ഏഴാം ദിനം

7

ദുര്‍ഗാ മനോജ്

പ്രഭാതമായി, കാട്ടില്‍ മയിലുകള്‍ കൂകുന്ന ശബ്ദം കേള്‍ക്കാം. താഴെ മരക്കൊമ്പിലിരുന്ന് കുയിലുകള്‍ മധുരഗാനം പൊഴിക്കുന്നു. ഈ സമയം രാമന്‍ ലക്ഷ്മണനോട് പറഞ്ഞു: ”ലക്ഷ്മണാ, ശുഭലക്ഷണങ്ങള്‍! നമുക്കിപ്പോള്‍ ഗംഗാനദി കടക്കാം. അതിന് വേണ്ട വക ഒരുക്കുക.” ഇതുകേട്ട ലക്ഷ്മണന്‍ ഗുഹനോട് കാര്യം പറഞ്ഞു. നിമിഷമാത്രയില്‍ ഉറപ്പാര്‍ന്ന തോണി തുഴക്കാരും അമരക്കാരുമടക്കം കടവിലെത്തി.
പിന്നെ രാമന്‍ ഗുഹനോട് യാത്രമൊഴി ചൊല്ലി. അതിനുശേഷം രാമനെ പിന്തുടരാന്‍ നിശ്ചയിച്ചുനിന്ന സുമന്ത്രരേ സിനേഹപൂര്‍വ്വം ഉപദേശിച്ച് അയോധ്യയിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. സുമന്ത്രര്‍ മടങ്ങിച്ചെന്നാലേ കൈകേയി മാതാവ്, രാമന്‍ വനവാസം സ്വീകരിച്ചൂ എന്ന് വിശ്വസിക്കയുള്ളൂ എന്ന് പറഞ്ഞ് വളരെ പണിപ്പെട്ട് സുമന്ത്രരെക്കൊണ്ട് അത് സമ്മതിപ്പിച്ചു. പിന്നെ വനവാസത്തിനുതകുംവിധമുള്ള ജീവിതചര്യകള്‍ക്കായി രാമലക്ഷ്മണന്മാര്‍ മുടി ജട പിടിപ്പിച്ചു. ചീരാംബരങ്ങളും ജടാമണ്ഡലങ്ങളും ധരിച്ച അവര്‍ ഋഷികളെപ്പോലെ ശോഭിച്ചു.
അനന്തരം സീതാസമേതനായി രാമനും ലക്ഷ്മണനും തോണിയില്‍ ഗംഗ മുറിച്ചുകടക്കുവാന്‍ തുടങ്ങി.

ganga
ഗംഗാനദിയിലൂടെയുള്ള യാത്ര

തോണി നദിയുടെ മധ്യത്തിലെത്തിയപ്പോള്‍ സീത ഗംഗാദേവിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.

ഗംഗാനദി കടന്ന് മനോഹരമായ വനപ്രദേശത്തിലൂടെ യാത്രചെയ്ത് അവര്‍ മൂവരും രാത്രി തങ്ങുവാനായ് ഒരു വലിയ വൃക്ഷത്തിന്റെ ചുവട് തിരഞ്ഞെടുത്തു.

രാത്രിയില്‍ രാമന്‍ ലക്ഷ്മണനോട് അയോധ്യയെക്കുറിച്ച് ഓരോന്ന് ഓര്‍ത്ത് പറഞ്ഞുകൊണ്ടിരുന്നു. ആ രാവും പുലര്‍ന്നു…

സൂര്യനുദിച്ചപ്പോള്‍ അവര്‍ ഗംഗ യമുനയുമായി ചേരുന്ന ദിക്കുനോക്കിയായി അവരുടെ യാത്ര. ഒടുവില്‍ ഗംഗാ യമുനാ സംഗമസ്ഥാനത്തിന് അടുത്ത് ഭരദ്വാജമുനിയുടെ ആശ്രമത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു.
മുനി മൂവരേയും യഥോചിതം സ്വീകരിച്ച് സല്‍ക്കരിച്ചു. രാമന്‍ അദ്ദേഹത്തോട് ജനങ്ങള്‍ക്ക് കടന്നുവരാന്‍ സാധിക്കാത്ത അത്രയും ഉള്ളിലേക്ക് പര്‍ണ്ണശാല കെട്ടി താമസയോഗ്യമായ ഒരു വനപ്രദേശം പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ മുനി ഭരദ്വാജന്‍, ”ചിത്രകൂട”ത്തെക്കുറിച്ച് രാമനോട് പറഞ്ഞു.
അദ്ദേഹം പറഞ്ഞു: ”ഇവിടെനിന്നും പത്തു ക്രോശം അകലെ പുണ്യവുമായ ഒരു പര്‍വ്വതമുണ്ട്. ചിത്രകൂടമെന്ന ആ പര്‍വതത്തിന്റെ കൊടുമുടികള്‍ എത്ര കാണുന്നുവോ അത്രയും പുണ്യം ലഭിക്കും. അങ്ങനെ ആ രാത്രി അവിടെ തങ്ങി, പിറ്റേന്ന് ചിത്രകൂടത്തിലേക്ക് മൂവരും യാത്ര ആരംഭിച്ചു.”

അവര്‍ ഗംഗാ യമുനാ സംഗമസ്ഥാനത്തുനിന്നും പടിഞ്ഞാറേ ദിക്കിലേക്ക് യാത്ര തുടര്‍ന്ന് കാളിന്ദീ നദീതീരത്തെത്തി. ഊക്കോടെ ഒഴുകുന്ന കാളിന്ദി കടക്കാന്‍ കാട്ടുമരങ്ങള്‍ മുറിച്ച് ചങ്ങാടം ഉണ്ടാക്കി ലക്ഷ്മണന്‍. പിന്നെ മൂവരും കാളിന്ദി കടന്നു. നേരം സന്ധ്യയായപ്പോള്‍ സന്ധ്യാവന്ദനം കഴിച്ച് അവര്‍ മരച്ചുവട്ടില്‍ വിശ്രമിച്ചു.
പുലര്‍ച്ചെ കാട്ടുമൃഗങ്ങളുടെ ശബ്ദം കേട്ടുതുടങ്ങിയ വേളയില്‍ മൂവരും വീണ്ടും സഞ്ചരിച്ച് പ്രകൃതിമനോഹരമായ ചിത്രകൂട വനപ്രദേശത്ത് എത്തിച്ചേര്‍ന്നു.
തീപോലെ വിളങ്ങുന്ന പിലാശ് മരങ്ങള്‍!; പാറപോലെ വലുതായ അനവധിയായ തേനീച്ചക്കൂടുകള്‍ മരങ്ങളില്‍ തൂങ്ങിക്കിടക്കുന്നു! പലതരം പക്ഷികളും ഫലമൂലങ്ങളും തികഞ്ഞ് തെളിനീര്‍ നിറഞ്ഞ ചിത്രകൂടം!

vanathiloodeyulla yathra

പിന്നെ രാമന്റെ ആജ്ഞ അനുസരിച്ച് ലക്ഷ്മണന്‍ ഉറപ്പുള്ള മരങ്ങള്‍ കൊണ്ട് പര്‍ണശാല നിര്‍മ്മിച്ച് പുല്ലുമേഞ്ഞ് മനോഹരമാക്കി. ലക്ഷ്മണന്‍ കൊണ്ടുവന്ന മാനിന്റെ മാംസം കൊണ്ട് ശിലാപൂജ നടത്തി വാസ്തുശമനം ചെയ്തു. രാമന്‍ തന്നെ ദേവതാപൂജ ചെയ്ത് പാപശമനകരമായ ഉത്തമബലിയും നല്കി. അതിനുശേഷം മൂവരും പര്‍ണശാലയില്‍ പ്രവേശിച്ചു.

ചിത്രകൂടത്തില്‍ കാര്യങ്ങള്‍ ഇപ്രകാരം മുന്നേറുമ്പോള്‍ അയോധ്യ ശോകത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
ദശരഥമഹാരാജാവ് രാമാ… രാമാ… എന്ന് വിലപിച്ച് കിടന്നു. അപ്പോഴേക്കും അവിടെ തിരിച്ചെത്തിയ സുമന്ത്രര്‍ രാമനും സീതയും ലക്ഷ്മണനും കാടുപുല്‍കി എന്ന് പറഞ്ഞതു കേട്ട് അദ്ദേഹത്തിന്റെ ദുഃഖം വര്‍ദ്ധിച്ചു. ഇതുകേട്ട് കൗസല്യയും കരച്ചിലായി. ഇതിനിടെ ക്രോധംപൂണ്ട കൗസല്യ ദശരഥനെ പഴിച്ചു. അപ്പോള്‍ ദശരഥന്‍ പണ്ട് താന്‍ യുവാവായിരിക്കെ രാത്രി നായാട്ടിനിറങ്ങിയപ്പോള്‍ ആനയാണ് എന്ന് കരുതി വൃദ്ധരായ മാതാപിതാക്കള്‍ക്ക് വെള്ളം ശേഖരിക്കാന്‍ എത്തിയ മുനികുമാരനെ അബദ്ധത്തില്‍ കൊന്നുവെന്നും അതിന്റെ ശാപമായി താനും പുത്രദുഃഖത്താല്‍ മരിക്കുമെന്ന് ശാപമേറ്റിട്ടുള്ളത് സത്യമാവുകയാണ് എന്നും പറഞ്ഞ് വിലപിച്ചു.

രാമന്‍ അയോധ്യ വിട്ടിട്ട് അന്നേക്ക് അഞ്ചാം ദിവസം! ആ രാത്രി ദശരഥന്‍ പുത്രതാപത്താല്‍ ദേഹം ഉപേക്ഷിച്ചു.
ദശരഥമാഹാരാജാവ് മരിച്ച വിവരം അറിഞ്ഞ് ജനങ്ങള്‍ അലമുറയിച്ചു. ദുഷ്ടയായ കൈകേയി കാരണം രാമനെ നഷ്ടപ്പെട്ട അയോധ്യക്ക് ഇപ്പോള്‍ ദശരഥനും നഷ്ടമായി… അവര്‍ കൈകേയിയെ ശപിച്ചിട്ട് രാജാവിന്റെ ഭൗതികദേഹം കാണുവാനായി കൊട്ടാരത്തിലേക്ക് ഒഴുകി. പുത്രന്മാര്‍ ആരും അടുത്തില്ലാത്തതിനാല്‍ തൈലത്തോണിയിലേക്ക് യഥാവിധി അരചന്റെ ദേഹം മാറ്റി. പിന്നെ, വസിഷ്ഠമുനിയുടെ ദൂതുമായി ഭരത ശത്രുഘന്‍മാരെ കൂട്ടിവരുവാനായി ദൂതന്മാര്‍ പുറപ്പെട്ടു. അയോധ്യയിലെ വിശേഷങ്ങള്‍ ഒന്നുംതന്നെ അവരെ അറിയിക്കുവാന്‍ പാടില്ല എന്ന് കര്‍ശനമായി വസിഷ്ഠന്‍ ദൂതന്മാരോട് നിര്‍ദ്ദേശിച്ചിരുന്നു.
ദൂതന്മാര്‍ ഗിരിവ്രജത്തില്‍ എത്തിയ രാത്രി ഭരതന്‍ ആര്‍ക്കോ ആപത്ത് സംഭവിക്കുന്നത് ദുഃസ്വപ്നം കണ്ട് വല്ലാതെ വിഷാദിച്ചു.
പിറ്റേന്ന് അച്ഛന്റെ ദൂതുമായി എത്തിയ ദൂതന്മാരെക്കണ്ട് വേഗംതന്നെ അതിവേഗം പായുന്ന കുതിരകളെ പൂട്ടിയ തേരില്‍ ഭരത ശത്രുഘന്‍മാര്‍ അയോധ്യയിലേക്ക് മടങ്ങി.
ഏഴ് ദിവസം യാത്രചെയ്ത് അയോധ്യയില്‍ എത്തിയ ഭരതന് സര്‍വ്വവും അസാധാരണമായി അനുഭവപ്പെട്ടു. എല്ലായിടവും മൂകത മാത്രം. ആള്‍ത്തിരക്കില്ലാത്ത വീഥികള്‍. അലങ്കരിക്കാത്ത വീടുകള്‍… എന്തേ ഇതിങ്ങനെ? അപ്രിയ ദൃശ്യങ്ങള്‍ കണ്ട് മനംനൊന്ത് തലതാഴ്ത്തി ഭരതന്‍ പിതൃഗൃഹത്തിലേക്ക് പ്രവേശിച്ചു…

 

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close