ഇറാഖില്‍ യു.എസ്. വ്യോമാക്രമണം

വടക്കന്‍ ഇറാഖില്‍ വിമതസുന്നി ശക്തികേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം.

എര്‍ബിലില്‍ കുര്‍ദ് സേനയ്ക്കുനേരെ പീരങ്കിയാക്രമണം നടത്തിയ സുന്നി സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്.) കേന്ദ്രങ്ങള്‍ക്കു നേരെയാണ് യു.എസ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ വക്താവ് റിയര്‍ അഡ്മിറല്‍ ജോണ്‍ കിര്‍ബി ട്വിറ്ററിലൂടെ അറിയിച്ചു.

ഇറാഖിലെ കുര്‍ദ് സ്വയംഭരണപ്രദേശത്തേക്കുള്ള ഐ.എസ്. വിമതരുടെ മുന്നേറ്റം തടയാനും ക്രിസ്ത്യന്‍, യസീദി ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം പ്രതിരോധിക്കാനും നിയന്ത്രിത വ്യോമാക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണിത്.

അമേരിക്കന്‍ വ്യോമസേനയുടെ എഫ്/എ18 വിമാനമാണ് വിമതകേന്ദ്രത്തില്‍ ബോംബിട്ടത്. ലേസര്‍ നിയന്ത്രിതമായ 225 കിലോഗ്രാമുള്ള ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പെന്റഗണ്‍ വക്താവ് കിര്‍ബി വ്യക്തമാക്കി. ആക്രമണത്തില്‍ ആളപായമുണ്ടോയെന്ന് വ്യക്തമല്ല. നേരത്തെ യസിദീ ന്യൂനപക്ഷങ്ങളുടെ അഭയകേന്ദ്രങ്ങളില്‍ അമേരിക്ക വിമാനംവഴി കുടിവെള്ളവും ഭക്ഷണപ്പൊതികളും വര്‍ഷിച്ചിരുന്നു.

എട്ടുവര്‍ഷം നീണ്ടുനിന്ന അമേരിക്കയുടെ ഇറാഖ് അധിനിവേശം അവസാനിച്ച് മൂന്ന് വര്‍ഷത്തിനുശേഷമാണ് ഇറാഖില്‍ വീണ്ടും വ്യോമാക്രമണത്തിന് അനുമതി നല്‍കുന്നത്. എന്നാല്‍ അമേരിക്കന്‍ സേനയെ വീണ്ടും ഇറാഖിലേക്ക് അയയ്ക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സിന്‍ജാര്‍ പ്രവിശ്യയില്‍ നിന്ന് പലായനം ചെയ്യുന്ന യസീദി ന്യൂനപക്ഷത്തെ വംശഹത്യ നടത്താനാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ശ്രമിക്കുന്നതെന്ന് വ്യോമാക്രമണത്തിന് അനുമതി നല്‍കി ഒബാമ ആരോപിച്ചു. 4000 വര്‍ഷം പഴക്കമുള്ള വിശ്വാസം പിന്തുടരുന്ന യസീദി ന്യൂനപക്ഷം സുന്നി വിമതരുടെ ആക്രമണത്തെത്തുടര്‍ന്ന് സിന്‍ജാര്‍ മലനിരകളില്‍ കുടുങ്ങിക്കിടക്കുകയാണ്.

അമേരിക്കയുടെ സഖ്യകക്ഷിയായ കുര്‍ദുകള്‍ക്കെതിരെ സുന്നിവിമതര്‍ നടത്തുന്ന ആക്രമണത്തിന്റെ പേരിലും ഒബാമ വ്യോമാക്രമണ അനുമതിയെ ന്യായീകരിച്ചു. എന്നാല്‍ സൈനിക നടപടി വളരെ പരിമിതമായിരിക്കുമെന്നും ഇറാഖ് പ്രതിസന്ധിക്ക് സൈനിക നടപടിയല്ല രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും വൈറ്റ്ഹൗസ് വക്താവ് ജോഷ് എണസ്റ്റ് ചൂണ്ടിക്കാണിച്ചു.

സുന്നി വിമതരുടെ ശക്തമായ ആക്രമണത്തില്‍ കുര്‍ദിഷ് പെഷ്മര്‍ഗ സേന പിന്‍വാങ്ങിയതിനെത്തുടര്‍ന്നാണ് വടക്കന്‍ ഇറാഖിലെ യസീദി, ക്രിസ്ത്യന്‍ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടപ്പലായനം നടന്നത്. ഖാറഖോഷ്, സിന്‍ജാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് പതിനായിക്കണക്കിനാളുകളാണ് വീടുകള്‍ ഉപേക്ഷിച്ച് പോയത്. ഇതാണ് വ്യോമാക്രമണത്തിന് അടിയന്തര അനുമതി നല്‍കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്.

50 ലക്ഷം കുര്‍ദുകള്‍ അധിവസിക്കുന്ന കുര്‍ദിസ്താനിലേക്കാണ് വടക്കന്‍ ഇറാഖില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ പ്രധാനമായും പലായനം ചെയ്യുന്നത്. കുര്‍ദ് സ്വയംഭരണപ്രദേശത്തിന്റെ അതിര്‍ത്തിയിലെ ചെക്ക് പോയന്റ് സുന്നി വിമതര്‍ പിടിച്ചതായി വാര്‍ത്തകളുണ്ട്. ഇവിടെ നിന്ന് കുര്‍ദിസ്താന്‍ സര്‍ക്കാറിന്റെ ആസ്ഥാനം നിലകൊള്ളുന്ന എര്‍ബിലിലേക്ക് 30 മിനിറ്റ് ദൂരമേയുള്ളൂ.

ഇറാഖിലെ സുന്നി വിമതരുടെ ആക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇറാഖ് സര്‍ക്കാറിനെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇറാഖ് പ്രതിസന്ധി വിലയിരുത്താന്‍ ഫ്രാന്‍സിന്റെ ആവശ്യപ്രകാരം ഐക്യരാഷ്ട്രസഭ സുരക്ഷ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close