ഇറാഖില്‍ നിന്ന് 29 നഴ്‌സുമാര്‍ കൂടി നാട്ടില്‍ മടങ്ങിയെത്തി

ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ഇറാഖില്‍ കുടുങ്ങിയ 29 മലയാളിനഴ്‌സുമാര്‍ കൂടി ശനിയാഴ്ച നാട്ടില്‍ തിരിച്ചെത്തി.
ഏറെ പ്രതീക്ഷകളോടെ നാല് മാസങ്ങള്‍ക്കു മുന്‍പ് ഡല്‍ഹി വഴി ഇറാഖിലേക്ക് പോയവരാണ് മടങ്ങിയെത്തിയിരിക്കുന്നവരില്‍ ഭൂരിഭാഗവും. രണ്ട് ലക്ഷത്തോളം രൂപ മുടക്കിയാണ് ഓരോരുത്തരും ഇറാഖിലേക്ക് പോയത്. നിര്‍ധന കുടുംബങ്ങളില്‍ പെട്ടവരാണ് അധികംപേരും. വിദ്യാഭ്യാസവായ്പ എടുത്താണ് നഴ്‌സിങ് പഠിച്ചത്. ഇറാഖിലേക്ക് പോകാന്‍ പണം കടം വാങ്ങിയവരുമുണ്ട്. കടമെല്ലാം എങ്ങനെ വീട്ടുമെന്ന ആശങ്കയിലാണ് ഇവര്‍.

ശനിയാഴ്ച രാവിലെ 5.30ന് ജെറ്റ്എയര്‍വേയ്‌സിന്റെ ഡബ്ല്യു 561 വിമാനത്തില്‍ ഷാര്‍ജ വഴിയാണ് 29 നഴ്‌സുമാര്‍ ഇറാഖില്‍ നിന്ന് കൊച്ചിയില്‍ വന്നിറങ്ങിയത്. പത്തനംതിട്ട മലയാലപ്പുഴ കോഴികുന്നത്ത് വീട്ടില്‍ ചിഞ്ചു മോഹന്‍ദാസ്, കോട്ടയം മോനിപ്പിള്ളി പയസ് മൗണ്ട് വെട്ടുവേലില്‍ വീട്ടില്‍ നീതു ജോസ്, വൈക്കം പള്ളിബാതുശ്ശേരി കളത്തിതറ വീട്ടില്‍ റോസിത ജോസ്, കോട്ടയം നീഴൂര്‍ മൂച്ചികണ്ടത്തില്‍ വീട്ടില്‍ സൗമ്യ ബാബു, അടൂര്‍ ജോജോ ഹൗസില്‍ കുഞ്ഞുമോന്‍, ജോയി ജിജി, കണ്ണൂര്‍ കുടിയാംമല കരോങ്ങല്‍ വീട്ടില്‍ ലിസന്‍ മാത്യു, ഇടുക്കി ചേറ്റുകുഴി കൊച്ചേറ പരിന്തിരിക്കല്‍ വീട്ടില്‍ പ്രിന്‍സി ജോസഫ്, കോട്ടയം കടപ്ലൂമറ്റം പെട്ട പുഴ വീട്ടില്‍ മഞ്ജുന മാത്യു, കോട്ടയം മണര്‍കാട് പുത്തന്‍പറമ്പില്‍ അമല, കോട്ടയം നെച്ചിപുഴൂര്‍ പള്ളിപറമ്പില്‍ അനുമോള്‍ പീറ്റര്‍, ആലപ്പുഴ ചെങ്ങന്നൂര്‍ മുള്ളംതനത്ത് വീട്ടില്‍ അനീഷ ഐസക്, വണ്ടിപ്പെരിയാര്‍ വെള്ളാംകടവ് പുത്തന്‍പുരയ്ക്കല്‍ ബിനി തോമസ്, മൂവാറ്റുപുഴ ഈസ്റ്റ് മാറാടി, കുബ്ലാനിക്കല്‍ വീട്ടില്‍ ബിഥുമോള്‍ സുദര്‍ശനന്‍, തിരുവനന്തപുരം തെക്കേപുര വയലിന്‍കര വീട്ടില്‍ വിജി വിജയന്‍, പാലക്കാട് വാക്കോട് മുരിക്കാനിക്കല്‍ വീട്ടില്‍ ശുഭ ചാക്കോ, എറണാകുളം കൂത്താട്ടുകുളം ഉള്ളൂരിക്കര വീട്ടില്‍ ഡാലിയ വിജയന്‍, കാസര്‍കോട് കരക്കാപ്പ് ഹിബ ക്വാര്‍ട്ടേഴ്‌സില്‍ ജിന്റു സ്‌കറിയ, ഇടുക്കി മുരിക്കാശ്ശേരി തെക്കേ കുന്നേല്‍ വീട്ടില്‍ ലിന്‍സി പൈലി, ആലപ്പുഴ ഹരിപ്പാട് തുണ്ടില്‍ വീട്ടില്‍ നീതു വേണുഗോപാല്‍, പെരുമ്പാവൂര്‍ കൂവപ്പടി ഈടുങ്ങപ്പടി വീട്ടില്‍ രമ്യ രാമകൃഷ്ണന്‍, തൊടുപുഴ ഏഴുമുട്ടം പള്ളികുന്നേല്‍ വീട്ടില്‍ ജിനി ജോര്‍ജ്, തൃശ്ശൂര്‍ കല്ലേറ്റുംകര ആളൂര്‍ അരയാന്‍ പറമ്പില്‍ സന്ധ്യ സുബ്രഹ്മണ്യന്‍, വയനാട് പുല്‍പ്പള്ളി മരക്കടവ് പമ്പനാനിക്കല്‍ വീട്ടില്‍ ജോസിനി ജോണ്‍, ആലപ്പുഴ ചമ്പക്കുളം പുതിയവീട്ടില്‍ അശ്വതി ശശിധരന്‍, വയനാട് കല്‍പ്പറ്റ കോയിലപറമ്പില്‍ ക്രിസ്റ്റീന, കൊട്ടാരക്കര പ്ലാപ്പള്ളി വടക്കേതില്‍ തെങ്ങുവിള വീട്ടില്‍ ലിജ ജെയിംസ്, കറുകുറ്റി പാദുവാപുരം മരങ്ങാടം മാളിയേക്കല്‍ വീട്ടില്‍ ജിസ്മി ജോര്‍ജ്, ഇടുക്കി ആറുകുളം കുറുമത്തോട്ടത്തില്‍ വീട്ടില്‍ അനു ലോറന്‍സ്, പത്തനംതിട്ട പാറക്കാട് അഞ്ജു ഭവനില്‍ അഞ്ജു എന്നിവരാണ് ശനിയാഴ്ച കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.

മടങ്ങിയെത്തിയവര്‍ ദിയാലയിലെ അല്‍ ബത്തൂര്‍, അല്‍ സഹാറ, ബക്കൂബ, അല്‍ മുക്താദിയ എന്നീ ആസ്പത്രികളില്‍ നഴ്‌സായി ജോലി നോക്കിയിരുന്നവരാണ്. വാഹനസൗകര്യം ഇല്ലാതിരുന്ന അഞ്ച് പേര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വീടുകളിലേക്ക് എത്താന്‍ വാഹനം ഏര്‍പ്പെടുത്തി. കൂടാതെ 29 പേര്‍ക്കും വഴിച്ചെലവിനായി 2,000 രൂപ വീതം നല്‍കുകയും ചെയ്തു.

ദിയാലയിലെ ബക്കൂബ ആസ്പത്രിയില്‍ താനടക്കം 19 നഴ്‌സുമാര്‍ ഒറ്റപ്പെട്ടു കഴിയുകയായിരുന്നുവെന്ന് മടങ്ങിയെത്തിയ നീതു വേണുഗോപാല്‍ പറഞ്ഞു. ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോള്‍തന്നെ തങ്ങള്‍ നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആസ്പത്രി മാനേജ്‌മെന്റ് സമ്മതിച്ചില്ല. പട്ടാളം വളഞ്ഞിരുന്നതിനാല്‍ ആസ്പത്രിയില്‍ തങ്ങള്‍ ഒറ്റപ്പെട്ടകാര്യം ആരും അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്കുശേഷം ആസ്പത്രിയിലെ മറ്റ് ജീവനക്കാര്‍ വഴിയാണ് തങ്ങളുടെ ദുരിതം പുറംലോകമറിഞ്ഞത്. നീതുവിന്റെ ഭര്‍ത്താവ് രാജീവ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നു. രമേശ് ചെന്നിത്തല കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി സംസാരിച്ച് നടപടികള്‍ വേഗത്തിലാക്കി. ദിയാല ഭരണകൂടം ഇടപെട്ടശേഷമാണ് ആസ്പത്രി അധികൃതര്‍ പാസ്‌പോര്‍ട്ടും മറ്റു രേഖകളും തന്നത്. ഇന്ത്യന്‍ എംബസി ഏറെ സഹായിച്ചുവെന്നും നീതു പറഞ്ഞു.

ഷാര്‍ജയില്‍ എത്തിയശേഷം ടിക്കറ്റ് കിട്ടാതിരുന്നതിനാല്‍ 27 മണിക്കൂര്‍ വിമാനത്താവളത്തില്‍ തങ്ങേണ്ടിവന്നു. നാല് മലയാളിസംഘടനകള്‍ ഇടപെട്ടാണ് ഭക്ഷണവും വിശ്രമസൗകര്യവും ഒരുക്കിയത് – നീതു പറഞ്ഞു.

ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇറാഖിലുള്ളവര്‍ പലരും ജോലിക്ക് വരാതായെന്നും ഇതോടെ രാത്രിയും പകലും തുടര്‍ച്ചയായി ജോലി നോക്കേണ്ടിവന്നെന്നും ബിഥുമോള്‍ പറഞ്ഞു. താമസിച്ചിരുന്ന ഹോസ്റ്റലിനു സമീപം ബോംബ് സ്‌ഫോടനം ഉണ്ടായി. കെട്ടിടം വിറച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ കെട്ടിടത്തിലേക്ക് തെറിച്ചുവീണു. ഭയന്നുവിറച്ചാണ് തങ്ങള്‍ അവിടെ കഴിഞ്ഞത് – ബിഥുമോള്‍ പറഞ്ഞു. ബാഗ്ദാദില്‍ 14 നഴ്‌സുമാരും ദിയാലയില്‍ 5 പേരും കുടുങ്ങി കിടക്കുന്നുണ്ടെന്ന് മടങ്ങിയെത്തിയ ചിഞ്ചു പറഞ്ഞു. വിസ പ്രശ്‌നമുള്ളതിനാലാണ് 14 പേര്‍ ബാഗ്ദാദില്‍ കുടുങ്ങിയിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close