ഉത്തരവാദിത്വം സി.പി.എം. കേന്ദ്രനേതൃത്വം ഏറ്റെടുത്തു

M_Id_420024_Prakash_Karat

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു തെറ്റ് പറ്റിയതായി സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ കുറ്റസമ്മതം. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ശനിയാഴ്ച ആരംഭിച്ച കേന്ദ്രകമ്മിറ്റി യോഗത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം സി.പി.എം. കേന്ദ്രനേതൃത്വം ഏറ്റെടുത്തു. കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും പകരമായുള്ള രാഷ്ട്രീയബദല്‍ വിജയിപ്പിക്കാന്‍ പാര്‍ട്ടിക്കായില്ല. ദേശീയതലത്തില്‍ പാര്‍ട്ടി ഉയര്‍ത്തുന്ന രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല.

പാര്‍ട്ടി ജനങ്ങളില്‍നിന്ന് അകന്നതായും ജനവികാരം മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും പശ്ചിമബംഗാളിലെ തോല്‍വി ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വം അഭിപ്രായപ്പെട്ടു.ബംഗാളിലും കേരളത്തിലും ബി.ജെ.പി.യുടെ വളര്‍ച്ച ആശങ്കപ്പെടുത്തുന്നു. കേരളത്തില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയപ്രതീക്ഷയുണ്ടായിരുന്നു. വടകരയടക്കം ചില മണ്ഡലങ്ങളിലെ തോല്‍വിക്ക് സംഘടനാദൗര്‍ബല്യവും കാരണമായി. കേന്ദ്രകമ്മിറ്റി യോഗത്തില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍.

അതേസമയം, പത്തുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് ദേശീയ നേതൃത്വമാണ് കുറ്റക്കാരെന്ന് കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചയില്‍ വിമര്‍ശമുയര്‍ന്നതായി അറിയുന്നു. കേരളം, ബംഗാള്‍, ത്രിപുര എന്നീ ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പൂര്‍ണമായും തുടച്ചു നീക്കപ്പെട്ടതിന് ദേശീയ നേതൃത്വമാണ് ഉത്തരവാദികളെന്നായിരുന്നു യോഗത്തിലെ വിമര്‍ശം.
നരേന്ദ്രമോദി സര്‍ക്കാര്‍ വരുമെന്ന ഭീതിയില്‍ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ്സിന് അനുകൂലമായത് കേരളത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം പി.ബി. ശരി വെച്ചു. എന്നാല്‍, കേരളത്തില്‍ പാര്‍ട്ടി കൂടുതല്‍ സീറ്റുകളില്‍ വിജയം പ്രതീക്ഷിച്ചിരുന്നു. ചില മണ്ഡലങ്ങളിലെ പരാജയം അപ്രതീക്ഷിതമായി.കേരളത്തില്‍ ബി.ജെ.പി.ക്ക് വോട്ടുകള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുള്ളത് ഗൗരവമായി കാണണം. തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തി. ഇടതുസ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പരമ്പരാഗത ഇടതുവോട്ടുകള്‍ ബി.ജെ.പി.യിലേക്ക് മാറി. സംസ്ഥാനത്ത് 11 ശതമാനത്തോളം വോട്ടുകള്‍ ബി.ജെ.പി.ക്ക് നേടാനായി.

കാസര്‍കോട് മണ്ഡലത്തില്‍ കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന്റെ ഭൂരിപക്ഷം കുറഞ്ഞത് നേരത്തേ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ബംഗാളിലും കേരളത്തിലുമുള്ള ബി.ജെ.പി.യുടെ വളര്‍ച്ച സി.പി.എമ്മിനെയാണ് ബാധിക്കുകയെന്നും കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ഉയര്‍ന്നതായും അറിയുന്നു. പശ്ചിമബംഗാളില്‍ ഇത്രയും കനത്ത തോല്‍വിയുണ്ടാവുമെന്ന് മുന്‍കൂട്ടി കാണാനായില്ലെന്നും കേന്ദ്രകമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചുവെന്നാണ് വിവരം. പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും പകരം പാര്‍ട്ടി മുന്‍കൈയെടുത്ത് രൂപവത്കരിച്ച ബദല്‍ ജനങ്ങള്‍ അംഗീകരിച്ചില്ല. അന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അതു മാത്രമായിരുന്നു പാര്‍ട്ടിക്ക് മുന്നിലുള്ള പോംവഴി. എന്നാല്‍, ഈ രാഷ്ട്രീയബദല്‍ വിജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല.

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മത്സരിച്ച വാരാണസിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് തെറ്റായിപ്പോയെന്ന് പി.ബി. റിപ്പോര്‍ട്ടിലുണ്ടെന്ന് അറിയുന്നു. നരേന്ദ്രമോദി മത്സരിച്ച വാരാണസിയില്‍ കെജ്രിവാളിനെ പിന്തുണയ്‌ക്കേണ്ടിയിരുന്നുവെന്ന വികാരമാണ് പി.ബി.ക്കുള്ളത്. തമിഴ്‌നാട്, ഒഡിഷ, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടായിരുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തുടച്ചുനീക്കപ്പെട്ടത് പാര്‍ട്ടിനേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമര്‍ശമുയര്‍ന്നതായി അറിയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close