ഇസ്രായേല്‍ ആക്രമണം തുടരുന്നു ; അഞ്ചുമരണം കൂടി

മൂന്നു ദിവസത്തെ വെടിനിര്‍ത്തലിനുശേഷം പുനരാരംഭിച്ച ഗാസാ ആക്രമണം ഇസ്രായേല്‍ ശക്തമാക്കി. ശനിയാഴ്ച ഇസ്രായേലി യുദ്ധവിമാനങ്ങള്‍ മുപ്പതിലേറെ വ്യോമാക്രമണങ്ങള്‍ നടത്തി. അഞ്ച് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു.
ഹമാസ് ഇസ്രായേലിനുനേര്‍ക്ക് ആറ് റോക്കറ്റുകള്‍ തൊടുത്തു. ഇതോടെ സമാധാന ചര്‍ച്ചകള്‍ വീണ്ടും അനിശ്ചിതത്വത്തിലായി.
അല്‍ മഗാസിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് ബൈക്കിന് നേരേയുള്ള വ്യോമാക്രമണത്തിലാണ്. ആക്രമണത്തില്‍ തകര്‍ന്ന അല്‍ ഖസ്സം പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇസ്രായേല്‍ ഏഴുവര്‍ഷമായി ഗാസയില്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കണമെന്ന് യു.എന്‍. ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് പരിഹാരം കാണാനും തകര്‍ന്ന സ്ഥലങ്ങളും കെട്ടിടങ്ങളും പുതുക്കിപ്പണിയാനും ഇത് അത്യാവശ്യമാെണന്ന് പലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളുടെ ചുമതലയുള്ള യു.എന്‍. ഏജന്‍സി വക്താവ് ക്രിസ് ഗുന്നസ് പറഞ്ഞു.
ജബലിയ, നുസീറത്ത്, സീടൗണ്‍ എന്നീ സ്ഥലങ്ങളിലായി മൂന്ന് പള്ളികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നതായി പലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ രണ്ടെണ്ണം ഹമാസുമായി ബന്ധമുള്ളവയാണ്. വെടിനിര്‍ത്തലിനുശേഷമുള്ള ആക്രമണങ്ങളില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. ജൂലായ് എട്ടിന് ആക്രമണം തുടങ്ങിയ ശേഷം മരിച്ച പലസ്തീനികളുടെ എണ്ണം 1900 കവിഞ്ഞു. ഇതില്‍ 1354 പേര്‍ സാധാരണക്കാരാണ്. ഇതില്‍ 447 പേര്‍ കുട്ടികളും. ഇസ്രായേലിന്റെ ഭാഗത്ത് 67 പേരാണ് മരിച്ചത്.
വെടിനിര്‍ത്തല്‍ സമയത്ത് വീടുകളിലേക്കു മടങ്ങിയവരെല്ലാം അഭയാര്‍ഥികേന്ദ്രങ്ങളില്‍ തിരിച്ചെത്തി. വീടൊഴിഞ്ഞുപോയ 2,22,000 പേരെ 89 സ്‌കൂളുകളിലെ യു.എന്‍. അഭയാര്‍ഥി കേന്ദ്രങ്ങളിലായി പാര്‍പ്പിച്ചിരിക്കുകയാണ്.
അതിനിടെ, ശാശ്വതമായ വെടിനിര്‍ത്തലിന് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്ന അമേരിക്ക അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് ഇരുപക്ഷത്തും സമ്മര്‍ദം ചെലുത്താന്‍ അമേരിക്കയ്ക്ക് പരിമിതിയുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
ഈജിപ്തും സമാധാന ചര്‍ച്ചകളില്‍ സക്രിയമായി പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ആക്രമണത്തിനിടെ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close