ഒമ്പതാം ദിനം

9

ദുര്‍ഗാ മനോജ്

രതന്‍ സേനയോട് നില്‍ക്കുവാന്‍ ആവശ്യപ്പെട്ടു. ”ഇനി കാട്ടിലേക്ക് കടന്ന് ജ്യേഷ്ഠനെ കാണ്ടെത്തുന്നതിന് സേന ഒപ്പം വേണ്ട. കാല്‍നടയായി തന്നെ സഞ്ചരിച്ച് അവരെ കണ്ടെത്തണം” ഭരതന്‍ ശത്രുഘ്‌നനോട് പറഞ്ഞു. പിന്നെ ഒരു സാലമരത്തില്‍ കയറി ചുറ്റും നോക്കി. ദൂരെ ഒരിടത്തുനിന്നും പുക ഉയരുന്നത് ഭരതന്‍ ശ്രദ്ധിച്ചു . അത് ജ്യേഷ്ഠനും സീതയും ലക്ഷ്മണനും പാര്‍ക്കുന്നിടം മാത്രം എന്ന് ഊഹിച്ച് ആ ദിക്കു നോക്കി നടന്നു. ഒടുവില്‍ ഭരതന്‍ കണ്ടു, രാമന്റെ പര്‍ണശാല. വെട്ടിക്കീറിയ വിറകും പറിച്ചെടുത്ത പൂക്കളും കണ്ടു ഭരതന്‍. തണുപ്പകറ്റാന്‍ മൃഗങ്ങളുടേയും പോത്തുകളുടേയും ചാണകം ഉണക്കി കൂട്ടിയിട്ടിരിക്കുന്നതും കണ്ടു. അതുകണ്ട് സന്തോഷത്തോടെ ഭരതന്‍, താന്‍ ലക്ഷ്യത്തിന് വളരെ അടുത്ത് എത്തിയിരിക്കുന്നു എന്ന് ശത്രുഘ്‌നനോട് പറഞ്ഞ് വേഗം നടന്നു തുടങ്ങി. പിന്നെ കണ്ടു സാലമരങ്ങളുടേയും പാലമരങ്ങളുടേയും ഇലകൊണ്ടു മേഞ്ഞ, വിശാലമായ മൃദു ദര്‍ഭവിരിച്ച യജ്ഞവേദിയും വെള്ളിയുറകളില്‍ തൂക്കിയ രണ്ട് വാളുകളും പൊന്‍പുള്ളിചാര്‍ത്തിയ രണ്ട് പരിചകളും പൊന്നണിഞ്ഞ പലതരം കൈയ്യുറകള്‍ തൂക്കിയിട്ടതുമായ രാമനിലയം! വീണ്ടും നോക്കിയപ്പോള്‍ കണ്ടു ജടാവല്‍ക്കലധാരിയായ രാമനെ!
രാമനെ കണ്ട് ഭരതന്‍ ഓടിച്ചെന്ന് ആ കാലടികള്‍ പുല്‍കി കരഞ്ഞു തുടങ്ങി. പിന്നെ മറ്റൊന്നും പറയാനാകാതെ ജ്യേഷ്ഠാ… ജ്യേഷ്ഠാ, എന്നു മാത്രം വിലപിച്ചു. മെലിഞ്ഞ് മുഖം വിളറിയ ഭരതനെ രാമന്‍ കൈകൊണ്ട് താങ്ങി നെറുകയില്‍ ചുംബിച്ച് കെട്ടിപ്പുണര്‍ന്നു. പിന്നെ, അയോധ്യയിലെ വിശേഷങ്ങള്‍ ചോദിച്ചു തുടങ്ങി. നാടുവെടിഞ്ഞ് ജടാവല്ക്കലവും ധരിച്ച് എന്തിനാണ് ഭരതാ നീ കാട്ടിലെത്തിയത് എന്നും രാമന്‍ ചോദിച്ചു. അതിനുള്ള മറുപടിയായി അച്ഛന്‍ ദശരഥരാജാവ് പുത്രദുഃഖത്താല്‍ പരലോകം പ്രാപിച്ച കാര്യം ഭരതന്‍ പറഞ്ഞു. അതുകേട്ട് കഠിനമായ ദുഃഖത്താല്‍ രാമന്‍ തളര്‍ന്നു വീണു. തന്നെക്കുറിച്ചോര്‍ത്താണല്ലോ അച്ഛന്‍ ദേഹം വെടിഞ്ഞത് എന്നോര്‍ത്ത് രാമനു സങ്കടം താങ്ങാനായില്ല. സങ്കടം സഹിക്കാതെ വാവിട്ടു കരഞ്ഞ രാമനെ സമാധാനിപ്പിച്ച് എത്രയും വേഗം അച്ഛന് ഉദകക്രിയ ചെയ്യുവാന്‍ ഭരതന്‍ ആവശ്യപ്പെട്ടു. ഭരതനോടൊപ്പം അവിടെയെത്തിയ സുമന്ത്രര്‍ രാമനെ എഴുന്നേല്‍പ്പിച്ച് ഉദകക്രിയയ്ക്കുള്ള സാധനങ്ങളും എടുത്ത് മന്ദാകിനി നദിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നെ, രാമലക്ഷ്മണന്മാരും സീതയും ദശരഥരാജാവിന് വേണ്ടവിധം ഉദകക്രിയ ചെയ്തു. അവര്‍ മടങ്ങി എത്തിയപ്പോഴേക്കും ശത്രുഘ്‌നനും വസിഷ്ഠഗുരുവും അമ്മമാരും അവിടെത്തി. രാമന്‍ അമ്മമാരുടെ കാല്‍ക്കല്‍ കുമ്പിട്ട് വണങ്ങി. അന്ന് രാത്രി ഭരതന്‍ രാമനോടു പറഞ്ഞു: ”ജ്യേഷ്ഠാ, എന്റെ ആഗ്രഹം അറിയാതെ അമ്മ എനിക്കുവേണ്ടി കുലം മുടിക്കുന്ന വരങ്ങള്‍ അച്ഛനോട് ചോദിച്ചു വാങ്ങി. അതിലെനിക്ക് അശേഷം പങ്കില്ല. അതുകൊണ്ടുതന്നെ അങ്ങ് തിരികെ അയോധ്യയിലേക്ക് മടങ്ങണം. അങ്ങനെ അമ്മയുടെ ചീത്തപ്പേരു മായ്ച്ച് അച്ഛനെ പാപത്തില്‍നിന്നും കരകയറ്റിയാലും.”
അതിന് മറുപടിയായി രാമന്‍ ഭരതനോട് ഇപ്രകാരം പറഞ്ഞു: ”ഭരതാ, കുമാരാ… പിതൃവാക്യം സത്യമായി ഭവിക്കേണ്ടത് തന്നെയാണ്. അത് തെറ്റിച്ച് അച്ഛനെ പാപിയാക്കുവാന്‍ എനിക്ക് സാധിക്കില്ല. രാജ്യം നീ തന്നെ ഭരിക്കുക. ഈ നിശ്ചയത്തില്‍ യാതൊരു മാറ്റവും ഇല്ല.”
ഇതെല്ലാം കേട്ട ജബാലി എന്ന ബ്രാഹ്മണനും പലവിധത്തിലുള്ള വാദങ്ങള്‍ ഉന്നയിച്ച് പ്രലോഭിപ്പിച്ച് രാമന്റെ തീരുമാനം മാറ്റുവാന്‍ ശ്രമിച്ചു. പക്ഷേ, ജബാലിയുടെ വാദങ്ങള്‍ ഖണ്ഡിച്ച് രാമന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. വസിഷ്ഠമഹര്‍ഷിക്കും രാമന്റെ തീരുമാനത്തില്‍നിന്നും അദ്ദേഹത്തെ പിന്നോട്ടു മാറ്റാന്‍ സാധിച്ചില്ല. ഒടുവില്‍ ഭരതന്‍ ഒരു ഉപാധിവച്ചു.
”രാജ്യകാര്യങ്ങള്‍ അങ്ങയുടെ പാദുകങ്ങളില്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ രാജ്യം നോക്കി നടത്താം. പതിനാലുവര്‍ഷത്തിനു ശേഷം അങ്ങ് മടങ്ങിവരും വരെ ഞാനും ജടാവല്‍ക്കലധാരിയായി കഴിയും. പതിനാലാണ്ടു കഴിഞ്ഞ് പിറ്റേന്ന് അങ്ങയെ കാണാത്തപക്ഷം ഞാന്‍ അഗ്നിപ്രവേശം ചെയ്യും.”
”അങ്ങനെയാകട്ടെ”യെന്ന് രാമനും സമ്മതിച്ചു.
പിന്നെ ഏവരും രാമപാദുകങ്ങള്‍ ഏറ്റുവാങ്ങി തിരികെ അയോധ്യയിലേക്ക് മടങ്ങി. തിരികെയെത്തിയ ഭരതന്‍ ഗുരുക്കന്മാരോട് പറഞ്ഞു: ”ഞാന്‍ നന്ദിഗ്രാമത്തിലേക്ക് പോകുന്നു.” നന്ദിഗ്രാമത്തില്‍ മുനിമാരോടും മന്ത്രിമാരോടുമൊത്ത് അയോധ്യാരാജ്യപരിപാലനം നടത്താന്‍ ഭരതന്‍ നിശ്ചയിച്ചു. പിന്നെ രാമപാദുകങ്ങള്‍ പൂജിച്ച് രാജ്യകാര്യങ്ങള്‍ ഭരതന്‍ നടത്തിത്തുടങ്ങി.

paduka pattabhishekam
പാദുക പട്ടാഭിഷേകം

ഏവരും മടങ്ങിക്കഴിഞ്ഞപ്പോള്‍ അസ്വസ്ഥതയുളവാക്കുന്ന ചില വാര്‍ത്തകള്‍ രാമന്‍ അറിഞ്ഞു. താപസന്‍മാരെ പലവിധത്തിലും ഉപദ്രവിക്കുന്ന രാവണകിങ്കരന്മാരായ രാക്ഷസന്മാരെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു അവ. ആ പ്രദേശത്തെ മറ്റ് ആശ്രമവാസികളൊക്കെ അവിടം ഉപേക്ഷിച്ച് പൊയ്ക്കഴിഞ്ഞിരുന്നു. ആദ്യം അവിടം വിട്ട് പോകുവാന്‍ രാമന് തോന്നിയില്ലെങ്കിലും പിന്നീട് അവിടെവച്ചാണല്ലോ ഏവരേയും വീണ്ടും കാണുകയും ദുഃഖവാര്‍ത്തകള്‍ കേള്‍ക്കാനിടയാകുകയും ചെയ്തത്. അതിനാല്‍ അവിടം വിട്ട് മറ്റെവിടേയ്‌ക്കെങ്കിലും മാറി താമസിക്കകുതന്നെ എന്ന് രാമന്‍ നിശ്ചയിച്ചു.
അങ്ങനെ സീതാരാമലക്ഷ്മണന്മാര്‍ അത്രമഹര്‍ഷിയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. ആ രാത്രിയില്‍ അത്രമഹര്‍ഷിയുടെ ഭാര്യ അനസൂയാദേവി സീതക്ക് അതിവിശിഷ്ടമായ ആഭരണങ്ങള്‍ നല്‍കിയശേഷം പതിവ്രതാധര്‍മത്തെക്കുറിച്ച് ഉപദേശം നല്കി.
പിന്നെ, സീതാസ്വയംവര കഥകള്‍ കേട്ട് സന്തുഷ്ടയായി.
പിറ്റേന്ന് പ്രഭാതത്തില്‍ മൂവരും അത്രമഹര്‍ഷിയോടും പത്‌നി അനസൂയയോടും വിടചെല്ലി വീണ്ടും കാട്ടിലൂടെ യാത്ര തുടങ്ങി.

 

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close