ഭീകരര്‍ രാസായുധ നിര്‍മാണശാല കയ്യടക്കി

iraq3

ഇറാഖിലെ വടക്കന്‍ പ്രവിശ്യയിലുള്ള രാസായുധ നിര്‍മാണശാല കടുത്ത പോരാട്ടത്തില്‍ ഭീകരര്‍ കയ്യടക്കി. സദ്ദാം ഹുസൈന്‍ അധികാരം ഏറ്റയുടന്‍ 1980-കളില്‍ ആരംഭിച്ച ശാലയാണിത്. രാസായുധമായി ഉപയോഗിക്കുന്ന സരിന്‍ ഉള്‍പ്പെടെ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു. രാസായുധ ശാലയുള്ള അല്‍ മുത്താനാ കെട്ടിട സമുച്ചയം ഭീകരര്‍ പിടിച്ചെടുത്തതായി അമേരിക്ക സ്ഥിരീകരിച്ചു. എന്നാല്‍, ഇവിടെനിന്ന് രാസായുധം നിര്‍മിച്ച് ഉപയോഗിക്കാന്‍ ഭീകരര്‍ക്കാവുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കന്‍ വക്താവ് ജെന്‍ സാക്കി പറഞ്ഞു.
ബാഗ്ദാദിന് 72 കിലോമീറ്റര്‍ വടക്കാണ് രാസായുധ നിര്‍മാണശാല. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് 400 ടണ്‍ വരെ സരിന്‍ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു. ഒന്നാം ഗള്‍ഫ് യുദ്ധത്തിനു ശേഷം ഇവിടെ രാസായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്നാണ് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. പറയുന്നത്.

അതിനിടെ, സിറിയന്‍ അതിര്‍ത്തിയിലുള്ള ഇറാഖ് നഗരമായ അല്‍ക്വയിമില്‍ വെള്ളിയാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 34 സൈനികര്‍ കൊല്ലപ്പെട്ടു. ഇവിടെ പ്രധാനഭാഗങ്ങള്‍ ഭീകരര്‍ കൈയടക്കി. ഇവിടെനിന്ന് ജനങ്ങള്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇറാഖിലെ പല പ്രദേശങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്. വടക്കന്‍ നഗരമായ തല്‍ അഫറാണ് ഇതില്‍ പ്രധാനം. ഇവിടെ പ്രധാനസ്ഥഥലങ്ങള്‍ ഭീകരരുടെ കൈശമാണ്. കഴിഞ്ഞദിവസം തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ട ബെയ്ജിയിലെ എണ്ണ ശുദ്ധീകരണ ശാലയിലും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ദുല്യുയയില്‍ സൈനിക ഹെലികോപ്റ്റര്‍ ലക്ഷ്യംതെറ്റി നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ഒരു സ്ത്രീ കൊല്ലപ്പെട്ടു.

ഭീകരര്‍ക്കെതിരെ ശക്തമായ നടപടിക്ക് സൈന്യം നീക്കം തുടങ്ങി. ഇറാഖിലേക്ക് 300 സുരക്ഷാ ഉപദേശകരെ അയയ്ക്കാമെന്ന് അമേരിക്ക കഴിഞ്ഞദിവസം ഉറപ്പുനല്‍കിയ സാഹചര്യത്തിലാണിത്. ഇന്റലിജന്‍സ് വിവരങ്ങളുടെ പങ്കുവെക്കല്‍, ആക്രമണത്തിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, അവയുടെ ഏകോപനം എന്നിവയായിരിക്കും അമേരിക്കന്‍ ഉപദേശകരുടെ ചുമതല. നിയന്ത്രിത ആക്രമണങ്ങള്‍ നടത്തുെമങ്കിലും ഇറാഖിലേക്ക് സേനയെ അയയ്ക്കില്ലെന്ന് ഒബാമ വ്യക്തമാക്കിയിരുന്നു.

ആക്രമണത്തില്‍നിന്ന് പിന്നോട്ടുപോയ അമേരിക്കയുടെ നിലപാടിനെ ഇറാന്‍ വിമര്‍ശിച്ചു. പ്രശ്‌നത്തില്‍ ശക്തമായ നിലപാട് വ്യക്തമാക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടതായി ഇറാന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഒബാമ ഇറാഖില്‍ വിഭാഗീയത വളര്‍ത്തുകയാണെന്നും ഇറാഖിലെ അമേരിക്കയുടെ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് ഈ നിലപാട് സംശയമുണര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ബാഗ്ദാദിലെ തങ്ങളുടെ നയതന്ത്ര കാര്യാലയം സംരക്ഷിക്കാന്‍ ഓസ്‌ട്രേലിയ സേനയെ അയച്ചു. നേരത്തേ ഇതേ രീതിയില്‍ അമേരിക്ക ഇറാഖിലേക്ക് സൈന്യത്തെ അയച്ചിരുന്നു.

ഭീകരര്‍ കൈയടക്കിയ വടക്കന്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുകയായിരിക്കും സൈന്യത്തിന്റെ ലക്ഷ്യം. ഒപ്പം, ബാഗ്ദാദിലേക്ക് മുന്നേറുന്ന ഭീകരരെ ചെറുക്കുകയും ചെയ്യും. നിനെവെ പ്രവിശ്യ, ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍, തിക്രിത് തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇപ്പോള്‍ ഭീകരരുടെ കൈവശമാണുള്ളത്. വടക്കുള്ള സമറാ നഗരത്തില്‍നിന്നും സമീപപ്രദേശങ്ങളില്‍നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദി ലവാന്റ്(ഐ.എസ്.ഐ.എല്‍.) ഭീകരരെ ഉടന്‍ തുരത്തുമെന്നും നഗരം തിരിച്ചുപിടിക്കുമെന്നും പ്രവിശ്യാ ഗവര്‍ണര്‍ പറഞ്ഞു. ഇവിടെ അമ്പതിനായിരം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന. തിരിച്ചടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ അടുത്തവൃത്തങ്ങളും അറിയിച്ചു. ഭീകരരെ തുരത്താന്‍ ഇറാഖിന് അമേരിക്കയുടെ സഹായം ആവശ്യമുണ്ടെന്ന് ഇറാഖ് ഉന്നത സൈനിക മേധാവി പറഞ്ഞു.

ഭീകരരെ തുരത്തുന്നതില്‍ പരാജയപ്പെട്ടതിന് ഷിയാ നേതാവ് ആയത്തൊള്ള അലി സിസ്റ്റാനി പ്രധാനമന്ത്രി നൂറി അല്‍മാലിക്കിയെ വെള്ളിയാഴ്ച നിശിതമായി വിമര്‍ശിച്ചു. ഭീകരരെ തുരത്താനുള്ള സമയം അതിക്രമിച്ചെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ഇറാഖികള്‍ പശ്ചാത്തപിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭീകരാക്രമണങ്ങളെ ഭയന്ന് തുടക്കത്തില്‍ സൈന്യം പലായനം ചെയ്യുകയായിരുന്നഘട്ടത്തില്‍ സിസ്റ്റാനിയുടെ ആഹ്വാനപ്രകാരം സേനയ്‌ക്കൊപ്പം ചേര്‍ന്ന ഷിയാകളാണ് ചെറുത്തുനില്‍പ്പ് ശക്തമാക്കിയത്.

Show More

Related Articles

Close
Close