ഒടുവില്‍ – ദുര്‍ഗാ മനോജ്‌

oduvil

ളരെ നീണ്ട യാത്രയുടെ അവസാനസമയത്തായിരുന്നു അവര്‍ . കൃഷ്ണന്‍ തളര്‍ന്നു തുടങ്ങി, ബലരാമനും. ഇനി സമതലങ്ങളുടെ ആനുകൂല്യം അവസാനിച്ച് കാടിന്റെ കയറ്റിറക്കങ്ങളാണ്  മുന്നില്‍. ഇടതൂര്‍ന്ന ഇല തിങ്ങിയ കാടിന്റെ ഗൗരവം പതിയെ അവരിരുവരുടെയും മുഖങ്ങളില്‍ പരന്നു .

പകല്‍ സമയം ആകാശം ചെറുകാര്‍മേഘങ്ങളാല്‍ മൂടപ്പെട്ടിരുന്നു. പെയ്തൊഴിയാന്‍ യാതൊരു തിടുക്കവും പ്രകടിപ്പിക്കാത്ത കാര്‍മേഘങ്ങള്‍ ! പക്ഷെ, അല്പസമയത്തിനകം ആ കാട്ടുപാതയിലേക്ക് നേര്‍ത്ത ഒച്ചയുടെ അകമ്പടിയോടെ മഴ പതുക്കെ പെയ്തു തുടങ്ങി .

“ഇത്ര ലോലമായ്‌ പെയ്യുന്നതിനെ മഴയെന്നു വിളിക്കാമോ, ഏട്ടാ?”  കൃഷ്ണന്‍ ബലരാമനോടു ചോദിച്ചു.

” എന്തൊരു ഭംഗിയാണീ വനത്തിന് ?  ഈ കുളിര്‍മയില്‍, നടന്നു വന്ന തളര്‍ച്ച പൂര്‍ണ്ണമായും മാറി, അല്ലേ കണ്ണാ.”

ബലരാമന്റെ മറുചോദ്യം കേട്ട കൃഷ്ണന്‍ പറഞ്ഞു :

“ഞാന്‍ ചോദിച്ചതെന്തോ? ഏട്ടന്‍ പറഞ്ഞതെന്തോ?  ഇതു മഴ തന്നെയോ? ഒരു തുള്ളി പോലും വേര്‍തിരിച്ചറിയാനാകുന്നില്ല. എന്നാല്‍ പെയുന്നുമുണ്ട്. സുചിരകളായ ഗോപസ്ത്രീകളുടെ മുഖാവരണം പോലെ നേര്‍ത്ത മഴ!  ഈ മഴ കാണാന്‍ മധുര വിട്ടു വരികതന്നെ വേണം അല്ലേ?”

“എന്റെ ഉണ്ണീ. കടന്നുവന്നവയെ മറന്നേക്കൂ. നമുക്ക് കണ്ടെത്തേണ്ടത്‌ നമ്മളെത്തന്നെയല്ലേ? എനിക്കു ഞാനാകണ്ടേ? നിനക്കു നീയും?”

“അതേ, ഏട്ടാ.”

“എങ്കില്‍ വരൂ.”

ബലരാമന്‍ കൃഷ്ണന്റെ കൈ പിടിച്ചെഴുന്നേല്‍പ്പിച്ച്  നിശ്ശബ്ദമായ കാടിന്റെ ഓരം പറ്റി നടന്നു തുടങ്ങി. അപ്പോള്‍, ആ നിശ്ശബ്ദതയെ ഭഞ്ജിച്ചതു പക്ഷികളുടെയോ പ്രാണികളുടെയോ ശബ്ദമായിരുന്നില്ല, മറിച്ച് ആ യാത്രികരുടെ കാല്‍ത്തളക്കിലുക്കം മാത്രമായിരുന്നു. കൃഷ്ണന്റെ ഉള്ളില്‍ പ്രകൃതിയുടെ താളം  ഭഞ്ജിക്കുന്ന കാല്‍ത്തളകളോട് നീരസം തോന്നി. അനിയന്‍ പറയാതെ ഏട്ടനതു മനസ്സിലായി .

“എന്താ ഉണ്ണി ? കാല്‍ത്തളകള്‍ ഉപേക്ഷിക്കാം, അല്ലേ?”

“അതേ, ഏട്ടാ.”

അനുവാദം കിട്ടിയപ്പോള്‍ ഏട്ടന്‍ ബലരാമന്‍, കൃഷ്ണന്റെ കാലിലെ ചിലമ്പ്  അഴിച്ചുമാറ്റി. പിന്നീട് അയാളുടെയും. ഇനി ഒരു തരി ഒച്ചപോലും മുഴക്കി പ്രകൃതിയെ അലോസരപ്പെടുത്തല്ലേ എന്നു പ്രാര്‍ത്ഥിച്ച്  ആ കാല്‍ച്ചിലമ്പുകളെ ഒരു മരപ്പൊത്തില്‍ ഉപേക്ഷിച്ച് അവര്‍ നടന്നു തുടങ്ങി. മഴയെന്നു വിളിക്കാനാകാത്ത നനുത്ത നൂല്‍ മഴ അവരുടെ മേനി നനച്ചു തുടങ്ങി. മാറിലെ രത്നഹാരത്തില്‍ തുടുത്തു നിന്ന മഴത്തുള്ളിയുടെ ശോഭ കണ്ടു സൂര്യന്‍ മഴക്കാറിലേക്കു മുഖം പൂഴ്ത്തി ഒളിച്ചു .

പതിയെ എങ്ങുനിന്നെന്നറിയാതെ ഒരു ചന്ദനഗന്ധം അവിടെ പരന്നു. ചന്ദനം പൂത്ത മണം ആ കാടിന്റെ ഹൃദയത്തില്‍ നിന്നും സ്വയമറിയാതെ നിര്‍ഗമിച്ച്  അവരിലേക്കണഞ്ഞതായിരുന്നു . ആ ഗന്ധം ആവാഹിച്ചു വൃക്ഷലതാദികള്‍ നിര്‍വൃതിയിലാണ്ടു .

ഓരോ രോമകൂപത്തിലും സുഗന്ധം നിറഞ്ഞപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു:

“ഏട്ടാ, ചന്ദനഗന്ധം! നോക്കൂ,  ഇതു സ്വര്‍ഗ്ഗഭൂമിയോ അതോ…?”

രാമന്‍ പറഞ്ഞു:

“കൃഷ്ണാ, ആസ്വദിക്കൂ. ഇവ നമുക്കു വേണ്ടിയാണ്. പ്രകൃതിയുടെ വാസനച്ചെപ്പു തുറന്നിരിക്കുന്നു. ഇവയൊക്കെ നേര്‍ക്കാഴ്ചകളാണ്, നേരറിവുകളും. പണ്ട് യശോദാമ്മ ചന്ദനമരയ്ക്കുമ്പോള്‍ എന്താണുണ്ണീ നീ കളി പറയാറ്? അമ്മയുടെ വാത്സല്യത്തിന്‍റെ  ഗന്ധമാണ് ചന്ദനത്തിന്  എന്നല്ലേ?  അന്ന് അമ്മയുടെ, ഇന്നു പ്രകൃതിയുടെ, കാടിന്റെ വാത്സല്യം. രണ്ടും ഒന്നല്ലേ ഉണ്ണീ?”

ചന്ദനമലിഞ്ഞ മഴയില്‍ കുളിച്ച് അവര്‍ വീണ്ടും മുന്നോട്ടേക്ക് .

പതിയെ കൃഷ്ണന്‍ നടത്തം മതിയാക്കി. ബലരാമന്‍ തിരിഞ്ഞു നോക്കി.

“എന്തേ കൃഷ്ണാ ?”

“അല്ല, ഏട്ടാ. അവനവനെ തേടിയുള്ള ഈ യാത്രയില്‍ ഭാരമേറിയ ഈ ആഭരണങ്ങള്‍ ആവശ്യമുണ്ടോ ?”

“ഇല്ല. തീര്‍ച്ച, കണ്ണാ. കണ്ണന്റെ ആജ്ഞയ്ക്കായി കാത്തതാണ്  ഞാന്‍.”

“അപ്പോള്‍ അവയും…?”

“ഉം…”

ഇപ്പോള്‍ ചമയങ്ങളുടെ ഭാരമില്ല. തലയില്‍ ചൂടിയ മയില്‍‌പ്പീലി നനഞ്ഞു മുടിച്ചുരുളിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഭാരങ്ങള്‍ ഓരോന്നായി ഒഴിവാകുമ്പോള്‍ ലക്ഷ്യം അടുത്തെവിടെയോ എന്ന തോന്നല്‍ അവരില്‍ ശക്തമായി.

പെട്ടന്ന്,  ഇലകള്‍ ഞെരിഞ്ഞമരുന്ന ഒച്ച. ഒരു കൂട്ടം പശുക്കള്‍ അവരെ കടന്നു മുന്നോട്ടേക്ക്…

” ഏട്ടാ, പശുക്കള്‍ ! കാട്ടിലോ ?”

” അതേ  ഉണ്ണീ. കാട്ടുപശുക്കള്‍. സ്വന്തം കിടാങ്ങള്‍ക്കു വേണ്ടി മാത്രം പാല്‍  ചുരത്തുന്നവ. അവര്‍ക്ക് കാടിനെ അറിയാം കാടിന്  അവരെയും.”

പതിയെ മഴച്ചാറലിനു ശക്തി വര്‍ദ്ധിച്ചു. മഴ തുള്ളി തുള്ളികളായി പെയ്തുതുടങ്ങി. അടുത്തു കണ്ട പേരറിയാമരച്ചുവട്ടില്‍ രണ്ടാളും അഭയം തേടി. ആകാശത്തേക്ക് ഒരു കുട നീട്ടിപ്പിടിച്ചു വൃക്ഷം അവരെ ആശ്വസിപ്പിച്ചു.

വീണ്ടും ഇലകളുടെ ഞെരിഞ്ഞമരലുകള്‍… അതാ മുകളിലേക്കു കയറിപ്പോയ പശുക്കള്‍ മുന്‍പില്‍. പശുക്കള്‍ ആ മരത്തിനുചുറ്റും അവര്‍ക്കു രണ്ടാള്‍ക്കുമൊപ്പം മഴ തോരുന്നതും കാത്തു നിന്നു.

പതിയെ ബലരാമന്‍ ചോദിച്ചു: “ഓര്‍മ്മയുണ്ടോ നിന്റെവെണ്ണക്കൊതി?”

ഒന്നു കണ്ണിറുക്കിച്ചിരിച്ച് കണ്ണന്‍ മാനത്തേക്ക് നോക്കി. പെയ്യുന്ന തുള്ളികള്‍ക്കിടയിലൂടെ തെളിയുന്ന മാനം.

ഉം… മഴ പിന്‍വാങ്ങുകയാണ്‌. പശുവിന്‍പറ്റം  കാടിനുള്ളിലേക്ക്‌  വീണ്ടും. ഒരെണ്ണമൊഴികെ… ഒരു കിടാവു  മാത്രം… അത് അവരോടൊപ്പം അവിടെ കാത്തു നിന്നു. അവര്‍ യാത്ര തുടര്‍ന്നപ്പോള്‍ അവര്‍ക്കു പിറകെ കൂടി… പിന്നെയും കയറ്റിറക്കങ്ങള്‍ താണ്ടി മുന്നേറുമ്പോള്‍ ഒരു നനുത്ത വേണുഗാനം അവിടെ അലയടിച്ചുതുടങ്ങി.

ആരുടേത്?

അറിയില്ല.

വേണുനാദത്തിന്റെ അകമ്പടിയില്‍ യാത്രയുടെ കാഠിന്യം അലിഞ്ഞകന്നു.ഇപ്പോള്‍ ഒരു വശത്ത് വന്മരങ്ങളും മറുവശത്ത് പുല്‍പ്പരപ്പുമാണ് .ആ പുല്‍പ്പരപ്പില്‍ ഒരു ഒറ്റപ്പെട്ട വൃക്ഷം.

ഇന്ദ്രന്റെ പരിജാതമാണോ? അതോ കടമ്പോ? ഒരു നിമിഷം ബലരാമന്‍ ശങ്കിച്ചു. പിന്നെ സ്വയം തിരുത്തി.

ഹേയ് ഇതു ഭൂമിയല്ലേ?

അപ്പോഴേക്കും കണ്ണനുമത് കണ്ടു. കണ്ണന്‍ പറഞ്ഞു:

“വൃക്ഷം മാത്രമല്ല. നോക്കൂ… ഏട്ടാ അവിടൊരാള്‍… അയാളാണ് വേണുവൂതുന്നത്.”

ശരിയാണ്. വരൂ ഉണ്ണീ. നമുക്ക് അവിടേക്ക് ചെല്ലാം.”

ഇപ്പോള്‍ വ്യക്തമാണ്…

കാര്‍വര്‍ണം! ആഭരണങ്ങളുടെ ഭാരമില്ല. മഞ്ഞ പൂംചേല ഉടുത്തിരിക്കുന്നു. തിളങ്ങുന്ന കണ്ണുകളില്‍ അഞ്ജനത്തിന്റെ കറുപ്പ്. തലയില്‍ ചൂടിയ മയില്‍പ്പീലിക്ക്  ആയിരം മയിലഴക്! ചുണ്ടോടു ചേര്‍ത്ത മുളംതണ്ടില്‍ നിന്നും ഉതിരുന്ന രാഗം അതീവവശ്യം. അതു കേട്ട്, കാട്ടിലേക്ക് അപ്രത്യക്ഷരായ പശുക്കള്‍ വീണ്ടും അവര്‍ക്കു ചുറ്റും ഒത്തുകൂടി. ആ വശ്യതയുടെ പാരമ്യതയില്‍ സ്വയമലിഞ്ഞ കണ്ണന്‍ ആ ഇടയനിലേക്ക് സ്വന്തം ശരീരം വിലയിപ്പിച്ചു. അന്നേരം ഉയര്‍ന്ന രാഗം ശ്രവിച്ച രാമന്‍, ബലരാമന്‍ ഇനി ‘ഞാനായിട്ടെന്തിനാ’ എന്നു പറഞ്ഞ് സ്വയം നാഗമായ് മാറി പതിയെ ഇഴഞ്ഞ് കാട്ടിലേക്ക് അപ്രത്യക്ഷനായി.

പ്രപഞ്ചവിസ്മയത്തിന് സാക്ഷിയായ പശുക്കള്‍ അറിയാതെ ചുരത്തി…

 durga_atl@yahoo.com

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close