എം.ജി വിസിയെ ഗവര്‍ണര്‍ പുറത്താക്കി

MG vc

എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ.വി ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി. ഇതു സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത്ത് ഒപ്പുവെച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഹൈക്കോടതിക്ക് നല്‍കും. വൈസ് ചാന്‍സലറാകാന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍ തിരുത്തല്‍ വരുത്തി എന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സലറെ പുറത്താക്കുന്നത്. ഗവര്‍ണറെ കണ്ട് തന്റെ ഭാഗം വിശദീകരിക്കാന്‍ എ.വി ജോര്‍ജ് രാവിലെ മുതല്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ഗവര്‍ണര്‍ സമയം അനുവദിച്ചില്ല. മുഖ്യമന്ത്രിയുമായും അദ്ദേഹം രാവിലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

എന്നാല്‍ പുറത്താക്കപ്പെട്ട നടപടി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ എ.വി ജോര്‍ജ് തയ്യാറായില്ല. ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കാണുമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജിയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ജോര്‍ജ് 2013 ജനവരിയിലാണ് എം.ജി വി.സിയായത്. വൈസ് ചാന്‍സലറാകാന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍, അന്ന് കേന്ദ്രസര്‍വകലാശാലയില്‍ വകുപ്പുമേധാവി ആയിരുന്നെന്ന് ഡോ. എ.വി.ജോര്‍ജ് കാണിച്ചിരുന്നു. എന്നാല്‍ ഇരിങ്ങാലക്കുടയിലെ കോളേജില്‍നിന്നുള്ള റിലീവിങ് ഓര്‍ഡറാണ് ഈ വിവരങ്ങള്‍ക്കൊപ്പം ചേര്‍ത്തിരുന്നത്.

ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് അവകാശപ്പെട്ടെന്നാണ് വി.സി.െക്കതിരായ പരാതി.കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സജീവാണ് ഇതുസംബന്ധിച്ച് മുന്‍ഗവര്‍ണര്‍ നിഖില്‍കുമാറിന് പരാതി നല്‍കിയത്. ചാന്‍സലര്‍കൂടിയായ നിഖില്‍കുമാര്‍ ഇതുസംബന്ധിച്ച് ഹിയറിങ് നടത്തിയെങ്കിലും തീരുമാനം വരുംമുമ്പ് അദ്ദേഹം രാജിവെച്ചു.

ഇതിനിടെ വൈസ് ചാന്‍സലര്‍ ഹൈക്കോടതിയില്‍ കേസിനുപോയി. ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ അദ്ദേഹത്തെ പുറത്താക്കിയത്.

പ്രശ്‌നം സംബന്ധിച്ച് മുന്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍, സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ കെ.എം.എബ്രഹാമാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്. അദ്ദേഹം നല്‍കിയ റിേപ്പാര്‍ട്ടില്‍ വി.സി.നിയമനത്തിനായി തെറ്റായ വിവരങ്ങളാണ് ഡോ. എ.വി ജോര്‍ജ് നല്‍കിയിട്ടുള്ളതെന്നാണ് പറയുന്നത്. ഇതേത്തുടര്‍ന്ന്, വി.സി.യെ നീക്കാമെന്നും അന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഡോ. ജോര്‍ജിനെ എം.ജി വിസിയായി നിയമിച്ചത്. വി.സി.നിര്‍ണയ സമിതിക്ക് ഐകകണേ്ഠ്യന അഭിപ്രായത്തിലെത്താന്‍ കഴിയാതെ വന്നതിനാല്‍ പാനലായി മൂന്നുപേരുകള്‍ ചാന്‍സലര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയാണ് സമിതിയില്‍ ഡോ. ജോര്‍ജിന്റെ പേര് നിര്‍ദേശിച്ചത്. സമിതിയിലെ യു. ജി.സി.പ്രതിനിധി സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ക്കുകയും മറ്റൊരു പേര് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വൈസ് ചാന്‍സലറാകാന്‍ 10 വര്‍ഷം പ്രൊഫസറായിരിക്കണമെന്ന യു.ജി.സിയുടെ നിര്‍ദേശവും വിവാദത്തിന് കാരണമായി. പിന്നീട് ഈ നിര്‍ദേശം യു.ജി.സി.പിന്‍വലിച്ചെങ്കിലും ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല.

സമിതി നിര്‍ദേശിച്ച പാനലില്‍ നിന്നും സര്‍ക്കാരിന്റെ താത്പര്യം കൂടി പരിഗണിച്ചാണ് ഗവര്‍ണര്‍ ഡോ.ജോര്‍ജിനെ നിയമിച്ചത്. എം.ജി.സര്‍വകലാശാ വി.സി.സ്ഥാനത്തിനായി കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും പിടിമുറുക്കിയിരുന്നു. ഒടുവില്‍ കേരള കോണ്‍ഗ്രസ്സിന് വി.സി.സ്ഥാനം നല്‍കാന്‍ ധാരണയാകുകയാരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close