ഇസ്രായേലിനെതിരെ സൗദി രാജാവ്

ഗാസയില്‍ പലസ്തീന്‍ ജനതയ്ക്കുനേരേ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് രാജാവ് നിശിതമായി വിമര്‍ശിച്ചു. ഇസ്രായേലിന്റെ ക്രൂരതയ്‌ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ത്തന്നെ പുലര്‍ത്തുന്ന മൗനം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും സൗദി രാജാവ് വിശേഷിപ്പിച്ചു. ഇസ്രായേല്‍ നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും രാജ്യംതന്നെ നടപ്പാക്കുന്ന ഭീകരപ്രവര്‍ത്തനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗാസാവിഷയത്തില്‍ സൗദി രാജാവിന്റെ പ്രതികരണങ്ങളെ യു.എ.ഇ. സ്വാഗതം ചെയ്തു. ഭീകരപ്രവര്‍ത്തനങ്ങളുടെ അപകടത്തെക്കുറിച്ചാണ് സൗദി ഭരണാധികാരി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതെന്നും അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ക്കെതിരായുള്ള ഭീഷണികള്‍ കണ്ടില്ലെന്നുനടിക്കാനാവില്ലെന്നും യു.എ.ഇ. വ്യക്തമാക്കി. സൗദി രാജാവിന്റെ പ്രസ്താവനയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇസ്ലാമിക, അറബ് രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനുമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് യു.എ.ഇ. നിലപാട് വിശദീകരിച്ചിട്ടുള്ളത്.

മൂന്നാഴ്ചയിലേറെയായി ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ആദ്യമായാണ് സൗദി രാജാവ് പ്രതികരിച്ചത്. പ്രശ്‌നത്തില്‍ ഇതുവരെ മൗനംപാലിച്ചിരുന്ന സൗദി അറേബ്യയുടെ നിലപാടിനെ അറബ് ലോകവും ലോകരാഷ്ട്രങ്ങളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

‘പലസ്തീനില്‍ നമ്മുടെ സഹോദരങ്ങളുടെ കൂട്ടക്കൊലയാണ് നടക്കുന്നത്. യാതൊരു യുദ്ധമര്യാദകളും പാലിക്കാതെയാണ് ഇവിടെ നിരപരാധികളെപ്പോലും കൊന്നൊടുക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്‍മുന്നിലാണ് ഇതെല്ലാം നടക്കുന്നത്. ഈ മേഖലയില്‍ നടക്കുന്ന കാര്യങ്ങളെ നിസ്സംഗതയോടെയാണ് അവര്‍ നോക്കിനില്‍ക്കുന്നത്. ഈ മൗനം മാപ്പ് അര്‍ഹിക്കാത്തതാണ്. ശാന്തിയും വിശ്വാസങ്ങളും തള്ളിക്കളയുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നതാവും ഈ നടപടികളുടെ അനന്തരഫലം’ -സൗദി ടെലിവിഷനില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം വിശദമാക്കി. ഭീകരവാദം അമര്‍ച്ചചെയ്യാനായി ഒരു അന്താരാഷ്ട്ര സംവിധാനം ഉണ്ടാവണമെന്ന് രണ്ടുവര്‍ഷംമുമ്പ് താന്‍ മുന്നോട്ടുവെച്ച നിര്‍ദേശം വേണ്ടരീതിയില്‍ ചര്‍ച്ചചെയ്യപ്പെടാത്തതില്‍ നിരാശയുണ്ടെന്നും സൗദി ഭരണാധികാരി പറഞ്ഞു.

ഗാസയില്‍ പലസ്തീന്‍ ജനതയ്ക്കുനേരേയുള്ള അതിക്രമം എല്ലാ മര്യാദകളും ലംഘിക്കുന്ന ഘട്ടത്തില്‍ സൗദി രാജാവിന്റെ പ്രതികരണം വന്നിരിക്കുന്നത് ശ്രദ്ധേയമാണെന്ന് യു.എ.ഇ.യുടെ പ്രസ്താവനയില്‍ പറയുന്നു. വളരെ ഉത്തരവാദിത്വത്തോടെ അദ്ദേഹം നടത്തിയ പ്രസ്താവന യു.എ.ഇ.യുടെ നിലപാടുകളെക്കൂടി സാധൂകരിക്കുന്നതാണ്. പലസ്തീന്‍ ജനതയോടുള്ള യു.എ.ഇ.യുടെ ഐക്യദാര്‍ഢ്യം ഒരിക്കല്‍കൂടി പ്രകടിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നതായും യു.എ.ഇ. പ്രസ്താവനയില്‍ പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close