എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ക്ക് ഒരു രാജ്യത്ത് ഇനി ഒരു ഏജന്‍സി മാത്രം

എയര്‍ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെയും വിമാനടിക്കറ്റുകളുടെ വിതരണം ഇനി മുതല്‍ ഒരു ഏജന്‍സി മുഖേന മാത്രം. ഈ ഏജന്‍സികളായിരിക്കും രാജ്യത്തെ വിവിധ ട്രാവല്‍ ഏജന്റുമാര്‍ക്ക് ഇനി ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.

ഇരു വിമാനക്കമ്പനികളും സര്‍വീസ് നടത്തുന്ന 56 രാജ്യങ്ങളിലും ഇങ്ങനെ ഏജന്‍സികളെ നിയമിച്ചുകഴിഞ്ഞു. ടെന്‍ഡര്‍ നടപടികളിലൂടെയാണ് പുതിയ ഏജന്‍സികളെ കണ്ടെത്തിയത്. പുതിയ പരിഷ്‌കാരം ജൂലായ് ഒന്നിന് നിലവില്‍ വരും. ഷാര്‍ജ ആസ്ഥാനമായുള്ള അറേബ്യന്‍ ട്രാവല്‍ ഏജന്‍സിക്കാണ് യു.എ.ഇ.യിലെ മൊത്തം വിതരണത്തിന്റെ ചുമതല.

യാത്രാസംബന്ധമായും ടിക്കറ്റിനെ കുറിച്ചുമുള്ള പരാതികള്‍ക്ക് പുതിയ നടപടി വലിയ പരിഹാരമാവുമെന്നാണ് പൊതുനിഗമനം. നിലവില്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റെടുത്തവര്‍ക്ക് എന്തെങ്കിലും കാരണത്താല്‍ യാത്രമുടങ്ങിയാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നില്ല. രണ്ട് കമ്പനികളുടെയും ടിക്കറ്റുകള്‍ രണ്ട് ഏജന്‍സികളാണ് വിതരണം ചെയ്യുന്നത് എന്നതിനാലാണ് ഈ തടസ്സം ഉയര്‍ന്നിരുന്നത്. ഇനി മുതല്‍ അടിയന്തരഘട്ടങ്ങളില്‍ ഇത്തരത്തില്‍ വിമാനം മാറി കയറാനോ യാത്രാ സംബന്ധമായ പരാതികള്‍ പരിഹരിക്കാനോ ഒരു ഏജന്‍സി മാത്രമായതിനാല്‍ പലപ്പോഴും കഴിഞ്ഞിരുന്നില്ല. ടിക്കറ്റ് സംബന്ധമായ പരാതികള്‍ വിമാനക്കമ്പനികളെയും വിഷമിപ്പിച്ചിരുന്നു.

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ച 2007 മുതല്‍ ടിക്കറ്റ് വിതരണത്തിന്റെ ചുമതലയും ഒരു രാജ്യത്ത് ഏകജാലകം മുഖേന വേണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍, വിവിധ രാജ്യങ്ങളിലെ വ്യവസ്ഥകളും സമീപനങ്ങളും വ്യത്യസ്തമായതിനാല്‍ ഇതുസംബന്ധിച്ച നടപടികള്‍ നീണ്ടുപോവുകയായിരുന്നു. ആഗോള ടെന്‍ഡര്‍ മുഖേനയാണ് 56 രാജ്യങ്ങളിലെയും ജനറല്‍ സെയില്‍സ് ഏജന്റ് (ജി.എസ്.എ.) എന്ന പേരിലുള്ള ഏജന്‍സികളെ കണ്ടെത്തിയത്. ഇതുവരെ ഒരേ രാജ്യത്ത് തന്നെ ഒട്ടേറെ ജി.എസ്.എ.കള്‍ ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള കിടമത്സരം പലപ്പോഴും അനാരോഗ്യകരമായ രീതിയിലേക്ക് ടിക്കറ്റ് വിതരണത്തെ കൊണ്ടെത്തിച്ചിരുന്നു. ഒരു ഏജന്‍സി വിതരണം ചെയ്ത ടിക്കറ്റ് അടിയന്തരഘട്ടത്തില്‍ മറ്റെവിടെയെങ്കിലും വെച്ച് മാറ്റാനോ യാത്ര നീട്ടാനോ ഇതുവരെ സൗകര്യമുണ്ടായിരുന്നില്ല. ടിക്കറ്റ് ഇഷ്യൂ ചെയ്ത ഏജന്‍സിയെ തന്നെ യാത്രക്കാരന്‍ സമീപിക്കേണ്ടതുണ്ടായിരുന്നു. ആ സ്ഥിതിക്ക് ഇനി മുതല്‍ പരിഹാരമുണ്ടാകും. അടിയന്തരഘട്ടങ്ങളില്‍ വിമാനം മാറിക്കയറാനുള്ള സംവിധാനം ഒരുക്കാനും ഇനി മുതല്‍ ഏക ജി.എസ്.എ. ക്ക് കഴിയും.

യാത്രക്കാരെ സംബന്ധിച്ചിടത്തോളം പുതിയ സംവിധാനം ഏറെ ഗുണകരമാണെന്ന് യു.എ.ഇ. യിലെ ജി.എസ്.എ. ആയ അറേബ്യന്‍ ട്രാവല്‍ ഏജന്‍സി ജനറല്‍ മാനേജര്‍ കണ്ണൂര്‍ സ്വദേശി വേണുഗോപാല്‍ മാതൃഭൂമിയോട് പറഞ്ഞു. യു.എ.ഇ. യില്‍ നിന്ന് ആഴ്ചയില്‍ എയര്‍ ഇന്ത്യ 74 സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് 96 സര്‍വീസുകളുമാണ് ഇപ്പോള്‍ നടത്തുന്നത്. ഇതില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മാത്രം നൂറ് സര്‍വീസുകളുണ്ട്. എക്‌സ്പ്രസ്സില്‍ ഒരു വിമാനത്തില്‍ 186-ഉം എയര്‍ ഇന്ത്യയില്‍ 145-ഉം ആണ് ശരാശരി യാത്രക്കാര്‍. ഇവരുടെയൊക്കെ ടിക്കറ്റ് വിതരണം ഒരു ഏജന്‍സിക്ക് കീഴിലാവുന്നതോടെ പ്രായോഗികവിഷമതകള്‍ ഏറെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ യു.എ.ഇ.യില്‍ എമിറേറ്റ്‌സ് വിമാനക്കമ്പനിയുടെ കീഴിലുള്ള ഡനാട്ട ഉള്‍പ്പെടെയുള്ള വിവിധ ട്രാവല്‍ കമ്പനികളായിരുന്നു ടിക്കറ്റ് വിതരണം നടത്തിവന്നിരുന്ന ജി.എസ്.എ കള്‍. അവരെയെല്ലാം മാറ്റിക്കൊണ്ടും പുതിയ ഏജന്‍സിയെ പ്രഖ്യാപിച്ചുകൊണ്ടും എയര്‍ ഇന്ത്യ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close