എട്ടാം ദിനം

8

ദുര്‍ഗാ മനോജ്

ത്യന്തം ശോകമൂകമാണ് അയോധ്യ. ഭരതന് അതിന്റെ കാരണം കണ്ടെത്താനായില്ല. വേഗം അച്ഛനെ കാണുകതന്നെ എന്ന് നിശ്ചയിച്ച് പിതൃഗൃഹത്തിലേക്ക് ചെന്നു. അവിടെ അച്ഛനെക്കാണാഞ്ഞ് ഭരതന്‍ അമ്മയെ കാണാന്‍ മാതൃഗൃഹത്തിലെത്തി. പക്ഷേ, അവിടെയും രാജാവിനെ കണ്ടെത്താന്‍ ഭരതനായില്ല. മകന്‍ വന്നതറിഞ്ഞ് കൈകേയി വേഗം ഭരതന് അടുത്തെത്തി. ഒഴിഞ്ഞുകിടക്കുന്ന സ്വര്‍ണ്ണക്കട്ടില്‍ കണ്ട് ഭരതന്‍ കൈകേയിയോട് ”എവിടെ അച്ഛന്‍” എന്ന് ചോദിച്ചു. മകന് കേട്ടാല്‍ സന്തോഷം തോന്നും എന്നുകരുതി രാജ്യലാഭത്തിനായി ഇത്രയേറെ വിനാശങ്ങള്‍ വരുത്തിവച്ച കൈകേയി ഓരോരോ വാര്‍ത്തകളായി ഭരതനെ ധരിപ്പിച്ചു. ഇത് കേള്‍ക്കകേള്‍ക്കെ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാകാതെ, ഞാന്‍ ദുഃസ്വപ്നം കാണുകയാണോ എന്നുപോലും സംശയിച്ച് ഭരതന്‍ തേങ്ങിക്കരഞ്ഞുതുടങ്ങി. ഇത് കണ്ട് കൈകേയി ഭരതന് കൈവന്ന സൗഭാഗ്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു. പിന്നെപ്പറഞ്ഞു ”വേഗം വിധിപോലെ രാജാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് സ്വയം രാജാവായി അഭിഷേകം ചെയ്യുക.”
ഇതുകേട്ട് ഭരതന്‍ പുലമ്പി ”അച്ഛന്‍ മരിച്ച്, പിതൃതുല്യനായ രാമന്‍ കാടുകയറിയ എനിക്ക് രാജ്യമെന്തിനാ. രാജാവിനെ കൊന്നവളാണു നീ. ഒരുതെറ്റും ചെയ്യാത്ത രാമനെ ഒപ്പം സീതയേയും ലക്ഷ്മണനേയും കാട്ടിലയച്ചവളാണ് നീ. ദുഷ്‌ടേ, നീ നാട്ടില്‍നിന്ന് ഒഴിഞ്ഞുപോ. നീ കുലം മുടിച്ചവളാണ്. ധര്‍മ്മിഷ്ഠയായ കൗസല്യക്ക് ദുഃഖം വരുത്തിവച്ച നീ ഏത് നരകത്തിലാണ് പോകുന്നത്? അച്ഛനും ജ്യേഷ്ഠനും മതിയായ പ്രായ്ശ്ചിത്തങ്ങള്‍ ചെയ്യും. നീ ചെയ്ത പാപം താങ്ങാന്‍ ഞാന്‍ ആളല്ല. നീ പോയി തൂങ്ങിച്ചാകുകയോ ആറ്റില്‍ ചാടുകയോ ചെയ്യുക. രാമന്‍ രാജ്യം ഏറ്റുകഴിഞ്ഞാല്‍ ഞാന്‍ കളങ്കമറ്റ് കൃതകൃത്യനാകും.”
പിന്നെ ദുഃഖഭാരത്താല്‍ ഭരതന്‍ കൈകേയിഗൃഹം വിട്ട് കൗസല്യാഗൃഹത്തിലെത്തി ആ ചരണത്തില്‍ വീണു കരഞ്ഞു.
ദുഃഖിതയായ കൗസല്യ ഭരതനോട് എന്തിനീവണ്ണം രാമോട് ക്രൂരത ചെയ്തു എന്ന് ചോദിച്ചതുകേട്ട് ഭരതന്‍ വീണ്ടും നെഞ്ചുതകര്‍ന്ന് ബോധമറ്റ് വീണു. പിന്നെ സ്വയം ശപിച്ച് കരയാന്‍ തുടങ്ങി.
ഇപ്രകാരം വിലപിക്കുന്ന ഭരതനോട് ഗുരു വസിഷ്ഠന്‍ അച്ഛന്റെ അന്ത്യക്രിയകള്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടു.
പിന്നെ തൈലതോണിയില്‍ നിന്ന് ദശരഥന്റെ ദേഹം പുറത്ത് കിടത്തി ക്രിയകള്‍ ചെയ്ത് ചിതയിലേക്ക് എടുത്തു. അന്തഃപ്പുരസ്ത്രീകളും അവിടേക്ക് ചെന്നു. പിന്നെ ഏവരും പത്തുനാള്‍ നിലത്തുകിടന്ന് പുല ആചരിച്ചു. പത്തുനാള്‍ കഴിഞ്ഞ് ശേഷക്രിയകളും നടത്തിയശേഷം ഭരത ശത്രുഘ്‌നന്മാര്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കെ ശത്രുഘ്‌നന്റെ ഭൃത്യന്മാര്‍ നിറയെ പൊന്നണിഞ്ഞ് നടക്കുന്ന കൂനിയായ മന്ഥരയെ പിടികൂടി ശത്രുഘ്‌നന്റെ മുന്നിലെത്തിച്ചു. അവളെ വലിച്ചിഴച്ച് കൊല്ലുവാനായി നിശ്ചയിച്ചപ്പോള്‍ ഭരതന്‍ ഇടപെട്ട് തടഞ്ഞു. ശത്രുഘ്‌നാ നാം നാരീഘാതകരാകരുത്. അങ്ങനെ വന്നാല്‍ ജ്യേഷ്ഠന്‍ നമ്മളോട് മിണ്ടില്ല എന്നുപോലും വരും. അവളെ ആ കുബ്ജയെ വിട്. തന്റെ ധര്‍മ്മനിഷ്ഠ ഓര്‍ത്ത് മാത്രമാണ്, ഇല്ലെങ്കില്‍ എന്റെ അമ്മയായ കൈകേയിയെ ഞാന്‍ തന്നെ കൊല്ലുമായിരുന്നല്ലോ എന്ന് പറഞ്ഞു.
മരണാന്തരചടങ്ങുകള്‍ കഴിഞ്ഞ് പതിനാലാം നാള്‍ ഭരതന്‍ പൗരപ്രമുഖന്മാര്‍ അടങ്ങിയ സദസ്സിനോട് താന്‍ രാമനെ തിരികെ കൊണ്ടുവരാനായി പോകുകയാണ് എന്നും, രാമന്‍ തന്നെയാണ് അയോധ്യയുടെ രാജാവാകുകയെന്നും അറിയിച്ചു.
പിന്നെ പണിക്കാരെവിളിച്ച് രാമന്‍ പാര്‍ക്കുന്ന വനത്തിലേക്ക് രാജപാത നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടു. പാത നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ പടയോടും പൗരപ്രമുഖരോടും അമ്മമാരോടും കൂടി രാമനെത്തേടി ഭരതന്‍ കാട്ടിലേക്ക് പുറപ്പെട്ടു.
ഗംഗാതീരത്ത് ഭരതനും കൂട്ടരും എത്തിച്ചേര്‍ന്നു. ”വലിയൊരു പട കാനനത്തില്‍! ഇതെന്താണ്?! കാനന രാജാവായ ഗുഹന് സംശയമായി. രാമനെ അപകടത്തിലാക്കാനാണോ ഭരതന്റെ നീക്കം? ഗുഹന്‍ വേഗം അനുചരന്മാരെ വിളിച്ച് ഭരതന്റെ നീക്കം രാമന് എതിരാണെങ്കില്‍ ഒരിക്കലും ഭരതന്റെ പട ഗംഗാ നദി കടക്കാനിടയാകരുത് എന്നും അതിനായി തയ്യാറായി നില്ക്കുവാനും ആവശ്യപ്പെട്ടു. അതിനുശേഷം വേഗം ഫലമൂലാദികളും മത്സ്യവും മാംസവും മധുവും ഉപഹാരമായെടുത്ത് ഭരതന്റെ സമീപത്തേക്കു ചെന്നു.
ഗുഹന്റെ വരവ് കണ്ട് സുമന്ത്രര്‍ ഭരതനോട് രാമന്‍ കാടുകടക്കും മുമ്പ് രാത്രി കഴിച്ചുകൂട്ടിയത് ഗുഹന്റെ ആതിഥ്യത്തിലാണെന്ന് പറഞ്ഞു. അങ്ങനെ ഭരതന്റെ അനുവാദം ലഭിച്ച് ഗുഹന്‍ ഭരത സമീപത്തിലെത്തി.
പിന്നെ സംസാരത്തിനിടയില്‍ ഭരതന്റെ ആഗമനോദ്ദേശ്യം ഗുഹന്‍ മനസ്സിലാക്കി. രാമന് അഹിതമായതിനല്ല എന്ന് ഉറപ്പായപ്പോള്‍ പിറ്റേന്ന് ഭരതനും കൂട്ടര്‍ക്കും ഗംഗ കടക്കുവാനുള്ള എല്ലാ ഏര്‍പ്പാടുകളും ഗുഹന്‍ ഏര്‍പ്പാടാക്കി. പിന്നെ ആ രാത്രി ഗുഹനും ഭരതനും രാമലക്ഷ്മണനെക്കുറിച്ച് പറഞ്ഞ്, ചിന്തിച്ച് കഴിച്ചുകൂട്ടി.
പിറ്റേന്ന് വലിയ തോണികളില്‍ ഭരതനും പടയും ഗംഗാനദി കടന്ന് ഭരദ്വാജ ആശ്രമത്തിലെത്തി. മുനിയും ആദ്യം ഗുഹനെപ്പോലെ ഭരതന്റെ ആഗമനത്തില്‍ സംശയം പ്രകടിപ്പിച്ചു. പക്ഷേ, സഹോദരനെ കണ്ടെത്തി തിരിച്ച് കൂട്ടുവാനുള്ള ഭരതന്റെ ദൃഢനിശ്ചയം കണ്ട് മുനി ഭരതനെ ആശീര്‍വദിച്ച് ഭരതനും പടയ്ക്കും തപശക്തികൊണ്ട് രാജോചിതമായ സ്വീകരണം നല്കി. നിമിഷമാത്രയില്‍ എല്ലാവിധ വിശിഷ്ടഭോജ്യങ്ങളും അവിടെ ലഭ്യമായി. അപ്‌സരസ്സുകള്‍ നൃത്തം ചെയ്തു. അങ്ങനെ അതിവിശിഷ്ടമായ ആതിഥ്യത്തില്‍ മയങ്ങി ആ രാവ് പകലായി.
കാനനയാത്രയുടെ ക്ഷീണമകന്ന് പിറ്റേന്ന് പ്രഭാതത്തില്‍ ഭരദ്വാജമുനിയുടെ അടുത്ത് ഭരതനെത്തി. പിന്നെ രാമന്‍ പോയമാര്‍ഗ്ഗം ഏതെന്ന് ചോദിച്ചു. മുനി വിശദമായി ചിത്രകൂടത്തിലേക്കുള്ള മാര്‍ഗ്ഗം വിവരിച്ചു. പിന്നെ യഥാവിധി മുനിയോട് വിടചൊല്ലി ഏവരോടുമൊപ്പം കാളിന്ദി കടന്ന് ചിത്രകൂടത്തിലേക്ക് യാത്ര തുടര്‍ന്നു.
ഈ സമയം രാമന്‍ സീതയോടൊത്ത് ചിത്രകൂടത്തിലെ വിശേഷങ്ങള്‍ കാണുകയായിരുന്നു.

Ram-Sita-Lakshman-Forest1

ചിത്രകൂടത്തിന്റെ ഭംഗി വര്‍ണിച്ചും മന്ദാകിനീനദിയെ സരയൂനദിയെന്ന് കരുതണമെന്നുമൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ആനക്കൂട്ടം നാലുപാടും ചിതറിയോടുന്ന ശബ്ദം കേട്ടു. കാട്ടിലെ മൃഗങ്ങള്‍ നാനാ വഴിക്കും ഓടുന്നു. വലിയ കോലാഹലം മുഴങ്ങുന്നു. ഇതുകേട്ട് ലക്ഷ്മണന്‍ വേഗം പൂത്ത സാലമരത്തിന്റെ ഉയര്‍ന്ന കൊമ്പില്‍ കയറി, ചുറ്റും നോക്കി. എന്നിട്ട് രാമനോട് പറഞ്ഞു. ”സീത ഗുഹയില്‍ പ്രവേശിക്കട്ടെ. അങ്ങ് ചട്ടയിട്ട് വില്ലുകുലച്ച് അമ്പും തൊടുത്ത് നിലയുറപ്പിക്കൂ.”

ഇതുകേട്ട് രാമന്‍ ലക്ഷ്മണനോട് സേന ആരുടേതാണ് എന്നു ചോദിച്ചു.
ലക്ഷ്മണന്‍ അതികഠിനമായ കോപത്തോടെ കൈകേയിയുടെ മകനായ ഭരതന്‍ അല്ലാതാര് എന്നുപറഞ്ഞു. രാജ്യം കൈക്കലാക്കിയതും പോരാഞ്ഞ് കൊല്ലുവാന്‍ നിശ്ചയിച്ച് വരികയാണവന്‍. അവനെ ഞാന്‍ തന്നെ കൊല്ലും എന്നുപറഞ്ഞ് ലക്ഷ്മണനോട് രാമന്‍ പറഞ്ഞു ഭരതനെകൊന്ന് കിട്ടുന്ന രാജ്യം ഞാന്‍ ഭരിക്കുമെന്ന് നീ കരുതുന്നുണ്ടോ ലക്ഷ്മണാ. സഹോദരന്മാരുടെ രക്ഷയ്ക്കും സുഖത്തിനുമാണ് ഞാന്‍ ജീവിക്കുന്നത്. ഭരതന്‍ കൈകേയിയോട് കോപിച്ച് അച്ഛനെ അനുനയിപ്പിച്ച് ഇവിടേക്ക് വരുന്നതാണെങ്കിലോ. അതിനാല്‍ കോപം വേണ്ട സൗമിത്രേ……
ഇതുകേട്ട് ലക്ഷ്മണന്‍ ലജ്ജയോടെ മരത്തില്‍ നിന്ന് താഴെയിറങ്ങി. പിന്നെ കൈകൂപ്പി രാമന്റെ വശം ചേര്‍ന്ന് നിന്നു.

 

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close