ഒളിക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ മോദി സര്‍ക്കാര്‍ മുന്‍കരുതലിന്‌

modi vote

നരേന്ദ്രമോദി സര്‍ക്കാറിനെ ഒളിക്യാമറയില്‍ കുടുക്കാതിരിക്കാന്‍ ഫലപ്രദമായ മുന്‍കരുതല്‍നടപടി കൈക്കൊള്ളണമെന്ന് ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും നിര്‍ദേശം. മന്ത്രിമാരുടെയും എം.പിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിനെ അവരുടെ പശ്ചാത്തലം മനസ്സിലാക്കിയശേഷമേ നിയമിക്കാവൂ എന്നാണ് ഉത്തരവ്. തിങ്കളാഴ്ച സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ വിവിധ മന്ത്രിമാരുടെ ഓഫീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ തത്കാലത്തേക്ക് തുടരുമെങ്കിലും ഉടന്‍ പുതിയ പേഴ്‌സണല്‍ സ്റ്റാഫിനെ നിശ്ചയിക്കും. 

പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ഡ്യൂട്ടി (ഒ.എസ്.ഡി) സ്ഥാനത്തേക്ക് നിയമിക്കാന്‍ ഡയറക്ടര്‍ പദവിയിലുള്ള 50 പേരുടെ പട്ടിക സമര്‍പ്പിക്കാന്‍ പേഴ്‌സണല്‍കാര്യ വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഒ.എസ്.ഡിമാരുടെ നിയമനം താത്കാലികമായിരിക്കും.

മോദിസര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ പലതലത്തിലും ശ്രമം നടക്കുമെന്നതിനാലാണ് കരുതല്‍നടപടി സ്വീകരിക്കുന്നത്. പേഴ്‌സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസിന്റെ ‘ചാരന്‍മാര്‍’ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് ആര്‍.എസ്.എസ്, ബി.ജെ.പി. നേതൃത്വം കരുതുന്നു. ഇത് തടയാനാണ് പുതുതായി നിയമിക്കുന്നവരുടെ പശ്ചാത്തലം സൂക്ഷ്മമായി അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചത്.
എന്‍.ഡി.എ ഭരണകാലത്ത് ചോദ്യത്തിന് കോഴ വാങ്ങിയ ഒളിക്യാമറാസംഭവം നേരത്തേ എം.പി.മാരുടേയും പാര്‍ലമെന്റിന്റേയും ശോഭ കെടുത്തിയ വിവാദമാണ്. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബി.ജെ.പി. അധ്യക്ഷന്‍ ബംഗാരുലക്ഷ്മണ്‍ കോഴവാങ്ങിയത് ‘തെഹല്‍ക്ക’ പുറത്തുവിട്ടതും ബി.ജെ.പി.ക്ക് മുന്നില്‍ അനുഭവമായുണ്ട്.

പരിചയമില്ലാത്തവരെയും ഇടനിലക്കാരെയും അടുപ്പിക്കരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അജ്ഞാതര്‍ ഇടനിലക്കാരായി മാറി മുതലെടുപ്പ് നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close