ഇറ്റലി തോറ്റു ഇംഗ്ലണ്ട് പുറത്ത്

italy cos

മരണ ഗ്രൂപ്പില്‍ കോസ്റ്റാറിക്ക ഈയാംപാറ്റകളെ പോലെ പിടഞ്ഞു വീഴുമെന്ന് കരുതിയ കുഞ്ഞനമാര നെഞ്ചു വിരിച്ച് നിന്നതോടെ ഒരു ലോക ചാമ്പ്യന്‍മാര്‍ക്ക് കൂടി അടി തെറ്റി. ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് കോസ്റ്റാറിക്ക ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇതോടെ മരണ ഗ്രൂപ്പില്‍നിന്നും ഇംഗ്ലണ്ട് പുറത്തായി. ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്ന ഇറ്റലിക്ക് കോസ്റ്റാറിക്കക്ക് മുന്നില്‍ അടിപതറി.മുന്നേറ്റനിരയുടെ നീക്കങ്ങള്‍ കോസ്റ്റാറിക്കന്‍ പ്രതിരോധത്തില്‍ തട്ടി നിന്നപ്പോള്‍ മധ്യ നിരയില്‍ പിര്‍ലോയും സംഘവും നിസഹായരായി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു അസൂരികളുടെ ഹൃദയം തകര്‍ത്ത ഗോള്‍. ഇടതു പാര്‍ശ്വത്തില്‍ നിന്ന് ഡയസ് നല്‍കിയ പന്തിന് തലവെച്ച നായകന്‍ റൂയിസിന് പിഴച്ചില്ല. മറുവശത്ത് അവസരങ്ങള്‍ പാഴാക്കുന്നതില്‍ മത്സരിക്കുകയായിരുന്നു ഇറ്റാലിയല്‍ മുന്നേറ്റ നിര. മികച്ച രണ്ട് അവസരങ്ങളാണ് മരിയോ ബലോട്ടെല്ലി നഷ്ടപ്പെടുത്തിയത്. മുപ്പത്തിയൊന്നാം മിനിറ്റില്‍ പിര്‍ലോയുടെ ഒരു ലോംഗ് റേഞ്ച് പാസ് പിടിച്ചെടുത്തുവെങ്കിലും പന്ത് വലയിലെത്തിക്കാനുള്ള ശ്രമം വിജയം കണ്ടില്ല. രണ്ട് മിനുട്ടിനുള്ളില്‍ പ്രാശ്ചിത്തത്തിനുള്ള ബലോടെല്ലിയുടെ ശ്രമവും ഫലിച്ചില്ല. ക്ലോസ് റേ‍ഞ്ചില്‍ നിന്നും ഷോട്ട് കോസ്റ്റാറിക്കന്‍ ഗോളിയുടെ കയ്യിലൊതുങ്ങി. തോറ്റത് ഇറ്റലിയാണെങ്കിലും പണി കിട്ടിയത് ഇംഗ്ലണ്ടിനാണ്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട മുന്‍ചാമ്പ്യന്‍മാര്‍ ഇതോടെ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായി. ആദ്യ മത്സരത്തില്‍ ഉറുഗ്വെയെയും ഇപ്പോള്‍ ഇറ്റലിയെയും അട്ടിമറിച്ച കോസ്റ്റാറിക്കയാണ് മരണ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഇതോടെ ഇറ്റലി- ഉറുഗ്വെ മത്സരം നിര്‍ണ്ണായകമായി. ജയിക്കുന്ന ടീം കോസ്റ്റാറിക്കയ്‌ക്കൊപ്പം പ്രീക്വാര്‍ട്ടറില്‍ കടക്കും.

Show More
Close
Close