എയര്‍ ഇന്ത്യ ഇനി സ്റ്റാര്‍ അലയന്‍സില്‍

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയുടെ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഇനി സ്റ്റാര്‍ അലയന്‍സില്‍ അംഗം. 26 ആഗോള വിമാനക്കമ്പനികളുടെ കൂട്ടായ്മയായ സ്റ്റാര്‍ അലയന്‍സില്‍ അംഗമാകുന്നതോടെ കമ്പനിയുടെ വരുമാനത്തില്‍ അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടാകും. മാത്രമല്ല, എയര്‍ ഇന്ത്യയുടെ യാത്രികര്‍ക്ക് 1,328 വിമാനത്താവളങ്ങളിലേക്ക് കണക്ടിങ് വിമാനങ്ങളും ലഭിക്കും. 21,980 വിമാന സര്‍വീസുകളാണ് അലയന്‍സിന് കീഴിലുള്ള കമ്പനികളെല്ലാം കൂടി ദിവസേന നടത്തുന്നത്. എയര്‍ ഇന്ത്യയാകട്ടെ, 35 കേന്ദ്രങ്ങളിലേക്കായി 400-ലേറെ പ്രതിദിന സര്‍വീസ് നടത്തുന്നു.

ലണ്ടനില്‍ ചേര്‍ന്ന സ്റ്റാര്‍ അലയന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് അംഗങ്ങള്‍ ഏകകണ്ഠമായി എയര്‍ ഇന്ത്യയുടെ അംഗത്വം അംഗീകരിച്ചത്. ഈ ആഗോള കൂട്ടായ്മയില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയായി ഇതോടെ എയര്‍ ഇന്ത്യ.
അംഗത്വം സംബന്ധിച്ച നടപടിക്രമങ്ങള്‍ എയര്‍ ഇന്ത്യ പ്രതിനിധികളും സ്റ്റാര്‍ അലയന്‍സ് അംഗങ്ങളും ചേര്‍ന്ന് പൂര്‍ത്തിയാക്കും. ജൂലായ് 11-ഓടെ എയര്‍ ഇന്ത്യ ഔദ്യോഗികമായി സ്റ്റാര്‍ അലയന്‍സിന്റെ ഭാഗമാകും. ഇതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിയുമെന്ന് സ്റ്റാര്‍ അലയന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

വ്യോമയാന രംഗത്തെ ഏറ്റവും വലിയ കൂട്ടായ്മയില്‍ എയര്‍ ഇന്ത്യക്ക് ഭാഗമാകാനായതില്‍ സന്തോഷമുണ്ടെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. 2007 ഡിസംബറിലാണ് സ്റ്റാര്‍ അലയന്‍സില്‍ ചേരാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍, ഇന്ത്യന്‍ എയര്‍ലൈന്‍സിനെ എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ചതോടെ 2011 ജൂലായില്‍ നടപടി ക്രമങ്ങള്‍ നിര്‍ത്തിവെച്ചു. ലയനം പൂര്‍ത്തിയാക്കിയ ശേഷം അംഗത്വത്തിനായി സമീപിക്കാനായിരുന്നു അത്.

യുണൈറ്റഡ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ലുഫ്താന്‍സ, എയര്‍ ചൈന, എയര്‍ കാനഡ, സ്വിസ്, ഓസ്ട്രിയന്‍, ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സ്, തായ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ് എന്നിവയൊക്കെ അലയന്‍സില്‍ അംഗങ്ങളാണ്. ഇത്തരം എയര്‍ലൈനുകളിലൂടെ എത്തുന്ന യാത്രികര്‍ക്ക് ഇന്ത്യയില്‍ കണക്ടിങ് വിമാനങ്ങള്‍ ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിയും. ഇതിലൂടെ 4-5 ശതമാനം കൂടുതല്‍ വരുമാനം നേടാന്‍ കഴിയുമെന്നാണ് എയര്‍ ഇന്ത്യയുടെ കണക്കൂകൂട്ടല്‍.

Show More

Related Articles

Close
Close