ഇറാഖില്‍ യസീദികളെ കൂട്ടക്കൊലചെയ്തു

വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ മേഖലയില്‍ 80-ലേറെ ഗ്രാമീണരെ സുന്നി വിമതസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) കൂട്ടക്കൊല ചെയ്തു. സൊരാസ്ട്രിയന്‍ വിശ്വാസികളായ ന്യൂനപക്ഷവിഭാഗം യസീദികളാണ് കൂട്ടക്കൊലയ്ക്ക് ഇരയായവരില്‍ ഭൂരിഭാഗവും. മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചശേഷമാണ് ഇവരെ കൊലപ്പെടുത്തിയത്. ആക്രമണം നടത്താനെത്തിയ വിമതരുടെ വാഹനങ്ങള്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.

രണ്ടാഴ്ചമുമ്പ് സുന്നി വിമതര്‍ പിടിച്ചടക്കിയ മൊസൂളിലെ അണക്കെട്ടിന് സമീപം അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം ആരംഭിച്ചു. വ്യോമാക്രമണത്തില്‍ വിമത സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ന്യൂയോര്‍ക്കില്‍ യു.എന്‍. രക്ഷാസമിതിയുടെ അടിയന്തരയോഗം ചേര്‍ന്ന് വിമതരുടെ മുന്നേറ്റം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കി.
വെള്ളിയാഴ്ച രാവിലെ വാഹനങ്ങളില്‍ രണ്ട് വിഭാഗങ്ങളായി എത്തിയ വിമതര്‍ കൊവ്ജ ഗ്രാമത്തിലാണ് കൂട്ടക്കൊല നടത്തിയത്. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ ഗ്രാമം വിടുകയോ മരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂട്ടക്കൊലയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മതംമാറാന്‍ സമ്മതിക്കാത്തവരെയും ഗ്രാമം വിടാന്‍ വിസമ്മതിച്ചവരെയും വിമതര്‍ കൊലപ്പെടുത്തി. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ഗ്രാമീണര്‍ക്കുനേരേ അക്രമണം നടക്കുന്നതായി കുര്‍ദ് സേന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യു.എസ്. പൈലറ്റില്ലാ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. സാല്‍ഹിയ ഗ്രാമത്തിന് സമീപം വിമതരുടെ രണ്ട് വാഹനങ്ങള്‍ തകര്‍ത്തതായി യു.എസ്. വ്യോമസേന അവകാശപ്പെട്ടു.

കൂട്ടക്കൊലയുടെ വാര്‍ത്ത ഇറാഖ് വിദേശകാര്യമന്ത്രാലയും സ്ഥിരീകരിച്ചു. മരണസംഖ്യ 80-ലും കൂടുതലാണെന്ന് യസീദി നേതാക്കള്‍ പറഞ്ഞു. രണ്ടാഴ്ചമുമ്പ് മേഖലയില്‍ സുന്നി വിമതര്‍ പിടിമുറുക്കിയതോടെ ആയിരക്കണക്കിന് യസീദികള്‍ സിന്‍ജാര്‍ മലനിരകളിലേക്ക് പലായനംചെയ്തിരുന്നു.

ഇതിനിടെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറിലെ 25 സുന്നി ഗോത്ര വിഭാഗങ്ങള്‍ വിമതര്‍ക്കെതിരെ പോരാടുമെന്ന് വ്യക്തമാക്കി. 2006-ല്‍ സുന്നി ഭീകരസംഘടനയായ അല്‍-ഖ്വെയ്ദയ്‌ക്കെതിരെ യു.എസ്. സൈന്യത്തിന് പിന്തുണ നല്‍കിയ ഗോത്രവിഭാഗങ്ങളാണിത്. ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാര്‍ട്ടര്‍ ശനിയാഴ്ച ഇറാഖിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വടക്കന്‍ ഇറാഖില്‍ സഹായം എത്തിക്കുന്നതിന് വ്യേമസേനയുടെ സഹായം തുടര്‍ന്നും നല്‍കുമെന്ന് ബ്രിട്ടനും വ്യക്തമാക്കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close