍ പതിച്ചതോടെ ഭൂമി കുലുങ്ങി. സന്തോഷംകൊണ്ട് ദേവന്‍മാര്‍ ഉച്ചത്തില്‍ ആര്‍ത്തു. പിന്നേ ദേവര്‍ഷികള്‍, സുരന്മാര്‍ ഒക്കെ രാമപരാക്രമം കണ്ട് പുളകിതരായി.
”കുംഭകര്‍ണ്ണന്‍ രാമനാല്‍ വധിക്കപ്പെട്ടു” ഈ വാര്‍ത്തയറിഞ്ഞ് രാവണന്‍ ആകെ തകര്‍ന്നു. ദീനമായി വിലപിച്ച് ആ രാക്ഷസരാജാവ് മോഹാലസ്യപ്പെട്ട് നിലത്തുവീണു.

രാവണന്റെ വിലാപം കണ്ട് ത്രിശിരസ്സു പറഞ്ഞു, ”ഹേ രാജന്‍, അങ്ങ് ഇങ്ങനെ കരയുന്നത് ശരിയല്ല. രാമനെ കൊല്ലുക തന്നെ വേണം. അത് അങ്ങേക്ക് മാത്രമേ സാധ്യമായതുമാണ്. ബ്രഹ്മദത്തമായ വേലും വില്ലും, അമ്പും ചട്ടയും ആയിരം കഴുതകളെ പൂട്ടിയ മേഘസമന്വയമായ തേരും അങ്ങേക്ക് ഉണ്ട്. വിജയം അങ്ങേക്ക് സുനിശ്ചിതം.” ഇതുകേട്ട് വീണ്ടും വര്‍ദ്ധിതവീര്യത്തോടെ രാവണന്‍ യുദ്ധത്തിന് തയ്യാറായി. രാവണന്‍ യുദ്ധസന്നദ്ധനായതോടെ രാവണപക്ഷത്തെ പ്രമുഖ രാക്ഷസന്മാരായ നരാന്തകനും ദേവാന്തകനും തേജസ്വിയായ അതികായനും യുദ്ധത്തിനിറങ്ങി.

മൂവരും ഏറെ നാശനഷ്ടങ്ങള്‍ വാനരസേനയ്ക്ക് വരുത്തിവച്ചുവെങ്കിലും അംഗദന്റെ കൈകളാല്‍ നരാന്തകനും ഋഷഭന്‍ ദേവാന്തകനും ലക്ഷ്മണന്റെ അമ്പേറ്റ് അതികായനും ജീവന്‍ നഷ്ടപ്പെട്ടു.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close