ഒക്കോവോ കാനറികളെ കൂട്ടിലടച്ചു

brasil mexico

വന്‍ മതിലായി നിന്ന ഗില്ലര്‍മോ ഒക്കോവോ എന്ന മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ക്ക് മുന്നില്‍ ബ്രസീല്‍ തല കുനിച്ചു. ക്രോസ് ബാറിന് കീഴില്‍ നെഞ്ചു വിരിച്ച് നിന്ന ഗില്ലെര്‍മോയെ മറികടക്കാന്‍ കഴിയാതിരുന്നതോടെ മെക്സിക്കോയോട് ബ്രസീല്‍ ഗോള്‍ രഹിത സമനില വഴങ്ങി ഗോളെന്നുറച്ച അരഡസന്‍ ഷോട്ടുകളാണ് ഒക്കോവോ തടഞ്ഞിട്ടത്. അതും പെനാല്‍റ്റി ബോക്സില്‍ നിന്നും നെയ്മര്‍ അടക്കമുള്ളവര്‍ തൊടുത്ത ബുള്ളറ്റുകള്‍. മെക്സിക്കന്‍ പ്രതിരോധം തീര്‍ത്ത ചങ്ങല പൊട്ടിക്കാന്‍ നെയ്മറിന് സാധിച്ചെങ്കിലും ഒക്കോവോയുടെ കരുത്തുറ്റ കരങ്ങള്‍ ഭേദിക്കാന്‍ ആഷോട്ടുകള്‍ മതിയായിരുന്നില്ല. 26ാം മിനുട്ടിലാണ് ഒക്കോവോയുടെ കരുത്ത് ആദ്യമായി കണ്ടത്. നെയ്മറുടെ ബുള്ളറ്റ് ഹെഡര്‍ അസാധ്യമായ ഡൈവിംഗിലൂടെ ഒക്കോവോ രക്ഷപ്പെടുത്തി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ലീഡ് നേടാന്‍ ബ്രസീലിന് ലഭിച്ച അവസരം വീണ്ടും ഒക്കോവോയില്‍ തട്ടിത്തെറിച്ചു.രണ്ടാം പകുതിയിലും ഒക്കോവോ ബ്രസീലിനെ വെറുതെ വിട്ടില്ല. 63 ാം മിനുട്ടില്‍ ക്ലോസ് റേഞ്ചില്‍ നിന്നും നെയ്മര്‍ തൊടുത്ത ഷോട്ട് നെഞ്ചുവിരിച്ച് നേരിട്ടു. ഒടുവില്‍ 86 ാം മിനുട്ടില്‍ ജയം നേടാന്‍ ബ്രസീലിന് ലഭിച്ച അവസാന അവസരവും ഒക്കോവോ പരാജയപ്പെടുത്തി. തിയാഗോ സില്‍വയുടെ ഹെഡര്‍ രക്ഷപ്പെടുത്താന്‍ ഒക്കോവോ അധികം ആയാസപ്പെട്ടില്ല. ഇതിനിടയില്‍ 76ാം മിനുട്ടില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം ജോ പുറത്തേക്കടിക്കുക കൂടി ചെയ്തതോടെ ബ്രസീലിന്റെ ജാതകം കുറിക്കപ്പെട്ടു.

അവസരങ്ങള്‍ നഷ്ടമായത് നിര്‍ഭാഗ്യം കൊണ്ടായിരുന്നെങ്കില്‍ ഭാഗ്യം കൊണ്ടാണ് ബ്രസീല്‍ തോല്‍ക്കാതെ രക്ഷപ്പെട്ടത്. ഗോളി സെസാറിന്റെ തകര്‍പ്പന്‍ സേവുകള്‍ ബ്രസീലിന് തുണയായി മധ്യ നിരയില്‍ കളി നയന്ത്രിക്കാന്‍ ആളില്ലാതെ പോയതാണ് കാനറികള്‍ക്ക് വിനയായത്. ഓസ്കര്‍ കഴിഞ്ഞ മത്സരത്തിന്റെ നിഴല്‍ മാത്രമായപ്പോള്‍ നെയ്മറെ മൂന്ന് പ്രതിരോധക്കാരെ അണി നിരത്തിയാണ് മെക്സിക്കോ നേരിട്ടത്.

ഇതോടെ 2 മത്സരങ്ങളില്‍ നിന്നും ഇരു ടീമുകള്‍ക്കും നാല് പോയിന്റ് വീതമായി. ഗോള്‍ ശരാശരിയില്‍ ബ്രസീല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്നതില്‍ അടുത്ത മത്സരം നിര്‍ണായകമാകും.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close