ഇറാഖില്‍ തിക്രിത് ലക്ഷ്യമിട്ട് സൈനികനീക്കം

ഇറാഖിലെ മൊസൂളിലുള്ള അണക്കെട്ട് സുന്നി വിമത സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് തിരിച്ചുപിടിച്ചതിന് പിന്നാലെ, തന്ത്രപ്രധാന നഗരമായ തിക്രിത് ലക്ഷ്യമിട്ട് സൈനിക നീക്കം. ഷിയാ പോരാളികളുടെ പിന്തുണയുള്ള സൈന്യവും വിമതരും തമ്മില്‍ മേഖലയില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടങ്ങി. ഇതിനിടെ വിമതരുടെ ആക്രമണത്തെത്തുടര്‍ന്ന് വടക്കന്‍ ഇറാഖില്‍ നിന്ന് പലായനം ചെയ്തവര്‍ക്കായി സഹായം എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭയും പ്രഖ്യാപിച്ചു.

തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള തിക്രിത് നഗരം രണ്ടുമാസം മുന്‍പാണ് വിമതര്‍ പിടിച്ചെടുത്തത്. ഇതോടെ ഇവിടെ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു. ചൊവ്വാഴ്ച നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ അടുത്ത് സൈന്യം എത്തി.

വഴിയില്‍ സ്ഥാപിച്ച കുഴിബോംബുകളും സ്‌ഫോടകവസ്തുക്കളും നിര്‍വീര്യമാക്കിയാണ് സൈനികമുന്നേറ്റം. 40 കുഴിബോംബുകള്‍ ഇതുവരെ നിര്‍വീര്യമാക്കിയതായി സൈനികവക്താവ് ജനറല്‍ ക്വാസിം അറ്റ അവകാശപ്പെട്ടു. യു.എസ്. വ്യോമസേനയുടെയും കുര്‍ദ് സൈനിക വിഭാഗങ്ങളുടെയും പിന്തുണയോടെ തിങ്കളാഴ്ച മൊസൂളിലെ അണക്കെട്ടും ഇറാഖ് സൈന്യം തിരിച്ചുപിടിച്ചിരുന്നു.

വിമത മുന്നേറ്റത്തെത്തുടര്‍ന്ന് വടക്കന്‍ ഇറാഖില്‍ നിന്ന് 50,000 പേര്‍ പലായനം ചെയ്തതായാണ് യു.എന്‍. കണക്ക്. ഇവര്‍ക്കായി ജോര്‍ദാനിലെ അക്വാബയില്‍ നിന്ന് ബുധനാഴ്ചയോടെ ടെന്റുകളും അവശ്യവസ്തുക്കളും എത്തിക്കുമെന്ന് യു.എന്‍. മനുഷ്യാവകാശ കൗണ്‍സില്‍ വക്താവ് അഡ്രിയാന്‍ എഡ്വേര്‍ഡ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close