ഏപ്രില്‍ ഒന്ന് മുതല്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം; ഞായര്‍ ഇനി ഡ്രൈ ഡേ

സംസ്ഥാനത്ത് ഇനിമുതല്‍ ഫൈവ് സ്റ്റാര്‍ നിലവാരമുള്ള ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ലൈസന്‍സ്. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ക്ക് പുറമെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചുപൂട്ടും. ഇനി മുതല്‍ ഞായറാഴ്ചകളിലും മദ്യവിതരണമുണ്ടാകില്ല.

പുതുതായി ഇനി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങില്ല. ഓരോ വര്‍ഷവും 10 ശതമാനം വീതം ബിവറേജസ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടും. മദ്യരഹിത കേരളം എന്ന യു.ഡി.എഫിന്റെ മദ്യനയം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ പൂട്ടുന്നതില്‍ നിയമപ്രശ്‌നമുണ്ടോ എന്ന് ആരായും. പൂട്ടുന്നതിന് നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നാല്‍ അത് ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2015 ഏപ്രില്‍ ഒന്നുമുതലാണ് പുതിയ മദ്യനയം നിലവില്‍ വരുക. ബിവറേജസില്‍ ലഭ്യമാക്കുന്ന മദ്യത്തിന്റെ വീര്യം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരും. ഞായറാഴ്ച കൂടി ബാറുകളും ഔട്ട്‌ലറ്റുകളും അടച്ചിടുന്നതോടെ ഡ്രൈഡേകളുടെ എണ്ണം വര്‍ഷം 52 ആകും. ബിവറേജസ് വരുമാനത്തിന്റെ ഒരു ശതമാനം ബോധവത്കരണത്തിനായി നീക്കിവെക്കും. ഔട്ട്‌ലറ്റുകള്‍ കൂടി പൂട്ടുന്നതോടെ 10 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനമാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. ഇന്നത്തെ യുഡിഎഫ് യോഗതീരുമാനത്തിന്റെ വിശദാംശങ്ങളടങ്ങിയ നോട്ടീസ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യോഗത്തിന് ശേഷം പത്രപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു.

പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറക്കുന്ന വിഷയത്തിലെ അഭിപ്രായഭിന്നതയാണ് കോണ്‍ഗ്രസിലും മുന്നണിയിലും രൂക്ഷമായ ചേരിതിരിവിനും ഒടുവില്‍ കടുത്തതീരുമാനത്തിലേക്ക് പെട്ടെന്ന് എത്തിച്ചേര്‍ന്നതും. പൂട്ടിയ ബാറുകളില്‍ നിലവാരമുള്ളവ തുറക്കുന്നതിലെ തര്‍ക്കം യു.ഡി.എഫ് ഏകോപനസമിതിയില്‍ ചര്‍ച്ച മദ്യനിരോധനത്തിലേക്ക് നീണ്ടു. എം.എം ഹസ്സനിലൂടെ എ ഗ്രൂപ്പ് മുന്നോട്ട് വച്ച സമ്പൂര്‍ണ മദ്യനിരോധനം എന്ന അഭിപ്രായത്തെ അനുകൂലിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഏകോപനസമിതിയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ടു. മുസ്ലീം ലീഗും ഇക്കാര്യം പിന്താങ്ങുന്നതായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഘട്ടംഘട്ടമായുള്ള മദ്യനിരോധനമാണ് കേരളാകോണ്‍ഗ്രസ്സിന്റെയും ലക്ഷ്യമെന്ന് കെ.എം മാണിയും പറഞ്ഞു.

ബാര്‍ വിഷയം ആദ്യമായാണ് യു.ഡി.എഫിന് മുമ്പാകെ എത്തുന്നതെന്നും യു.ഡി.എഫിന്റെ അജന്‍ഡയില്‍ വന്ന വിഷയത്തില്‍ ഇതുവരെയും ഒരുകാര്യത്തിലും തീരുമാനമാകാതിരുന്നിട്ടില്ലെന്നും രാവിലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോള്‍ തന്നെ കടുത്ത തീരുമാനങ്ങളുടെ സൂചനയുണ്ടായിരുന്നു.

ഏകോപനസമിതി യോഗത്തിന് ശേഷം മുന്നണി കണ്‍വീനര്‍ക്ക് പകരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് മാധ്യമങ്ങളെ കണ്ട് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close