ഇറോം ശര്‍മിളയെ മോചിപ്പിച്ചു

സൈന്യത്തിന്റെ പ്രത്യേകാധികാരനിയമം (അഫ്‌സ്പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് 14 വര്‍ഷമായി നിരാഹാരസത്യാഗ്രഹം നടത്തിയ ഇറോം ശര്‍മിളയെ (42) മോചിപ്പിച്ചു. മണിപ്പുരിലെ സെഷന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരമാണിത്. മോചിതയായെങ്കിലും നിരാഹാരം തുടരുമെന്ന് ശര്‍മിള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വികാരാധീനയായിട്ടാണ് ശര്‍മിള മാധ്യമങ്ങളെ അഭിമുഖീകരിച്ചത്.

ശര്‍മിളയുടെ സത്യാഗ്രഹം ആത്മഹത്യാ ശ്രമമായി കണക്കാക്കി കേസെടുത്ത് അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയായിരുന്നു. ശര്‍മിളയ്‌ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു.

അഫ്‌സ്പ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ നാലുമുതലാണ് ശര്‍മിള നിരാഹാര സത്യാഗ്രഹം നടത്തിയത്. ജയിലാക്കി മാറ്റിയ സര്‍ക്കാര്‍ ആസ്പത്രിമുറിയില്‍ കഴിയുന്ന ശര്‍മിളയെ മൂക്കിലൂടെ ഇട്ടിരിക്കുന്ന കുഴല്‍ വഴി ബലമായി ഭക്ഷണം കഴിപ്പിക്കുകയായിരുന്നു. ശര്‍മിള ആത്മഹത്യചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന വാദം ആരോപണംമാത്രമാണെന്നും അതിനാല്‍, അവരെ കസ്റ്റഡിയില്‍ വെക്കാനാവില്ലെന്നും കോടതി പറഞ്ഞു.

അസം റൈഫിള്‍സ് ഇംഫാലില്‍ 10 യുവാക്കളെ വെടിവെച്ചു കൊന്നതിനെത്തുടര്‍ന്നാണ് അഫ്‌സ്പ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ അനിശ്ചിതകാലനിരാഹാരം തുടങ്ങിയത്. സമരം തുടങ്ങി മൂന്നാം നാള്‍ മുതല്‍ ശര്‍മിള ജുഡീഷ്യല്‍ കസ്റ്റഡിയിലായി.

ക്വിറ്റ് ഇന്ത്യാ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമമാണ് അഫ്‌സ്പ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങളിലുമാണ് ഇത് ഇപ്പോഴും നിലവിലുള്ളത്. പട്ടാളത്തിന് വാറന്റ് കൂടാതെ എവിടെയും കയറി പരിശോധിക്കാനും ആരെയും അറസ്റ്റ് ചെയ്യാനും അനുവാദം കൊടുക്കുന്ന നിയമമാണിത്. സംശയത്തിന്റെ ന്യായത്തില്‍ കണ്ടാലുടന്‍ ആര്‍ക്കെതിരെയും ആയുധം പ്രയോഗിക്കുകയും ചെയ്യാം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close