എല്‍പിജി സബ്‌സിഡി പണമായി നല്‍കുന്നത് പുനഃസ്ഥാപിക്കാന്‍ ശുപാര്‍ശ

lpg

പാചകവാതകത്തിനുള്ള സബ്‌സിഡി പണമായി ഉപഭോക്താവിന് നല്‍കുന്ന പദ്ധതി മാറ്റങ്ങളോടെ പുനഃസ്ഥാപിക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശചെയ്തു.

പാചകവാതകത്തിന്മേലുള്ള മൂല്യവര്‍ധിത നികുതി ഒഴിവാക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ആധാര്‍നമ്പര്‍ ലഭിച്ചവര്‍ക്ക് പാചകവാതക സബ്‌സിഡിത്തുക നേരിട്ടുനല്‍കുന്ന പദ്ധതിക്ക് കഴിഞ്ഞകൊല്ലം ജൂണ്‍ ഒന്നിനാണ് തുടക്കമിട്ടത്. രാജ്യത്തെ 291 ജില്ലകളില്‍ ആറു ഘട്ടങ്ങളിലായി നടപ്പാക്കി. എന്നാല്‍, ഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും ആധാര്‍ നമ്പര്‍ ലഭിച്ചില്ലെന്നും പലര്‍ക്കും ബാങ്ക് അക്കൗണ്ടുകളില്ലെന്നും വ്യാപകമായ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പദ്ധതി ഈ വര്‍ഷം മാര്‍ച്ചില്‍ മരവിപ്പിക്കേണ്ടിവന്നു.

എന്നാല്‍ ഈ പദ്ധതി സബ്‌സിഡിച്ചോര്‍ച്ച തടയുന്നതിന് സഹായിച്ചുവെന്ന് വിദഗ്ധസമിതി കണ്ടെത്തി. ഭൂരിഭാഗത്തിനും ആധാര്‍നമ്പര്‍ ലഭിക്കാത്ത ജില്ലകളെ പദ്ധതി നടപ്പാക്കാന്‍ തിരഞ്ഞെടുത്തതാണ് ഉപഭോക്താക്കളില്‍നിന്നുള്ള പരാതിക്ക് കാരണമായത്. കാണ്‍പുര്‍ ഐ.ഐ.ടി മുന്‍ ഡയറക്ടര്‍ പ്രൊഫ. എസ്.ജി. ദണ്ഡെയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

അധികകണക്ഷനുകള്‍ ഒഴിവാക്കുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനും പദ്ധതിക്ക് കഴിഞ്ഞു. സാമ്പത്തികശാക്തീകരണത്തിനും വഴിവെച്ചു. എന്നാല്‍, ഉപഭോക്താക്കള്‍ നേരിട്ട ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് സമിതി ശുപാര്‍ശചെയ്തു. നിരക്ഷരര്‍, ആധാര്‍ ലഭിക്കാത്തവര്‍, ബാങ്ക് അക്കൗണ്ടുമായി അവ ചേര്‍ക്കാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ തുടങ്ങിയവരുടെ പരാതികള്‍ പരിഹരിക്കുന്നതിന് കേന്ദ്രീകൃതസംവിധാനം വേണം.

സബ്‌സിഡിത്തുക കൂട്ടണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 905 രൂപയുള്ള പാചകവാകതത്തിന് 435 രൂപയാണ് സബ്‌സിഡിയായി നല്‍കുന്നത്. ചില മാസങ്ങളില്‍ സബ്‌സിഡിവിലയും കമ്പോളവിലയും തമ്മിലുള്ള വ്യത്യാസം കൂടുതലാണെന്ന് സമിതി ചൂണ്ടിക്കാട്ടി. മൂന്നു മാസത്തെ ബോധവത്കരണത്തിന് ശേഷം മാത്രമേ, പദ്ധതി നടപ്പാക്കാവൂവെന്ന് സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ ബാങ്കിങ് സംവിധാനത്തിലെ അപര്യാപ്തതകള്‍മൂലം ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സമിതിക്ക് മുന്നിലെത്തിയിരുന്നു. ഇത് കണക്കിലെടുത്ത് സഹകരണബാങ്കുകളും പോസ്റ്റ് ഓഫീസുകളും ബാങ്കുകളുമായി കൈകോര്‍ക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close