ഇറാഖില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങള്‍ പറക്കല്‍ തുടങ്ങി

ഇറാഖിലെ വിമതര്‍ക്കെതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നു. മിസൈലുകള്‍ ഘടിപ്പിച്ച പൈലറ്റില്ലാ വിമാനങ്ങള്‍ ബാഗ്ദാദ് മേഖലയില്‍ പറക്കല്‍ തുടങ്ങിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. എന്നാല്‍ വ്യോമാക്രമണത്തിന് പ്രസിഡന്റ് ഒബാമ ഇതുവരെ ഉത്തരവിട്ടിട്ടില്ല. അമേരിക്കയുടെ സൈനിക ഉപദേഷ്ടാക്കളുടെയും എംബസിയുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണുകള്‍ അയച്ചതെന്നാണ് വിശദീകരണം.

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ ആക്രമണങ്ങളുണ്ടായാല്‍ പ്രതിരോധിക്കാനും സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ സദ്ദാമിന്റെ ജന്‍മനഗരമായ തിക്രിത്ത് വിമതരില്‍ നിന്ന് തിരിച്ച് പിടിക്കുന്നതിനായുള്ള പോരാട്ടം രണ്ടാം ദിവസവും തുടരുകയാണ്. തിക്രിത്ത് യൂണിവേഴ്‌സിറ്റിക്ക് സമീപം തമ്പടിച്ചിരുന്ന വിമതര്‍ക്കെതിരെ ഇറാഖി സേന വ്യോമാക്രമണം നടത്തി .

ബൈജി എണ്ണ ശുദ്ധീകരണശാലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇറാഖ് അവകാശപ്പെട്ടു. സൈനികര്‍ എത്തിയ രണ്ട് ഹെലികോപ്റ്ററുകളില്‍ ഒന്ന് വെടിവച്ചിട്ടതായി വിമതര്‍ അവകാശപ്പെട്ടു. സര്‍ക്കാരിനോടൊപ്പം നിന്ന് പോരാടാന്‍ ഷിയാ ആത്മീയ നേതാവ് മുഖ്ദാദാ അല്‍ സദര്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു. പ്രശ്‌നപരിഹാരത്തിനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ജോര്‍ദ്ദാന്‍, സൗദി, യുഎഇ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി പാരീസില്‍ കൂടിക്കാഴ്ച നടത്തി .

ഇതിനിടെ ഇറാഖിലെ തിക്രിതില്‍ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്തും ബോംബോക്രമണം നടന്നു. തിക്രിത് ടീച്ചിംഗ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ 3 പേര്‍ മരിച്ചു. ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരെല്ലാം സുരക്ഷിതരാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close