ഉപാധികളോടെ മഅദനിക്ക് ജാമ്യം

madana

പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബാംഗ്ലൂര്‍ വിട്ട് പോകരുതെന്ന ഉപാധിയോടെ ഒരുമാസത്തേക്കാണ് ജാമ്യം.

ബാംഗ്ലൂരില്‍ തന്നെ തങ്ങി സ്വന്തം നിലയില്‍ ചികിത്സ നടത്തണം. ആ സമയത്ത് സുരക്ഷ കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും കോടതി അറിയിച്ചു. കൂടാതെ ബാംഗ്ലൂരില്‍ മഅദനിയുടെ താമസസ്ഥലത്തിന്റെ മേല്‍വിലാസം സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിനും പോലീസിനും കൈമാറണം. ജാമ്യത്തുകയായി ഒരു ലക്ഷം രൂപയും കെട്ടിവെക്കണം.

ജാമ്യക്കാലാവധി സമയത്ത് കേസിന്റെ സാക്ഷികളെയോ പ്രതികളെയോ ബന്ധപ്പെടാന്‍ പാടില്ല. അതുണ്ടായാല്‍ കര്‍ശനനടപടികളെടുക്കാന്‍ കര്‍ണാടകസര്‍ക്കാരിന് അവകാശമുണ്ടെന്നും ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞു.

മഅദനിക്ക് ജാമ്യം നല്‍കുന്നത് കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ മഅദനി കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു കര്‍ണാടകയുടെ വാദം. എന്നാല്‍ വിദഗ്ധചികിത്സ ആവശ്യമുണ്ടെന്ന മഅദനിയുടെ ഹര്‍ജി മാനിച്ചാണ് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ മുഖപ്രതിയാണ് മഅദനി. നാലുവര്‍ഷമായി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനി ചികിത്സയ്ക്കായിട്ടാണ് മൂന്നുമാസത്തെ ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. മഅദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close