ഐ.പി.എല്‍. ക്വാളിഫയര്‍ ഇന്ന്

ipl 1 play off

ഐ.പി.എല്‍. ഏഴാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകള്‍ ആരെന്ന് ചൊവ്വാഴ്ച തീരുമാനമാവും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ക്വാളിഫയര്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും.
ഐ.പി.എല്ലിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ ഇടംപിടിക്കും. ഈ മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിന് ഫൈനലിലേക്ക് യോഗ്യത നേടാന്‍ ഒരവസരം കൂടി ലഭിക്കും. മുന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളുമായി ക്വാളിഫയറിലെ പരാജിതര്‍ കളിക്കും. വെള്ളിയാഴ്ച നടക്കുന്ന ആ മാച്ചിലെ വിജയികളാവും ഫൈനലിലെ രണ്ടാം ടീം.

ലീഗില്‍ കളിച്ച 14 മത്സരങ്ങളില്‍ മൂന്നെണ്ണമേ പഞ്ചാബ് തോറ്റിട്ടുള്ളൂ. അതില്‍ ഒന്ന് കൊല്‍ക്കത്തയോടായിരുന്നു. കട്ടക്കില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത പഞ്ചാബിനെതിരെ ഒന്‍പത് വിക്കറ്റിന്റെ അനായാസ ജയം നേടുകയായിരുന്നു. അബുദാബിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് 23 റണ്‍സിന് കൊല്‍ക്കത്തയെയും കീഴടക്കിയിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കംതൊട്ടേ ഉജ്ജ്വല ഫോമില്‍ കളിച്ച് മുന്നേറിയ ടീമാണ് പഞ്ചാബ്. മറിച്ച് കൊല്‍ക്കത്തയുടെ തുടക്കം മികച്ചതായിരുന്നില്ല. അവസാന ഘട്ടത്തില്‍ ഉജ്ജ്വല ഫോമിലേക്ക് ഉയരുകയായിരുന്നു അവര്‍. മത്സരം ഹോംഗ്രൗണ്ടിലാണെന്നതും പ്രോത്സാഹിപ്പിക്കാന്‍ ടീം ഉടമയായ ഷാറൂഖ് ഖാന്‍ ഗ്രൗണ്ടിലെത്തിയേക്കുമെന്നതും കൊല്‍ക്കത്തയ്ക്ക് അനുകൂലമായ ഘടകമാണ്. മികച്ച ഫോമില്‍ കളിക്കുന്ന ഓപ്പണിങ് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയുടെ സാന്നിധ്യം കൊല്‍ക്കത്തയ്ക്ക് നല്‍കുന്ന കരുത്ത് വലുതാണ്. 14 മത്സരങ്ങളില്‍നിന്ന് 613 റണ്‍സെടുത്ത ഈ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ അപാര ഫോമിലാണ്. റോബിനൊപ്പം പരിചയ സമ്പന്നനായ ഗൗതം ഗംഭീറും അത്യാപല്‍ക്കാരിയായ യൂസഫ് പഠാനും മനീഷ് പാണ്ഡെയും ചേരുന്നതോടെ കൊല്‍ക്കത്ത ഏത് ബൗളിങ് നിരയേയും നേരിടാനുള്ള കെല്‍പ്പ് നേടുന്നു. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ കളിച്ച കളി യൂസഫ് പഠാന്‍ ഒരിക്കല്‍ കൂടി പുറത്തെടുത്താല്‍ മറ്റൊന്നും ചിന്തിക്കേണ്ടതില്ല

എന്നാല്‍ കൊല്‍ക്കത്തയുടെ യഥാര്‍ഥ ശക്തി ബൗളിങ്ങാണ്. ഏറ്റെവും കൂടുതല്‍ റണ്‍ നേടിയ ബാറ്റ്‌സ്മാനെ പോലെ ബൗളര്‍മാരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന സുനില്‍ നരെയ്‌നും കൊല്‍ക്കത്ത ടീമിലാണ്. സുനിലിന് പുറമെ, സ്പിന്നര്‍മാരായ പിയൂഷ് ചൗളയും ഷാക്കിബ് അല്‍ ഹസനും പേസര്‍മാരായ വിനയ് കുമാര്‍, ഉമേഷ് യാദവ്, മോണി മോര്‍ക്കല്‍ എന്നിവരും തങ്ങളുടേതായ ദിവസം ഒറ്റയ്ക്ക് മത്സരം ജയിക്കാന്‍ കെല്‍പ്പുള്ളവരാണ്.

പഞ്ചാബ് മുന്നേറിയത് ബാറ്റിങ് കരുത്തു കൊണ്ടാണ്. തുടക്കത്തില്‍ പ്രകടിപ്പിച്ച ഫോമില്‍ നിന്ന് ഗ്ലെന്‍ മാക്‌സ്വെല്‍ പിറകോട്ട് പോയെങ്കിലും ഫോമിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന വീരേന്ദര്‍ സെവാഗില്‍ വലിയ പ്രതീക്ഷയുണ്ട്. ഏത് മത്സരവും ജയിപ്പിക്കാന്‍ ഒരു ‘വീരു’ ഇന്നിങ്‌സ് ധാരാളമാവും. ഒപ്പം മില്ലര്‍, ബെയ്‌ലി, വൃദ്ധിമാന്‍ സാഹ, മനന്‍ വോറ എന്നിവരും റണ്ണടിച്ചുകൂട്ടാന്‍ കെല്‍പ്പുള്ളവരാണ്. യുവ മീഡിയം പേസര്‍ സന്ദീപ് ശര്‍മയാണ് ബൗളിങ്ങില്‍ പഞ്ചാബിന്റെ തുരുപ്പ് ചീട്ട്. ഏറെ പ്രതീക്ഷയോടെ ടീമില്‍ ഉള്‍പ്പെടുത്തിയ ഓസീസ് ഫാസ്റ്റ് ബൗളര്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതാണ് പ്രധാന പ്രശ്‌നം.

ലീഗിലെ ഒന്നാംസ്ഥാനക്കാരാണ് പഞ്ചാബ്. പക്ഷെ, നിലവിലെ ഫോമില്‍ കൊല്‍ക്കത്തയ്ക്ക് നേരിയ മുന്‍തൂക്കമുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close