എക്‌സ്​പ്രസ്സ് തീവണ്ടികളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കല്‍ തീര്‍ത്ഥാടകരെ വലയ്ക്കും

ചെങ്ങന്നൂര്‍: എക്‌സ്​പ്രസ്സ് തീവണ്ടികളുടെ ചെങ്ങന്നൂരിലെ സ്റ്റോപ്പ് റദ്ദാക്കുന്നത് ശബരിമല തീര്‍ത്ഥാടകരെ ബാധിക്കും. പ്രതിവാര തീവണ്ടികളായ ഭാവ് നഗര്‍, ബിക്കാനീര്‍ എക്‌സ്​പ്രസ്സുകളുടെ സ്റ്റോപ്പുകള്‍ നിര്‍ത്താനാണ് നീക്കം നടക്കുന്നത്.
കൊച്ചുവേളിയില്‍നിന്ന് ഭാവ്‌നഗറിന് പോകുകയും തിരിച്ചുവരുകയും ചെയ്യുന്ന വണ്ടികളുടെ സ്റ്റോപ്പാണ് നിര്‍ത്തലാക്കല്‍ ഭീഷണിയെ നേരിടുന്നത്. ബിക്കാനീറില്‍നിന്ന് തിരുവനന്തപുരത്തിന് പോകുന്ന വണ്ടിയുടെ സ്റ്റോപ്പ് നിര്‍ത്താന്‍ നീക്കമുണ്ട്. തിരുവനന്തപുരത്തുനിന്ന് ബിക്കാനീറിനുള്ള തീവണ്ടിയുടെ സ്റ്റോപ്പ് നിലനില്‍ക്കും.
കര്‍ണ്ണാടകത്തില്‍നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് ഭാവ്‌നഗര്‍ എക്‌സ്​പ്രസ്സ്. മംഗലാപുരം ഉടുപ്പി ഭാഗത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ പ്രധാനമായും ഈ വണ്ടിയെയാണ് ആശ്രയിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തിര്‍ത്ഥാടകര്‍ ബിക്കാനീര്‍ എക്‌സ്​പ്രസ്സിനെ ആശ്രയിക്കുന്നവരാണ്. കേരളത്തില്‍നിന്ന് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകരില്‍ നല്ലൊരുഭാഗവും ഈ രണ്ട് വണ്ടികളെയും ആശ്രയിക്കുന്നു.
എറണാകുളത്തുനിന്ന് പലദിവസങ്ങളിലും വൈകിട്ട് ആറരയ്ക്കുശേഷം തെക്കോട്ട് തീവണ്ടിയില്ല. വ്യാഴാഴ്ച രാത്രി ബിക്കാനീര്‍- തിരുവനന്തപുരം എക്‌സ്​പ്രസ്സ് ഈ യാത്രക്കാര്‍ക്ക് അനുഗ്രഹമാകും. തിങ്കളാഴ്ച രാത്രി ഭാവ്‌നഗര്‍- കൊച്ചുവേളി എക്‌സ്​പ്രസ്സാണ് ഈ യാത്രക്കാരുടെ ദുരിതത്തിനുള്ള പരിഹാരം.
ആലപ്പുഴ, പത്തനംതിട്ട കൊല്ലം ജില്ലകളില്‍നിന്നുള്ള യാത്രക്കാരധികവും ആശ്രയിക്കുന്ന റെയില്‍വെ സ്റ്റേഷനാണ് ചെങ്ങന്നൂര്‍. ശബരിമലയുടെ കവാടമായി റെയില്‍വെ, ഈ സ്റ്റേഷനെ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരധികവും വന്നിറങ്ങുന്ന സ്റ്റേഷനാണ് ചെങ്ങന്നൂര്‍. അതുകൊണ്ടുതന്നെ ദീര്‍ഘദൂരം വണ്ടികള്‍ക്കുള്ള ഇവിടത്തെ സ്റ്റോപ്പ് നിര്‍ത്തലാക്കരുതെന്ന ആവശ്യം ശക്തിപ്പെടുകയാണ്. സംസ്ഥാനത്ത് ഓടുന്ന തീവണ്ടികളുടെ പല സ്റ്റോപ്പുകളും ഇതേപോലെ നിര്‍ത്തലാക്കാന്‍ നീക്കമുണ്ട്. തീരുമാനം താത്കാലികമായി മാറ്റിയിട്ടുണ്ടെന്നുമാത്രം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close