ഇറാഖിലെ ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കും: സുഷമാ സ്വരാജ്

sushama swaraj

ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള പദ്ധതികളെ കുറിച്ചു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുമായും നയതന്ത്ര പ്രതിനിധികളുമായും ചര്‍ച്ച നടത്തി. യുദ്ധം ബാധിച്ചിട്ടില്ലാത്ത മേഖലകളില്‍ നിന്നു പതിനായിരം ഇന്ത്യക്കാരെ നാട്ടിലേക്കു മടക്കിക്കൊണ്ടുവരാനാണ് പദ്ധതി.

ഇതിനായി എയര്‍ഇന്ത്യയുടെ മൂന്നു വിമാനങ്ങള്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. 40 പേര്‍ ഉള്‍പ്പെടുന്ന ആദ്യസംഘത്തെ നാളെ തിരികെ കൊണ്ടുവരും. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇതിനകം സ്വീകരിച്ചിട്ടുള്ള നടപടികളും യോഗം വിലയിരുത്തി. ഗള്‍ഫിലെ മറ്റു രാജ്യങ്ങളുടെ സഹായവും ഇക്കാര്യത്തില്‍ ഉറപ്പു വരുത്താനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമം. ഇന്ത്യന്‍ നഴ്സുമാരുമായി വിദേശകാര്യ മന്ത്രാലയം നിരന്തര സമ്പര്‍ക്കത്തിലാണെന്നും തെരുവുകളില്‍ പോരാട്ടം നടക്കുന്നതാണ് അവരെ മടക്കിക്കൊണ്ടു വരാനുള്ള തടസ്സമെന്നും സുഷമ അറിയിച്ചു. ഇന്ത്യന്‍ നഴ്സുമാര്‍ സുരക്ഷിതരാണെന്നും അവര്‍ പറഞ്ഞു.

ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി ഇറാഖില്‍ മൂന്നു ക്യാംപ് ഓഫിസുകള്‍ വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു സഹായങ്ങള്‍ ചെയ്യുന്നതിനായി ക്യാംപ് ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വിമാന ടിക്കറ്റ് എടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു സൌജന്യമായി ടിക്കറ്റ് നല്‍കാനും സംവിധാനമുണ്ട്. യാത്രാരേഖകളും ഉദ്യോഗസ്ഥര്‍ ശരിയാക്കും. ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി വിദേശകാര്യ മന്ത്രാലയം എല്ലാ ശ്രമങ്ങളും നടത്തുന്നതായി വിദേശകാര്യ വക്താവ് പറഞ്ഞു.

ഇറാഖില്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് റെഡ് ക്രെസന്റ് അറിയിച്ചിട്ടുണ്ട്. റെഡ് ക്രെസന്റ് അവരുമായി സമ്പര്‍ക്കം സ്ഥാപിച്ചിട്ടുണ്ട്. രൂക്ഷമായ യുദ്ധം നടക്കുന്ന മേഖലയായതിനാല്‍ വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും ഇവരുമായി നേരിട്ടു സമ്പര്‍ക്കം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സുഷമ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close