ഇറാഖില്‍ ഒരു നഗരം കൂടി വിമതരുടെ പിടിയില്‍

ഇറാഖില്‍ മുന്നേറ്റം തുടരുന്ന ഐഎസ്ഐഎസ് വിമതര്‍, തലസ്ഥാനത്തിനു തൊട്ടടുത്തുള്ള ഒരു നഗരം കൂടി പിടിച്ചെടുത്തു. ബഗ്ദാദിനു വടക്കുള്ള മന്‍സൂരിയത്ത് അല്‍ ജബല്‍ നഗരമാണ് പുതുതായി ഐഎസ്ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) നിയന്ത്രണത്തിലായത്. നാല് പ്രകൃതി വാതക ശേഖരങ്ങളുള്ള, ഒട്ടേറെ വിദേശ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണിത്. ഇതിനിടെ, ഇറാഖിലെ രാഷ്ട്രീയ നേതാക്കളെ ഒരുമിപ്പിക്കുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യമന്ത്രി വില്യം ഹേഗ് ബഗ്ദാദിലെത്തി. കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ബഗ്ദാദിലെത്തിയിരുന്നു.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഇറാഖി പാര്‍ലമെന്റ് ജൂലൈ ഒന്നിനു ചേരും. വിമത മുന്നേറ്റം തടയാന്‍ സര്‍ക്കാര്‍ രൂപീകരണം വഴി കഴിയുമെന്നാണ് രാജ്യാന്തര സമൂഹത്തിന്റെ പ്രതീക്ഷ. ഐഎസ്ഐഎസ് ആണു പോരാട്ടത്തിനു നേതൃത്വം നല്‍കുന്നതെങ്കിലും മറ്റു ചില സുന്നി സംഘടനകളും പിന്തുണയ്ക്കുന്നുണ്ട്. ഷിയാ വിഭാഗക്കാരനായ പ്രധാനമന്ത്രി നൂറി അല്‍ മാലിക്കി സുന്നികളോടു കടുത്ത അവഗണനയാണു കാണിച്ചതെന്നു സംഘടനകള്‍ കുറ്റപ്പെടുത്തി.

പാര്‍ലമെന്റ് ചേര്‍ന്ന് 30 ദിവസത്തിനുള്ളില്‍ പ്രസിഡന്റിനെയും അതിനു ശേഷം 15 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിയെയും തീരുമാനിക്കണമെന്നാണ് ചട്ടം. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ മറികടന്ന്, സര്‍ക്കാര്‍ രൂപീകരിക്കണമെന്ന സുന്നി രാഷ്ട്രീയ, മത നേതാക്കളുടെ ആവശ്യം പ്രധാനമന്ത്രി തള്ളി. സുന്നി തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ പട്ടാളത്തിനൊപ്പം അണിചേരാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

വിമതര്‍ പിടിച്ചടക്കിയ തിക്രിതില്‍ പോരാട്ടം വീണ്ടും കടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇറാഖി വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ തിക്രിതിലെ സര്‍വകലാശാല സ്റ്റേഡിയത്തില്‍ ഇറങ്ങി. ഇതോടെയാണ് ഏറ്റുമുട്ടല്‍ വീണ്ടും ശക്തമായത്. അതിനിടെ, ഇറാഖി അതിര്‍ത്തിക്കുള്ളില്‍ സിറിയ വ്യോമാക്രമണം നടത്തിയെന്ന് ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കി പറഞ്ഞതായി വന്ന വാര്‍ത്ത ബിബിസി തിരുത്തി. അറബി ഭാഷയില്‍ മാലിക്കി നടത്തിയ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ബിബിസി വ്യക്തമാക്കി. വിമതര്‍ക്കു നേരെ സിറിയ അതിര്‍ത്തിക്കുള്ളിലാണു സിറിയ വ്യോമാക്രമണം നടത്തിയത്.

Show More

Related Articles

Close
Close