എം വി ദേവന്‍ അന്തരിച്ചു

m v devan

പ്രശസ്ത ചിത്രകാരന്‍ മഠത്തില്‍ വാസുദേവന്‍‌ എന്ന ,എം വി ദേവന്‍ (86) അന്തരിച്ചു. ആലുവയിലെ വീട്ടില്‍ ആയിരുന്നു അന്ത്യം. ചിത്രകാരന്‍ , ശില്പി, വാസ്തുശില്പി, സാഹിത്യകാരന്‍ , പ്രഭാഷകന്‍ എന്നീ ഇടങ്ങളില്‍ ദേവസ്പന്ദനങ്ങള്‍ തീര്‍ത്ത കലാകാരനാണ് അദ്ദേഹം . 1928 ജനു. 15ന് കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ മഠത്തില്‍ ഗോവിന്ദന്‍ ഗുരുക്കളുടേയും മുല്ലോളി മാധവിയുടേയും മകനായി ജനനം.
ചെന്നൈയിലെ ഗവണ്മെന്റ് സ്‌കൂള്‍ ഒഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍ പഠിച്ചു. ഡി.പി. റോയ് ചൗധുരി, കെ.സി.എസ്. പണിക്കര്‍ എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു. 1952 മുതല്‍ മാതൃഭൂമി വാരികയില്‍ ഏറെക്കാലം ചിത്രങ്ങള്‍ വരച്ചിരുന്ന ദേവന്‍ ബഷീറിന്റെയും ഉറുബിന്റെയും മറ്റും കഥാപാത്രങ്ങള്‍ക്കു നല്കിയ രൂപഭാവ സവിശേഷതകള്‍ വായനക്കാരെ വളരെ ആകര്‍ഷിച്ചിരുന്നു. കഥയെ മാധ്യമമാക്കിക്കൊണ്ട് ചിത്രകാരന്‍ നടത്തിയ ഈ കലാസൃഷ്ടികള്‍ മലയാളിയുടെ ദൃശ്യസംസ്‌കാരത്തിലും സാഹിത്യഭാവുകത്വത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. ആദ്യകാലത്ത് ജലച്ചായചിത്രങ്ങള്‍ വരച്ചിരുന്ന ദേവന്‍ പിന്നീട് എണ്ണച്ചായത്തിലേക്കു വന്നു. ശില്പങ്ങള്‍ കല്ലിലും സിമന്റിലും കോണ്‍ക്രീറ്റിലും ചെയ്തിട്ടുണ്ട്. വാസ്തുശില്പത്തിലേക്കു തിരിഞ്ഞത് പില്‍ക്കാലത്താണ് .

1961ല്‍ മാതൃഭൂമി വിട്ട് മദ്രാസിലെ സതേണ്‍ ലാംഗ്വേജ് ബുക്ക് ട്രസില്‍ പ്രവര്‍ത്തിച്ചു. 1968 വരെ മദ്രാസ് ലളിതകലാ അക്കാഡമിയിലും ന്യൂഡല്‍ഹി ലളിതകലാ അക്കാഡമിയിലും പ്രവര്‍ത്തിച്ചു. 1968 മുതല്‍ 72 വരെ ഉദ്യോഗമണ്ഡല്‍ ഫാക്!ടില്‍ കണ്‍സല്‍റ്റന്‍റായി ജോലി നോക്കി. 1974 മുതല്‍ 77 വരെ അദ്ദേഹം സംസ്ഥാന ലളിതകലാ അക്കാഡമിയുടെ അദ്ധ്യക്ഷനായിരുന്നു. ഇക്കാലത്താണ് പെരുന്തച്ചന്‍ എന്ന പേരില്‍ അദ്ദേഹം ഗൃഹനിര്‍മ്മാണ കണ്‍സല്‍റ്റന്‍സി സ്ഥാപനം തുടങ്ങുന്നത്. കൊച്ചിയിലെ കേരള കലാപീഠം, മാഹിയിലെ മലയാള കലാഗ്രാമം എന്നിവ ദേവനാണ് തുടങ്ങിയത്. ഗോപുരം, സമീക്ഷ, കേരള കവിത തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായും അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. ന്യൂ മാഹിയിലെ മലയാള കലാഗ്രാമത്തിന്റെ ഡയറക്ടറും കലാദര്‍പ്പണത്തിന്റെ എഡിറ്ററുമായിരുന്നു.

m v devanകലയുടെയും സാഹിത്യത്തിന്റെയും വിവിധങ്ങളായ മേഖലകളെ നിരീക്ഷണപാടവത്തോടെയും ക്രിയാത്മക വൈഭവത്തോടെയും കൈകാര്യംചെയ്ത ദേവന്‍ മൗലികങ്ങളായ ഒട്ടനവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്.കലയിലെ കച്ചവട മനോഭാവത്തിനും ആത്മവഞ്ചനയ്ക്കുമെതിരെ തുറന്നടിക്കുന്നുണ്ട് പല എഴുത്തുകളിലും . ദേവന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം ദേവസ്?പന്ദനം എന്ന പേരില്‍ 1999ല്‍ പ്രസിദ്ധീകരിച്ചു. മനുഷ്യമനസ്സില്‍ ഉജ്ജ്വലമായ ചിന്തകള്‍ക്കു ബീജാവാപം നടത്തുന്ന അത്യന്തം പ്രൌഢവും ആധികാരികവുമായ ഈ ലേഖനസമാഹാരം നൂറ്റാണ്ടുകളുടെ പുസ്തകമായാണ് വിശേഷിപ്പക്കപ്പെടുന്നത് . സ്വന്തമായ ആശയങ്ങള്‍ രൂപവത്കരിക്കുന്നതിന് അനുപേക്ഷണീയമായ അനുഭവം, നിരീക്ഷണം, പഠനം തുടങ്ങിയ രചനാത്മക ഗുണങ്ങള്‍ ഇതിലെ ലേഖനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മനുഷ്യന്റെ സര്‍ഗാത്മകതയാണ് സമൂഹത്തിന്റെ ആത്യന്തികമായ വിമോചന പദ്ധതിയെന്ന ദൃഢവിശ്വാസത്തിലേക്ക് ഈ കൃതി വായനക്കാരെ തിരിച്ചുവിടുന്നു. 1999ലെ വയലാര്‍ അവാര്‍ഡ് ഈ കൃതിക്കു ലഭിച്ചു.1985ലെ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ,1985ലെ ചെന്നൈ റീജിയണല്‍ ലളിതകലാ അക്കാദമി ഫെലോഷിപ്പ് ,1992ലെ ക്രിട്ടിക്‌സ് അവാര്‍ഡ്, 1994ലെ എം.കെ.കെ. നായര്‍ അവാര്‍ഡ്, 2001ലെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചിത്രശില്പകലാ ബഹുമതി എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.ശ്രീദേവിയാണ് ഭാര്യ, ജമീല ഏകമകളും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close