ഈ സ്വപ്‌നം ഞങ്ങളുടേതും കൂടിയാണ്‌

അര്‍ബുദ രോഗത്തിനെതിരെ പോരാടാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ പരസ്യം ശ്രദ്ധ നേടുന്നു. കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിക്ക് വേണ്ടി ചലചിത്ര പ്രവര്‍ത്തകനായ സിദ്ധാര്‍ഥ് ശിവയാണ് പരസ്യ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ബുദ ബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന സന്ദേശമാണ് പരസ്യം നല്‍കുന്നത്.

സ്‌കൂളില്‍ പോകാനും കളിക്കാനും അവധിക്ക് നാട്ടില്‍ പോകാനും ആഗ്രഹിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ ആത്മഗതത്തില്‍ നിന്നാണ് പരസ്യം തുടങ്ങുന്നത്. എന്നാല്‍ ആശുപത്രി കിടക്കയില്‍ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടക്കുന്നതിനാല്‍ ഇതെല്ലാം സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിക്കുന്നുവെന്ന് ഈ കുഞ്ഞ് ദുഃഖത്തോടെ പറയുന്നു. ഈ സ്വപ്‌നം എന്റേത് കൂടിയാണെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ് മറ്റൊരു കുട്ടി പറഞ്ഞ് വരുന്നതോടെ അവളുടെ നഷ്ടമായ പുഞ്ചിരി തിരിച്ചുകിട്ടുന്നു.

തുടര്‍ന്ന് കലാസാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍ ആ സ്വപ്‌നം തങ്ങളുടേത് കൂടിയാണെന്ന് ആവര്‍ത്തിക്കുന്നു. മധു, എം.കെ സാനു, ഡി ബാബു പോള്‍, ലെന,  ഐ എം വിജയന്‍, മാര്‍ ക്രിസോസ്റ്റം, ഇന്നസെന്റ്, ശ്യാമപ്രസാദ്, ബി.സന്ധ്യ തുടങ്ങി സമൂഹത്തെ പ്രതിനിധീകരിച്ച് ഈ സന്ദേശം പലരും ഏറ്റ് പറയുന്നതോടെയാണ്പരസ്യ ചിത്രം അവസാനിക്കുന്നത്.

സാധാരണക്കാരായ ആളുകള്‍ക്ക് ചെലവേറിയ അര്‍ബുദ ചികിത്സക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ മുഖ്യരക്ഷാധികാരി ഡോ. വി.പി ഗംഗാധരനാണ്.

1:1.3 എന്റര്‍ടെയ്ന്‍മെന്റ് ഒരുക്കിയ ഈ പരസ്യത്തിന്റെ ആശയവും സാക്ഷാത്ക്കാരവും സംവിധാനവും സിദ്ധാര്‍ഥ് ശിവ നിര്‍വ്വഹിച്ചിരിക്കുന്നു. ബിജിപാല്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന പരസ്യത്തിന്റെ ഛായാഗ്രഹണം ശംഭു ശര്‍മ്മ നിര്‍വ്വഹിച്ചിരിക്കുന്നു. ബേബി ഗൗരി, ബേബി ദിവ്യ എന്നിവരാണ് പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close