ഇറാഖില്‍ സുന്നിവിമതര്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ തലയറുത്തു

ഇറാഖില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തിന് പ്രതികാരമായി അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ തലയറുത്ത് കൊലപ്പെടുത്തിയതായി സുന്നി വിമത സംഘടന ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) വെളിപ്പെടുത്തി. സിറിയയിലെ ഇദ്‌ലിബില്‍ നിന്ന് 2012 നവംബര്‍ 22-ന് തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജയിംസ് ഫോളിയുടെ തലയറുക്കുന്ന വീഡിയോ ചൊവ്വാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ സുന്നിവിമതര്‍ പുറത്തുവിട്ടത്.

അമേരിക്കയ്ക്കുള്ള സന്ദേശം എന്ന് പേരിട്ട വീഡിയോയില്‍ മുഖംമൂടി ധരിച്ച തീവ്രവാദി പത്രപ്രവര്‍ത്തകന്റെ തലയറുക്കുന്ന ദൃശ്യമാണുള്ളത്. ഇറാഖിലെ അമേരിക്കന്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റൊരു പത്രപ്രവര്‍ത്തകനെക്കൂടി വധിക്കുമെന്ന ഭീഷണിയും വീഡിയോവിലുണ്ട്. 2013 ആഗസ്ത് മുതല്‍ കാണാതായ മറ്റൊരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സ്റ്റോളോഫിനെ വധിക്കുമെന്നാണ് ഭീഷണി.

ഇറാഖിലെ അമേരിക്കന്‍ ആക്രമണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നത്. പത്രപ്രവര്‍ത്തകന്റെ കൊലപാതകത്തിന് ഒബാമയുടെ വ്യോമാക്രമണ തീരുമാനമാണ് കാരണമെന്നാണ് വീഡിയോവില്‍ സുന്നി വിമതര്‍ ആരോപിക്കുന്നത്.

സിറിയയിലാണോ ഇറാഖിലാണോ എന്ന് തിരിച്ചറിയാനാവാത്ത മരുഭൂമിയില്‍ മുട്ടുകുത്തി നില്‍ക്കുന്ന പത്രപ്രവര്‍ത്തകനെ വധിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഗ്വാണ്ടനാമോ തീരത്തെ അമേരിക്കന്‍ നാവിക കേന്ദ്രത്തിലെ തടവുകാര്‍ ധരിച്ചിരുന്നതുപോലുള്ള ഓറഞ്ച് വസ്ത്രമാണ് പത്രപ്രവര്‍ത്തകനെ ധരിപ്പിച്ചിട്ടുള്ളത്.

ലിബിയന്‍ യുദ്ധമടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഫോളി കലാപം തുടങ്ങിയതിന് ശേഷമാണ് സിറിയയിലെത്തിയത്. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി., ഗ്ലോബല്‍ പോസ്റ്റ് തുടങ്ങിയവയടക്കം നിരവധി മാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഫോളി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വീഡിയോ പരിശോധിച്ചുവരികയാണെന്നും സംഭവം ഒബാമയെ ധരിപ്പിച്ചതായും വൈറ്റ്ഹൗസ് അറിയിച്ചു. പത്രപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നടുക്കം പ്രകടിപ്പിച്ച അമേരിക്കന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് കെയ്റ്റ്‌ലിന്‍ ഹെയ്ഡന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു.

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആശങ്ക പ്രകടിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അദ്ദേഹത്തിന്റെ ഒഴിവുകാലം വെട്ടിച്ചുരുക്കി ഇറാഖിലെയും സിറിയയിലെയും സാഹചര്യം വിലയിരുത്താന്‍ ലണ്ടനില്‍ തിരിച്ചെത്തി. വീഡിയോവില്‍ ബ്രിട്ടീഷ് ചുവയുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന തീവ്രവാദിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ഇംഗ്ലീഷ് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close