എം എ ബേബി ഹാജര്‍ബുക്കില്‍ ഒപ്പിടാത്തത് ചട്ടവിരുദ്ധം: സ്പീക്കര്‍

ma baby

എം എ ബേബി എം എല്‍ എ നിയമസഭയിലെ ഹാജര്‍ബുക്കില്‍ ഒപ്പിടാത്തത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ഹാജര്‍ബുക്കില്‍ ഒപ്പിടാത്ത ബേബി കഴിഞ്ഞ ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ വോട്ടെടുപ്പില്‍ പങ്കെടുത്തകാര്യം കെ എന്‍ എ ഖാദര്‍ എം എല്‍ എ ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്പീക്കര്‍ ഇക്കാര്യം പറഞ്ഞത്.

ഒപ്പിടാന്‍ വിട്ടുപോയവര്‍ അക്കാര്യം രേഖാമൂലം സ്പീക്കറെ അറിയിച്ചാല്‍ അവരും ഹാജര്‍ബുക്കില്‍ ഒപ്പിട്ടതായി പരിഗണിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. അതിനാല്‍ , ഹാജര്‍ബുക്കില്‍ ഒപ്പിടാത്ത അംഗങ്ങള്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാമെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. അതിനിടെ ഒരാഴ്ചത്തെ അനിശ്ചിതത്വത്തിനുശേഷം തിങ്കളാഴ്ച നിയമസഭയിലെത്തിയ ബേബി ചൊവ്വാഴ്ച ഉച്ചവരെ സഭയില്‍ ഹാജരായിട്ടില്ല. അദ്ദേഹം ഉടന്‍ സഭയിലെത്തുമെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് പരാജയപ്പെട്ട ബേബി, നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്ന കുണ്ടറ മണ്ഡലത്തിലും പിന്നിലായിരുന്നു. ഈ സാഹചര്യത്തില്‍ എം.എല്‍.എ. ആയി തുടരുന്നത് രാഷ്ട്രീയ ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചിരുന്നു. രാജി കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുന്നതുവരെ സഭയില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു ബേബിയുടെ ആദ്യ തീരുമാനം.

രാജിവെക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ചര്‍ച്ചചെയ്യാമെന്ന കേന്ദ്രനേതാക്കളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കഴിഞ്ഞ ദിവസം സഭയിലെത്തിയത് എന്നാണ് സൂചന. ബേബി തിങ്കളാഴ്ച സഭയില്‍ ഹാജരായി വോട്ടെടുപ്പില്‍ പങ്കെടുത്തെങ്കിലും ഹാജര്‍പുസ്തകത്തില്‍ ഒപ്പിട്ടില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close