എയര്‍ ഇന്ത്യയെ കേന്ദ്രം നവീകരിക്കുന്നു

നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന എയര്‍ ഇന്ത്യയെ പരിഷ്‌കരിക്കാനുള്ള നടപടികളുമായി വ്യോമയാന മന്ത്രി അശോക ഗജപതി രാജു. വിമാനങ്ങള്‍ സമയക്രമം തെറ്റിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതുള്‍പെടെയുള്ള മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുകയാണ് വ്യോമ മന്ത്രാലയം. സ്വകാര്യ വിമാന സര്‍വ്വീസുകള്‍ ലഭിക്കാതെ വരുമ്പോള്‍ മാത്രം എയര്‍ ഇന്ത്യയെ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്ഥിതി വിശേഷമാണുള്ളതെന്ന വിലയിരുത്തലിലാണ് വ്യോമമന്ത്രാലയം. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയെ നവീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖ വ്യോമയാന മന്ത്രി തയ്യാറാക്കിയിരിക്കുന്നത്. വിമാനങ്ങള്‍ കൃത്യ സമയം പാലിക്കുകയും മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍വ്വീസ് റദ്ദ് ചെയ്യുകയും ചെയ്യരുതെന്ന നിര്‍ദേശമാണ് ഇതില്‍ പ്രധാനം. വിഐപികള്‍ക്ക് വേണ്ടി വിമാനങ്ങള്‍ വൈകിപ്പിക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക തകരാര്‍ മൂലമല്ലാതെ സര്‍വ്വീസുകള്‍ വൈകുന്നത് ഒരു കാരണവശാലും അനുവദിക്കില്ല.   ബിസിനസ് ക്ലാസിലടക്കം ഒരു ക്ലാസിലും യാത്രക്കാര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുത്. ലാഭകരമല്ലാത്ത സര്‍വ്വീസുകള്‍ പരിശോധിച്ച് പോരായ്മകള്‍ പരിഹരിക്കണം. എല്ലാ മാസത്തെയും ആദ്യ ആഴ്ച പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍വ്വീസ് ആകര്‍ഷകമാക്കുന്നതിനുള്ള നിര്‍ദേശവും മന്ത്രി നല്‍കിയിട്ടുണ്ട്. കൂടുതല്‍ എയര്‍ഹോസ്റ്റസുമാരെ നിയമിക്കും. ഉദ്യോഗസ്ഥര്‍ കൃത്യ സമയത്ത് ജോലിക്കെത്തണം. ഇത് പരിശോധിക്കാനായി ഡിജിറ്റല്‍ അറ്റന്റന്‍സ് സംവിധാനം ഏര്‍പെടുത്തും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കും. രാജ്യത്താകമാനമുള്ള എയര്‍ ഇന്ത്യയുടെ 23000 ജീവനക്കാര്‍ക്കും മന്ത്രിയുടെ ഉത്തരവ് കൈമാറിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close