ഇറാഖ് വിമതര്‍ക്കൊപ്പം മുംബൈയില്‍ നിന്നുള്ള യുവാക്കളും

മുംബൈയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ നാല് യുവാക്കള്‍ ഇറാഖിന്റെയും സിറിയയുടെയും ഇസ്ലാമികവത്കരണത്തിനുവേണ്ടി പോരാടുന്ന തീവ്രവാദസംഘടനയില്‍ ചേര്‍ന്നതായി സംശയം.

കാണാതായ യുവാക്കളില്‍ ഒരാളുടെ പിതാവ് പോലിസില്‍ പരാതിപ്പെട്ടതോടെയാണ് യുവാക്കള്‍ തീവ്രവാദസംഘടനയില്‍ ചേര്‍ന്നെന്ന സംശയം ബലപ്പെട്ടത്.

ആരിഫ് ഫയസ് മജീദ് എന്ന യുവാവിന്റെ പിതാവാണ് കല്യാണ്‍ പോലീസില്‍ പരാതി നല്‍കിയത്. മകന്‍ അയച്ച കത്തുമായിട്ടാണ് പിതാവ് പോലീസിനെ സമീപിച്ചത്. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ആരിഫ് വീട്ടിലേക്ക് സ്വന്തം കൈപ്പടയിലെഴുതിയതാണ്. താന്‍ പോരാട്ടത്തിനായി ഇറങ്ങിതായും പറുദീസയില്‍ കാണാമെന്നും അമ്മയ്ക്ക് എഴുതിയിട്ടുണ്ട്.

ആരിഫ് ഫയിസിനോടൊപ്പം താനെ നിവാസികളായ ഫഹദ് തന്‍വീര്‍ ശൈഖ്, അമന്‍ തണ്ടല്‍, സച്ചിന്‍ ഫാറുഖ് തന്‍കി എന്നിവരും നാടുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐ.എസ്. ഐ.എസ്) എന്ന തീവ്രവാദസംഘടനയില്‍ ചേര്‍ന്നതായിട്ടാണ് സംശയം.
ഫഹദ് ശൈഖും അമര്‍ തണ്ടലും എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. തന്‍കി കോള്‍ സെന്റര്‍ ജീവനക്കാരനുമായിരുന്നു. ഇറാഖിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി മെയ് 23-ന് പുറപ്പെട്ട സംഘത്തില്‍ അംഗങ്ങളായിരുന്നു നാല് പേരും. 22 പേരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. ബാഗ്ദാദില്‍ നിന്ന് മെയ് 24-ന് ആരിഫ് വീട്ടിലേക്ക് വിളിച്ചു. വീട്ടില്‍ പറയാതെ പോയതിന് ആരിഫ് മാപ്പ് ചോദിക്കുകയും ചെയ്തു.

കല്യാണില്‍ നിന്നുള്ള നാല് യുവാക്കളും ടാക്‌സി പിടിച്ച് ബാഗ്ദാദിലെ ഫലുജയിലേക്ക് പോയെന്നാണ് മറ്റു സംഘാംഗങ്ങള്‍ പറഞ്ഞത്. പിന്നീട് ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. മൊബൈല്‍ ഫോണുകളും നിശ്ചലമായിട്ടുണ്ട്.
ഓണ്‍ലൈന്‍ മുഖേനയാണ് യുവാക്കള്‍ ജിഹാദിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സിയും അന്വേഷിക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close