ഇറാഖില്‍ കുടുങ്ങിയ 43 മലയാളികളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി

ഇറാഖിലെ കലാപഭൂമിയിലുള്ള ആസ്പത്രിയില്‍ ജോലിചെയ്യുന്ന കരുവാറ്റ സ്വദേശിനി നീതു ഉള്‍പ്പെടെ 19 നഴ്‌സുമാരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയതായി നാട്ടില്‍ വിവരം ലഭിച്ചു. ഇവരുള്‍പ്പെടെ 43 മലയാളികളെ ഇന്ത്യന്‍ എംബസിക്കടുത്തുള്ള ഹോട്ടലില്‍ സുരക്ഷിതമായി താമസിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ നാട്ടിലേക്ക് പോകാന്‍ താത്പര്യമുള്ളവരുടെ പേരുകള്‍ നല്‍കാന്‍ അധികൃതര്‍ പറഞ്ഞിട്ടുണ്ട്. ഇത് കിട്ടിയശേഷം അടുത്ത ദിവസങ്ങളില്‍ ഇവരെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിയെടുക്കും.

കരുവാറ്റ ഷാജി ബില്‍ഡിങ്ങില്‍ സാജുവിന്റെ ഭാര്യ നീതു ഉള്‍പ്പെടെയുള്ള 19 നഴ്‌സുമാര്‍ കഴിഞ്ഞ ജൂണ്‍ 10 മുതല്‍ സംഘര്‍ഷമേഖലയില്‍ കഴിയുകയാണ്. നാട്ടിലേക്ക് വരാന്‍ ആസ്പത്രി അധികൃതര്‍ സമ്മതിച്ചില്ല. പാസ്‌പോര്‍ട്ടും മറ്റ് രേഖകളുമെല്ലാം അധികൃതര്‍ പിടിച്ചുവച്ചു. കരാര്‍ കാലാവധി കഴിയാതെ പോകാന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലായിരുന്നു ആസ്പത്രി മാനേജ്‌മെന്റ്.

നീതുവിന്റെ ബന്ധുക്കള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കെ.സി.വേണുഗോപാല്‍ എം.പി.യെയും വിവരങ്ങള്‍ അറിയിച്ചു. രമേശ് ചെന്നിത്തല, ഇറാഖിലെ എംബസി ഉദ്യോഗസ്ഥന്‍ അജയകുമാറിനെ വിളിച്ച് വിവരങ്ങള്‍ തിരക്കുകയും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് ഫാക്‌സ് അയയ്ക്കുകയും ചെയ്തു. കെ.സി.വേണുഗോപാല്‍ എം.പി. തിങ്കളാഴ്ച കേന്ദ്രമന്ത്രി സുഷമാസ്വരാജിനെ നേരില്‍ക്കണ്ട് വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഇറാഖിലെ ഇന്ത്യന്‍ അംബാസിഡറെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നഴ്‌സുമാരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടിയെടുക്കാമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഉറപ്പുനല്‍കി.

ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ചൊവ്വാഴ്ച ഉച്ചയോടെ സംഘര്‍ഷമേഖലയില്‍ കുടുങ്ങിയ 43 മലയാളികളെയും സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close