നഴ്‌സുമാര്‍ കൊച്ചിയിലെത്തി

nurses in iraq

ആശങ്കകള്‍ക്ക് വിരാമമിട്ട് ഇറാഖിലെ സംഘര്‍ഷമേഖലയായ തിക്രിതില്‍നിന്ന് വിമതര്‍ വിട്ടയച്ച 46 മലയാളി നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയിലെത്തി. ഇര്‍ബിലിന്‍നിന്ന് മുംബൈ വഴി എയര്‍ ഇന്ത്യയുടെ പ്രത്യേകവിമാനമാനത്തിലാണ് നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. 11.43 നാണ് വിമാനം നെടുമ്പാശ്ശേരിയില്‍ എത്തിയത്. നഴ്‌സുമാരെ സ്വീകരിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജോസ് കെ മാണി എംപി, മന്ത്രിമാരായ വി.ശിവകുമാര്‍, പി.ജെ ജോസഫ് എന്നിവര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

45 മലയാളി നഴ്‌സുമാരും തുത്തുക്കുടി സ്വദേശിനിയായ ഒരു നഴ്‌സുമാണ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്നത്. നഴ്‌സുമാര്‍ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം എമിഗ്രേഷന്‍ കൗണ്ടര്‍സജ്ജമാക്കിയിട്ടുണ്ട്. നഴ്‌സുമാരെ വീടുകളിലെത്തിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക വാഹനസജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇര്‍ബിലിന്‍നിന്നും മുംബൈയിലെത്തിയ വിമാനം ഇന്ധനം നിറച്ചശേഷം രാവിലെ 9.50നാണ് നെടുമ്പാശ്ശേരിയിലേക്ക് യാത്രതിരിച്ചത്. നഴ്‌സുമാര്‍ക്കൊപ്പം വിമാനത്തിലെത്തിയ ഇറാഖിലെ കിര്‍കുക്കില്‍നിന്ന് മടങ്ങിയ 70 ഇന്ത്യക്കാരില്‍ 37 പേര്‍ മുംബൈയിലിറങ്ങി. നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനം ഹൈദരാബാദിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലേക്കും പോകും.

ഇറാഖിലെത്തിയ പ്രത്യേകവിമാനം ഒരുഘട്ടത്തില്‍ ദൗത്യം ഉപേക്ഷിച്ച് മടങ്ങാന്‍ ഒരുങ്ങിയിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എല്ലാ അനുമതികളുമായാണ് വിമാനം എത്തിയതെങ്കിലും ഇര്‍ബില്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. അവസാന നിമിഷം വിമാനം ഇറങ്ങുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടു.

മറ്റെവിടെയും ഇറങ്ങാന്‍ കഴിയാതെ വിമാനം ഇന്ത്യയിലേക്ക് മടങ്ങി. വിമാനത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അപ്പോള്‍തന്നെ വിവരം അറിയിച്ചു. ഉടന്‍തന്നെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് പകരം വിമാനം കുവൈത്തിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചന നടന്നു. അതിനിടെ എര്‍ബില്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുള്ള അനുമതി ലഭിച്ചു. തുടര്‍ന്നാണ് ദൗത്യം പുനരാരംഭിച്ചത്.

ദൗത്യം വൈകിച്ചത് ഈ പ്രതിസന്ധിയാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇറാഖിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നഴ്‌സുമാരെ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇറാഖിലെ കുര്‍ദ് മേഖലയിലുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലെത്തിരുന്നു. രാവിലെ 4.05 നാണ് ഇര്‍ബിലില്‍ നിന്നും വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്ത്. ‘നയതന്ത്രപരവും അല്ലാത്തതുമായ’ കഠിനശ്രമം കൊണ്ടാണ് മോചനം സാധ്യമായതെന്ന് വിദേശമന്ത്രാലയം അവകാശപ്പെട്ടു.

നഴ്‌സുമാര്‍ക്കൊപ്പം ഇറാഖിലെ കിര്‍കുക്കില്‍നിന്ന് മടങ്ങാനിരുന്ന 70 ഇന്ത്യക്കാര്‍ക്കൂടി ഇന്ത്യയിലുണ്ട്. നഴ്‌സുമാരെ കൊച്ചിയിലിറക്കിയ ശേഷം മറ്റുള്ളവരെ ഇതേ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും.

ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖിലെ തിക്രിതില്‍ പെട്ടുപോയ 46 നഴ്‌സുമാരുടെ ദുരനുഭവം അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇവരെ വ്യാഴാഴ്ചയാണ് ‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ’ എന്ന വിമത പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ നിര്‍ബന്ധപൂര്‍വം മൊസൂളിലേക്ക് കൊണ്ടുപോയത്.

വിമതര്‍ നഴ്‌സുമാരോട് സൗമ്യമായാണ് പെരുമാറിയത്. അവര്‍ക്ക് ഭക്ഷണവുംമറ്റും നല്‍കുകയും ചെയ്തു. മൊസൂളില്‍ ഒരു ആസ്പത്രിക്കടുത്തുള്ള കെട്ടിടത്തിലാണ് അവരെ പാര്‍പ്പിച്ചത്.

വെള്ളിയാഴ്ച, നഴ്‌സുമാരെ വിമതരുടെ കൈയില്‍നിന്ന് എങ്ങനെ മോചിപ്പിച്ചുവെന്നോ അതിന് എന്തെങ്കിലും ഉപാധികള്‍ നിറവേറ്റേണ്ടി വന്നുവോ എന്നൊന്നും വെളിപ്പെടുത്താന്‍ വിദേശമന്ത്രാലയം തയ്യാറായില്ല. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.

സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് വിമതരുടെ മേലുള്ള സ്വാധീനം ഉപയോഗപ്പെടുത്താനായി എന്നാണ് സൂചന. എന്നാല്‍, ഈ വഴി കഴിഞ്ഞദിവസം മാത്രം തുറന്നതല്ല എന്നും, ആഴ്ചകളായി എല്ലാ വഴികളും ശ്രമിക്കുകയായിരുന്നുവെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി.

അതിരില്ലാത്ത പ്രത്യാശയോടെ’യാണ് തങ്ങള്‍ പ്രവര്‍ത്തിച്ചുവന്നത്. വിദേശകാര്യമന്ത്രി തന്റെ പൂര്‍ണശ്രദ്ധയും ഈ വിഷയത്തില്‍ കേന്ദ്രീകരിക്കുകയായിരുന്നു. നയതന്ത്രതലത്തിലും അല്ലാതെയും കഠിനാധ്വാനം ചെയ്‌തെന്നും വക്താക്കള്‍ പറഞ്ഞു.

നഴ്‌സുമാര്‍ എര്‍ബില്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍തന്നെ ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നു. ബാഗ്ദാദില്‍ ഉണ്ടായിരുന്ന തങ്ങളുടെ ഉദ്യോഗസ്ഥരാണ് എര്‍ബില്‍ വിമാനത്താവളത്തിലെത്തി അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. യാത്രാരേഖകളും ഇവര്‍ തയ്യാറാക്കി നല്‍കുകയായിരുന്നു.

ഡല്‍ഹിയില്‍നിന്ന് പോയ വിമാനത്തില്‍ വിദേശമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി നിലവാരത്തിലുള്ള ഒരുദ്യോഗസ്ഥനു പുറമേ, കേരളത്തിന്റെ റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, അസിസ്റ്റന്റ് റസിഡന്റ് കമ്മീഷണര്‍ രചനാ ഷാ എന്നിവരും ഉണ്ടായിരുന്നു.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close