ഇറാഖില്‍ ബന്ദികളാക്കിയ ഇന്ത്യക്കാര്‍ എവിടെയെന്ന് വിവരം ലഭിച്ചു

iraq mosul

ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലെ മൊസൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയ 40 ഇന്ത്യക്കാര്‍ എവിടെയാണെന്ന് വിവരം ലഭിച്ചു. ഇവര്‍ ബന്ദികളായിരിക്കുന്നിടത്തോളം കാലം സുരക്ഷ ഉറപ്പുപറയാനാവില്ലെന്ന് വിദേശകാര്യവക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്തു.
ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് സുഷമാ സ്വരാജ് പറഞ്ഞു. ഇക്കാര്യം താന്‍തന്നെ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ അധ്യക്ഷതയില്‍ ദുരന്തനിവാരണസംഘത്തിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലുമായും കേരളമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും സുഷമ സംസാരിച്ചു. മലയാളി നഴ്‌സുമാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചത്.

ബന്ദിയാക്കപ്പെട്ട 40 ഇന്ത്യക്കാരില്‍ ഏറെയും പഞ്ചാബില്‍നിന്നുള്ളവരാണ്. ബാഗ്ദാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താരിഖ് നൂര്‍ അല്‍ ഹുദ നിര്‍മാണ ക്കമ്പനിയില്‍ ജോലിചെയ്യുന്നവരാണിവര്‍. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അറിയിച്ചു.

ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാര്‍ എവിടെയാണെന്ന് കണ്ടെത്തിയതായി ഇറാഖ് വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയെ അറിയിച്ചത്. ഇറാഖ് സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. പരിശോധിച്ച് ഉറപ്പുവരുത്തിയ വിവരങ്ങള്‍ മാത്രമേ പുറത്തുവിടാനാകൂ- വിദേശകാര്യ വക്താവ് പറഞ്ഞു.

ഇറാഖില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഡല്‍ഹിയില്‍ ആരംഭിച്ച ഹെല്‍പ്പ് ലൈനിലേക്ക് ഇതിനകം 130 ഫോണ്‍വിളികള്‍ വന്നതായി വക്താവ് പറഞ്ഞു. അമ്പതോളം വിളികള്‍ വിവരങ്ങള്‍ തേടിയെത്തിയതാണ്. അവിടെനിന്ന് പുറത്തുപോകാന്‍ സഹായംതേടി 40 വിളികളെത്തി.

ഇറാഖില്‍നിന്ന് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്രാരേഖകള്‍ വിഷയമാവില്ലെന്ന് മന്ത്രാലയം ഉറപ്പുനല്‍കി. അവര്‍ക്ക് ഡല്‍ഹിയിലേക്ക് ബന്ധപ്പെടാവുന്നതാണെന്ന് വക്താവ് പറഞ്ഞു. പ്രശ്‌നബാധിതമേഖലയില്‍ ഇപ്പോഴും റോഡ് മാര്‍ഗമുള്ള യാത്ര സുരക്ഷിതമല്ല.
ഇറാഖില്‍ നയതന്ത്രപ്രതിനിധിയായിരുന്ന സുരേഷ് റെഡ്ഡിയെ കേന്ദ്രം അവിടേക്ക് വീണ്ടും അയച്ചിരുന്നു. അദ്ദേഹം വ്യാഴാഴ്ച ഇറാഖിലെത്തി. ഇറാഖിലെ മനുഷ്യാവകാശ സംഘടനകളുമായും മറ്റ് സന്നദ്ധ സംഘടനകളുമായും ബന്ധപ്പെട്ട് അവിടത്തെ പ്രശ്‌നങ്ങളുടെ സ്ഥിതി മനസ്സിലാക്കുന്നുമുണ്ട്.

പതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാഖിലുണ്ടെങ്കിലും കലാപബാധിത മേഖലകളില്‍ നൂറോളം പേര്‍ മാത്രമാണുള്ളതെന്ന് വിദേശമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തിക്രിതില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്‌സുമാരില്‍ 44 പേരും മലയാളികളാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close