ഇറാഖില്‍ ശക്തമായ നടപടിക്ക് അമേരിക്കയില്‍ സമ്മര്‍ദം

സുന്നി വിമതസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സൈനിക നടപടി അമേരിക്ക വ്യാപിപ്പിച്ചേക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒരുവിഭാഗം സെനറ്റര്‍മാരുടേയും സമ്മര്‍ദത്തെത്തുടര്‍ന്നാണിത്. ഇറാഖിലെ സൈനികസാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് പുറമെ, ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീന മേഖലയായ സിറിയയിലേക്കും സൈനിക നടപടി വ്യാപിപ്പിക്കാനാണ് നീക്കം. നിലവില്‍ നേരിടുന്ന ഏറ്റവുംവലിയ ഭീഷണിയായാണ് ഇസ്ലാമിക് സ്റ്റേറ്റിനെ(ഐ.എസ്)അമേരിക്ക കാണുന്നത്.

സുന്നിവിമതരെ തുരത്താനുള്ള പദ്ധതികള്‍ ചില പ്രത്യേക അതിര്‍ത്തിക്കുള്ളില്‍ ഒതുക്കാന്‍ കഴിയില്ലെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ദേശീയ സുരക്ഷാ സഹഉപദേഷ്ടാവ് ബെന്‍ റോഡ്‌സ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ഏതറ്റംവരെ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത നടപടി വേണമെന്ന് 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള സെനറ്റംഗം മാര്‍ക്കൊ റൂബിയോയും ആവശ്യപ്പെട്ടു.

യു.എസ്. പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ തട്ടിക്കൊണ്ടുപോയി തലയറുത്തുകൊന്നതിന്റെ വീഡിയോ ദൃശ്യം വിമതര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് വിശാലമായ സൈനികനടപടിക്കുള്ള സമ്മര്‍ദം ശക്തമായത്. സിറിയയിലെ താവളങ്ങള്‍ തകര്‍ക്കാതെ സുന്നിവിമതരെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് യു.എസ്. സൈനിക ജനറല്‍ മാര്‍ട്ടിന്‍ ഡെംസെയും അഭിപ്രായപ്പെടുകയുണ്ടായി.

ഇതിനിടെ ഇറാഖിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ കെട്ടിടത്തിന് നേരെ ശനിയാഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കെട്ടിടത്തിന്റെ പ്രധാന കവാടത്തിന് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് സാധാരണക്കാരും അഞ്ച് സുരക്ഷാ സൈനികരുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ബാഗ്ദാദിലെ സുന്നി പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെയാണ് പുതിയ ആക്രമണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close