ഒരാഴ്ചയ്ക്കുള്ളില്‍ മറുപടിയില്ലെങ്കില്‍ കടുത്ത നടപടി: ഹരിത ട്രൈബ്യൂണല്‍

പശ്ചിമഘട്ട സംരക്ഷണത്തിനു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ – എതാണു നടപ്പാക്കുന്നതെന്ന് ഒരാഴ്ചയ്ക്കകം വ്യക്തമാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോടു നിര്‍ദേശിച്ചു. നിലപാടു വ്യക്തമാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കടുത്ത ഉത്തരവുണ്ടാകുമെന്നു ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നല്‍കി.

ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടു ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി ഇനി 22നു പരിഗണിക്കാന്‍ ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതുമാണെന്നു കേരളത്തിനുവേണ്ടി ഹാജരായ കൃഷ്ണന്‍ വേണുഗോപാലും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജോജി സ്‌കറിയയും വാദിച്ചു.

ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ പഠിച്ചശേഷമാണു കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകള്‍ നല്‍കിയതും അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം കരടു വിജ്ഞാപനമിറക്കിയതുമെന്നു മന്ത്രാലയത്തിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ അമിത് ലൗ വ്യക്തമാക്കി. എന്നാല്‍, തുടര്‍ന്നുള്ള കാര്യങ്ങളെക്കുറിച്ചു വിശദീകരിക്കാന്‍ അദ്ദേഹമോ മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് മല്‍ഹോത്രയോ തയാറായില്ല.

യന്ത്രങ്ങളുടെ ഉപയോഗം പാടില്ലെന്നതുള്‍പ്പെടെ, നദികളിലെ മണല്‍ വാരുന്നതിനു സംസ്ഥാനങ്ങള്‍ അനുമതി നല്‍കുമ്പോള്‍ ബാധകമാകുന്ന വ്യവസ്ഥകള്‍ വ്യക്തമാക്കി പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ഡിസംബര്‍ 24ന് ഓഫിസ് മെമ്മോറാണ്ടം (ഒഎം) പുറത്തിറക്കി. ഇഷ്ടിക നിര്‍മാണത്തിനുള്ളതും അല്ലാത്തുമായ മണ്ണെടുപ്പ് അഞ്ചു ഹെക്ടറില്‍ കൂടുതലും 25 ഹെക്ടറില്‍ താഴെയും വിസ്തീര്‍ണത്തിലാണെങ്കില്‍ സംസ്ഥാനത്തിന്റെ അനുമതി മതിയാകുമെന്ന് ഒഎമ്മില്‍ പറഞ്ഞു.

ഈ ഒഎം കഴിഞ്ഞ മാര്‍ച്ച് 28ന് എന്‍ജിടി സ്‌റ്റേ ചെയ്തു. കഴിഞ്ഞ മാസം ഏഴിനു പശ്ചിമഘട്ട കേസ് വന്നപ്പോള്‍, ഒഎം സ്‌റ്റേ ചെയ്യപ്പെട്ടെന്ന വസ്തുത മനസ്സിലാക്കാതെ കേന്ദ്രം സത്യവാങ്മൂലം നല്‍കി. ശരിയായ സത്യവാങ്മൂലം നല്‍കാനുള്ള നിര്‍ദേശാനുസരണം കേന്ദ്രം ഇന്നലെ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. മാര്‍ച്ചിലെ എന്‍ജിടി നടപടി വരെയുള്ള കാര്യങ്ങളാണു സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുള്ളത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close