ഇറാഖില്‍ മസ്ജിദിനു നേരെ ഷിയാ ആക്രമണം; 68 മരണം

ഇറാഖില്‍ ഐഎസ്‌ഐഎസ് വിമതരുമായുള്ള പോരാട്ടത്തിനിടയില്‍ സുന്നികളുടെ മസ്ജിദിനു നേരെ ഷിയാ സായുധ സംഘത്തിന്റെ ആക്രമണം. ചാവേര്‍ സ്‌ഫോടനത്തിലും തുടര്‍ന്ന് തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പിലും 68 പേര്‍ മരിച്ചു. അന്‍പതിലേറെ പേര്‍ക്കു പരുക്കേറ്റു. സുന്നികളുടെയും കുര്‍ദുകളുടെയും പിന്തുണ തേടി രാജ്യത്തു സമാധാനം സ്ഥാപിക്കാനുള്ള പുതിയ പ്രധാനമന്ത്രിയും ഷിയാവംശജനുമായ ഹൈദര്‍ അല്‍ അബാദിയുടെ ശ്രമങ്ങള്‍ക്ക് ഈ ആക്രമണം തിരിച്ചടിയാണ്.

തലസ്ഥാനമായ ബഗ്ദാദില്‍ നിന്നു 120 കിലോമീറ്റര്‍ വടക്കു കിഴക്കുള്ള ദിയാല പ്രവിശ്യയിലെ മുസബ് ബിന്‍ ഒമെയ്ര്‍ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കാം.

ഇതിനിടെ, യുഎസ് പത്രപ്രവര്‍ത്തകന്‍ ജയിംസ് ഫോളെയെ തലവെട്ടിക്കൊന്ന ഐഎസ്‌ഐഎസ് വിമതര്‍ മൊസൂളില്‍ വ്യാഴാഴ്ച യുവാവിനെ കല്ലെറിഞ്ഞുകൊന്നു. വ്യഭിചാരക്കുറ്റത്തിനാണു കല്ലെറിഞ്ഞുകൊന്നതെന്ന് അവര്‍ അറിയിച്ചു. ഇതേസമയം, മോചനദ്രവ്യം ആവശ്യപ്പെട്ടും മറ്റും വിമതരില്‍ നിന്ന് ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചിരുന്നെന്ന് ജയിംസ് ഫോളെയുടെ പിതാവ് ജോണ്‍ ഫോളെയും മാതാവ് ഡയാനയും യുഎസില്‍ വെളിപ്പെടുത്തി.

എന്നാല്‍ ഇത്ര വേഗം കൊടുംക്രൂരത കാട്ടുമെന്നു കരുതിയില്ല- അവര്‍ പറഞ്ഞു. ഇതേസമയം, ഫ്രാന്‍സിസ് മാര്‍പാപ്പ ജയിംസ് ഫോളെയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചതായി വത്തിക്കാന്‍ അറിയിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close