യുദ്ധോപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റും: പ്രധാനമന്ത്രി

ins kolkata1

ആധുനിക യുദ്ധോപകരണങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് തന്റെ സ്വപ്‌നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കൊല്‍ക്കത്ത രാജ്യത്തിന് സമര്‍പ്പിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രതിരോധ സാങ്കേതിക വിദ്യയില്‍ മുന്നേറ്റം തടത്തുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എന്‍ജിനിയര്‍മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സുരക്ഷാ വിദഗ്ദ്ധരുടെയും മികവിന്റെ തെളിവാണ് രാജ്യത്തുതന്നെ നിര്‍മ്മിച്ച ഐ എന്‍ എസ് കൊല്‍ക്കത്ത. യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ചീഫ് ഓഫ് നേവല്‍സ്റ്റാഫ് അഡ്മിറല്‍ ആര്‍ കെ ധവാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാവികസേനാ ഡിസൈന്‍ബ്യൂറോ രൂപകല്‍പ്പനചെയ്ത യുദ്ധക്കപ്പല്‍ മാസഗോണ്‍ ഡോക് യാര്‍ഡ്‌സ് ലിമിറ്റഡാണ് നിര്‍മ്മിച്ചത്. 6800 ടണ്‍ യുദ്ധക്കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പ്രതീക്ഷിച്ചതിലും മൂന്നുവര്‍ഷം അധികമെടുത്തു. 2003 സപ്തംബറിലാണ് കപ്പലിന്റെ കീലിട്ടത്. 2010 ല്‍ കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പല കാരണങ്ങള്‍മൂലം കമ്മീഷനിങ് വൈകി. നിര്‍മ്മാണത്തിനിടെ കപ്പലില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ഒരു നാവികസേനാ ഓഫീസര്‍ കൊല്ലപ്പെട്ടിരുന്നു. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകള്‍ ഐ എന്‍ എസ് കൊല്‍ക്കത്തയില്‍നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ചിട്ടുണ്ട്.

40,000 ടണ്‍ ഭാരമുള്ള മറ്റൊരു വിമാനവാഹിനി കപ്പല്‍കൂടി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്നുണ്ട്. ഐ എന്‍ എസ് വിക്രാന്ത് എന്ന ഈ കപ്പല്‍ നാവികസേനയുടെ ഭാഗമാകാന്‍ മൂന്നു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയില്‍നിന്ന് 15,000 കോടി രൂപയ്ക്ക് വാങ്ങിയ ഐ എന്‍ എസ് വിക്രമാദിത്യയാണ് നിലവില്‍ നാവികസേനയുടെ ഏറ്റവും വലിയ കപ്പല്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close